മലയാള സിനിമയിൽ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ ഹിറ്റാണ് ‘ഭീഷ്മപർവ്വം’. മമ്മൂട്ടി – അമൽ നീരദ് കോംബോയിൽ ഇറങ്ങിയ ചിത്രം ഗംഭീര പ്രേക്ഷക പ്രശംസ നേടിയപ്പോൾ അതിനൊപ്പം ശ്രദ്ധിക്കപ്പെട്ട പേരായിരുന്നു ദേവദത്ത് ഷാജി. അമൽ നീരദിനൊപ്പം ചേർന്ന് ഭീഷ്മയുടെ തിരക്കഥ എഴുതിയത് ദേവദത്ത് ആയിരുന്നു.
കഴിഞ്ഞ ദിവസം ദേവദത്ത് സോഷ്യൽ മീഡിയയിൽ നടത്തിയ രസകരമായ വെളിപ്പെടുത്തലാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. ശ്രീനാഥ് ഭാസിയുടെ അമി എന്ന കഥാപാത്രത്തിന്റെ ഡ്യൂപ്പായിരുന്നു ദേവദത്ത്. ചിത്രത്തിൽ അമി കൊല്ലപ്പെടുന്നുണ്ട്. ഖബറടക്കത്തിനായി കൊണ്ടുപോകുന്ന മയ്യത്ത് കട്ടിലിൽ ശ്രീനാഥിന് പകരം താനായിരുന്നു എന്നാണ് ദേവദത്ത് വെളിപ്പെടുത്തിയത്. ‘ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ “തോളോടൊപ്പം” അഭിനയിക്കാൻ സാധിച്ചു’, എന്നാണ് ദേവദത്ത് തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചത്. അതിന്റെ ചിത്രങ്ങളും ദേവദത്ത് പങ്കുവച്ചു.
തിരക്കഥാകൃത്തായുള്ള ദേവദത്തിന്റെ ആദ്യ ചിത്രമായിരുന്നു ഭീഷ്മപർവ്വം. ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായും പ്രവർത്തിച്ചിരുന്നു. ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധനേടിയ ദേവദത്ത് നേരത്തെ കുമ്പളങ്ങി നൈറ്റ്സിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം റെക്കോർഡ് കളക്ഷനാണ് വാരികൂട്ടിയത്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലും ചിത്രം സ്ട്രീമിങ് ആരംഭിച്ചിരുന്നു. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന് ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്.
Also Read: ഇസുവിന്റെ പിറന്നാൾ ആഘോഷമാക്കി ചാക്കോച്ചനും കുടുംബവും; ചിത്രങ്ങൾ