/indian-express-malayalam/media/media_files/uploads/2023/09/WhatsApp-Image-2023-09-15-at-10.14.07.jpeg)
ബിജെപി വിട്ട് ഇപ്പോൾ സിപിഎമ്മിലാണ് ഭീമൻ രഘു
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ മുഖ്യമന്ത്രി പ്രസംഗിച്ച മുഴുവന്‍ സമയവും എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിച്ച നടന്‍ ഭീമന്‍ രഘുവിന്റെ ദൃശ്യങ്ങൾ വൈറലാകുന്നു. മുഖ്യമന്ത്രിയോടുള്ള ബഹുമാന സൂചകമായാണ് ഇങ്ങനെ ചെയ്തതെതെന്ന് ഭീമന്‍ രഘു പിന്നീട് പ്രതികരിച്ചു. തിരുവനന്തപുരത്തെ നിശാ​ഗന്ധി ഓഡിറ്റോറിയത്തിലായിരുന്നു കഴിഞ്ഞദിവസം ഈ സംഭവം നടന്നത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു 2022-ലെ സംസ്ഥാന ചലച്ചിത്രപുരസ്കാര വിതരണം നിശാ​ഗന്ധിയിൽ നടന്നത്. കുഞ്ചാക്കോ ബോബനും വിൻസി അലോഷ്യസും ഉൾപ്പെടെ ഒട്ടുമിക്ക പുരസ്കാര ജേതാക്കളും ചടങ്ങിനെത്തിയിരുന്നു. ഉദ്ഘാടന പ്രസം​ഗം നടത്താനായി മുഖ്യമന്ത്രിയെത്തിയതോടെയാണ് ഭീമൻ രഘു എഴുന്നേറ്റ് നിന്നത്.
മുഖ്യമന്ത്രി സംസാരിച്ച 15 മിനിറ്റും നടൻ എഴുന്നേറ്റ് നിൽക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പ്രസം​ഗം കഴിഞ്ഞപ്പോൾ പുഞ്ചിരിയോടെ കയ്യടിയും നൽകിയാണ് രഘു കസേരയിലിരുന്നത്.
രണ്ടുമാസം മുമ്പാണ് ഭീമൻ രഘു ബി ജെ പി വിട്ട് സി പി എമ്മിൽ ചേർന്നത്. അന്ന് എ കെ ജി സെന്റർ സന്ദർശിച്ച ശേഷം പുറത്തിറങ്ങിയത് ചെങ്കൊടി പുതച്ച്, സഖാക്കളേ മുന്നോട്ട് എന്ന പ്രശസ്തമായ ​ഗാനവും ആലപിച്ചുകൊണ്ടായിരുന്നു. പറയാനുള്ളത് മുഖത്തുനോക്കി പറയുന്നയാളാണ് മുഖ്യമന്ത്രിയെന്നും ഭീമൻ രഘു പറഞ്ഞിരുന്നു.
"മുഖ്യമന്ത്രിയെ വളരെയധികം ബഹുമാനത്തോടെയാണ് കാണുന്നത്. അദ്ദേഹത്തിന്റെ മറ്റേത് പരിപാടികളിലാണെങ്കിലും ഞാൻ എഴുന്നേറ്റുനിന്നാണ് പ്രസംഗം കേൾക്കുക. കാരണം ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു. എന്റെ അച്ഛന്റെ രീതിയുമൊക്കെയായി നല്ല താരതമ്യമുണ്ടെന്ന് ചില സമയത്ത് തോന്നാറുണ്ട്," ഭീമൻ രഘു പ്രതികരിച്ചു.
അതേസമയം ബി ജെ പി യിൽ നിന്നും സി പി എമ്മി നൊപ്പം എത്തിയതു കൊണ്ടാണോ ബഹുമാനമെന്ന മാധ്യമ പ്രവർത്തകന്റ ചോദ്യത്തിന് "അത് മാത്രം ഇപ്പോൾ വേണ്ട. ഇപ്പോൾ അവാർഡ് മാത്രം മതി. അവിടെയിരുന്നത് ഇവിടെയിരുന്നത് ഒക്കെ പിന്നെ. അത് പുറത്ത് വന്നിട്ട് സംസാരിക്കാം," എന്നായിരുന്നു താരത്തിന്റെ മറുപടി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.