മമ്മൂട്ടി-അമൽ നീരദ് ടീമിന്റെ ഭീഷ്മപർവ്വം വിജയകരമായി രണ്ടാം വാരം പിന്നിട്ടിരിക്കുകയാണ്. മികച്ച നിരൂപക പ്രശംസ നേടുന്ന ചിത്രം ബോക്സ് ഓഫീസിലും വിജയം നേടുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിലെ ഒരു ഡിലീറ്റഡ് സീൻ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. മമ്മൂട്ടിയും അബു സലീമും ഒന്നിച്ചുള്ള ഒരു രംഗമാണിത്.
മമ്മൂട്ടി അവതരിപ്പിക്കുന്ന മൈക്കിൾ എന്ന കഥാപാത്രത്തിന്റെ സന്തതസഹചാരിയും വലംകൈയ്യുമൊക്കെയാണ് ശിവൻകുട്ടി (അബു സലിം). മൈക്കിളിന്റെ ചലനങ്ങളിൽ നിന്നുപോലും അയാളുടെ മനസ്സറിഞ്ഞ് അതിനു അനുസരിച്ച് പ്രവർത്തിക്കുന്ന വിശ്വസ്തൻ. മൈക്കിളിനും ശിവൻകുട്ടിയ്ക്കുമിടയിലെ ഊഷ്മളമായ ബന്ധത്തിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന രംഗം.
ശിവൻകുട്ടിയുടെ കുടുംബത്തെ കുറിച്ച് മൈക്കിൾ സംസാരിക്കുന്നതാണ് വീഡിയോ. പ്രായം കൂടിവരികയല്ലേന്ന് ശിവൻകുട്ടി പറയുമ്പോൾ തനിക്കോ, താൻ ജിംനാസ്റ്റിക് അല്ലെയെന്നാണ് മൈക്കിൾ ശിവൻകുട്ടിയോട് ചോദിക്കുന്നത്.
മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇതിനകം 75കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു.