ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘അങ്കമാലി ഡയറീസ്’ മറാത്തിയിലേക്ക് റീമേക്ക് ചെയ്യപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍. ‘കൊല്‍ഹാപൂര്‍ ഡയറീസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുക ജോ രാജന്‍ ആയിരിക്കും. ചിത്രത്തെ മറാത്തിയില്‍ പ്രസന്റ് ചെയ്യുന്നത് അവധൂത് ഗുപ്തെ. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറാത്തിയിലെ യുവനടന്‍ ഭൂഷന്‍ പട്ടേല്‍.

86 പുതുമുഖ നടീ നടമാരെ അണിനിരത്തി അങ്കമാലി എന്ന ചെറു നഗരത്തിന്റെയും അതിലെ ഒരു കൂട്ടം ചെറുപ്പക്കാരുടെയും കഥ പറഞ്ഞ ‘അങ്കമാലി ഡയറീസ്’ 2017ലെ മലയാളത്തിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു. ആന്റണി വര്‍ഗീസ്, അന്ന രാജന്‍, ടിറ്റോ വിത്സണ്‍, കിച്ചു, ചെമ്പന്‍ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
2013ല്‍ ‘ലവ് യു സോണിയോ’ എന്ന ചിത്രം സംവിധാനം ചെയ്തിട്ടുള്ള ജോ രാജന്‍ ‘അങ്കമാലി ഡയറീ’സ് മറാത്തിയില്‍ എത്തിക്കുന്നതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു.
“ധാരാളം ബോളിവുഡ് സംവിധായകര്‍ ചിത്രത്തിന്റെ പകര്‍പ്പാവകാശം നേടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഒരു മറാത്തി പോലെ ഒരു റീജിയണല്‍ സിനിമയ്ക്കായിരിക്കും അങ്കമാലി ഡയറീസിനോട് നീതി പുലര്‍ത്തിക്കൊണ്ടുള്ള ഒരു റീമേക്ക് ചെയ്യാന്‍ സാധിക്കുക’, ജോ രാജന്‍ അഭിപ്രായപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി എന്നാണ് വിവരം.
‘അങ്കമാലി ഡയറീസി’നെക്കാള്‍ വലിയ സ്കേലിലാകണം ‘കൊല്‍ഹാപൂര്‍ ഡയറീസ്’ എന്നാണ് അതിന്റെ അണിയറക്കാര്‍ ആഗ്രഹിക്കുന്നത് എന്നും ജോ രാജന്‍ പറയുന്നു.
“നിരൂപക പ്രശംസ നേടിയ അങ്കമാലി ഡയറീസിനെപ്പോലെ ഒരു ചിത്രം റീമേക്ക് ചെയ്യപ്പെടുമ്പോള്‍ താരതമ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ഈ ചിത്രം പ്രേക്ഷകര്‍ എങ്ങനെ സ്വീകരിക്കും എന്നത് റിലീസിന് ശേഷം മാത്രമേ അറിയാന്‍ കഴിയൂ”.