Bheeshma Parvam: രണ്ടു വർഷങ്ങൾക്കു ശേഷം, കേരളത്തിലെ തിയേറ്ററുകൾ നിറഞ്ഞ സദസ്സായി മാറുന്ന കാഴ്ചയാണ് വ്യാഴാഴ്ച കണ്ടത്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങളുടെ ഭാഗമായി അമ്പത് ശതമാനം ആളുകളെ തിയേറ്ററുകളിൽ പ്രവേശിപ്പിക്കാനെ ഇത്രനാളും അനുമതി ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇന്നലെ മുതൽ തിയേറ്ററിൽ നൂറ് ശതമാനം ആളുകളെ പ്രവേശിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. ആദ്യദിനത്തിലെ കണക്കുകൾ പ്രകാരം, കൊവിഡ് പശ്ചാത്തലത്തില്‍ നഷ്ടത്തിലായ സിനിമാ വ്യവസായത്തിന് ഭീഷ്മപർവ്വം ഉണര്‍വേകുകയാണ്.
മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബോക്സ് ഓഫീസിലും ഒരു ഓളം സൃഷ്ടിക്കാൻ ഭീഷ്മപർവ്വത്തിന് സാധിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന കണക്കുകൾ പറയുന്നത്. ഏരീസ് പ്ലെക്സ് എസ്എല്‍ സിനിമാസ് ഉൾപ്പെടെയുള്ളവർ ചിത്രത്തിന്റെ ഔദ്യോഗികമായ കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിട്ടുണ്ട്.
ഭീഷ്മപർവ്വത്തിന് 14 ഷോകളാണ് ഏരീസില്‍ ഇന്നലെ ഉണ്ടായിരുന്നത്. 9.56 ലക്ഷം രൂപയാണ് ചിത്രം നേടിയത്. ഇത് മികച്ച ഓപ്പണിംഗ് ആണെന്നും സമീപകാലങ്ങളിലെ പല ആദ്യ ദിന റെക്കോർഡുകളെയും ഈ കളക്ഷൻ മറികടന്നിട്ടുണ്ടെന്നാണ് ട്വീറ്റിൽ ഏരീസ് വ്യക്തമാക്കുന്നത്.
കേരളത്തിൽ ആകമാനം 1,179 ഷോകളാണ് ചിത്രത്തിന് ഉണ്ടായിരുന്നതെന്നും 3.67 കോടി രൂപയാണ് ആദ്യദിനം കളക്റ്റ് ചെയ്തതെന്നും ഫ്രൈഡേ മാറ്റിനിയും ട്വീറ്റ് ചെയ്യുന്നുണ്ട്.
15 വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽനീരദും ഒന്നിക്കുന്നു എന്ന വാർത്തയെ ആവേശത്തോടെ എതിരേറ്റ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് ഒപ്പം ഉയരാൻ ‘ഭീഷ്മപർവ്വ’ത്തിന് സാധിച്ചുവെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.
Read more: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ
മമ്മൂട്ടിയ്ക്ക് ഒപ്പം സൗബിൻ ഷാഹിർ, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫര്ഹാന് ഫാസില്‍, ദിലീഷ് പോത്തന്, അബു സലിം, ഷെബിന്‍ ബെന്‍സണ്‍, ലെന, സ്രിന്റ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രാഹകൻ. സുഷിൻ ശ്യാം സംഗീത സംവിധാനവും വിവേക് ഹര്ഷൻ എഡിറ്റിംഗും നിർവ്വഹിച്ചിരിക്കുന്നു.