ഭാവനയുടെ വിവാഹ വിരുന്നിൽ പങ്കെടുക്കാൻ മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും എത്തി. തൃശൂർ ലുലു കൺവെൻഷൻ സെന്ററിൽ രാത്രി നടന്ന വിരുന്നിൽ നവദമ്പതികൾക്ക് ആശംസ നേരാൻ നടീ നടന്മാരുടെ തിരക്കായിരുന്നു. മമ്മൂട്ടി, പൃഥ്വിരാജ്, ജയറാം, ടൊവിനോ തോമസ്, വിനത്, മനോജ് കെ.ജയൻ, സംവിധായകൻ കമൽ, നസ്രിയ, സംവൃത സുനിൽ, റിമ കല്ലിങ്കൽ തുടങ്ങി താരങ്ങളുടെ വലിയനിര തന്നെയെത്തി.

വിവാഹ വിരുന്ന് നടക്കുന്ന ഹാളിലേക്ക് എത്തിയ ഭാവനയെയും നവീനെയും നൃത്തം ചെയ്താണ് ഭാവനയുടെ അടുത്ത സുഹൃത്തുക്കളായ നടിമാർ വരവേറ്റത്. വിവാഹവിരുന്നിലെ ഭാവനയുടെ വേഷം അതിമനോഹരമായിരുന്നു. ബോളിവുഡ് നടികളെ ഓർമിപ്പിക്കുന്ന തരത്തിലുളള ലെഹങ്കയായിരുന്നു ഭാവന അണിഞ്ഞിരുന്നത്.

ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഭാവനയും കന്നഡ നിർമ്മാതാവ് നവീനും വിവാഹിതരായത്. തൃശ്യൂർ തിരുവമ്പാടി ക്ഷേത്രത്തിൽവച്ചാണ് നവീൻ ഭാവനയ്ക്ക് താലി ചാർത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ക്ഷേത്രത്തിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുത്തത്.

ക്ഷേത്രത്തിലെ ചടങ്ങുകൾക്കുശേഷം ജവഹർ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹ സൽക്കാരത്തിൽ സിനിമാ മേഖലയിലെ നിരവധി താരങ്ങൾ പങ്കെടുത്തു. മഞ്ജു വാര്യർ, നവ്യ നായർ, ഷംന കാസിം, ഭാഗ്യ ലക്ഷ്മി, ലെന, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേർ നവദമ്പതികൾക്ക് ആശംസ നേരാനെത്തി.

പി.സി.ശേഖര്‍ സംവിധാനം ചെയ്ത റെമോ എന്ന കന്നഡ ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലാണ് ഭാവനയും നവീനും കണ്ടുമുട്ടിയതും പരിചയപ്പെടുന്നതും. സൗഹൃദം പിന്നീട് പ്രണയമായി മാറുകയായിരുന്നു. താന്‍ പ്രണയത്തിലാണെന്നും വിവാഹം ഉടന്‍ ഉണ്ടാകുമെന്നും ഭാവന തന്നെയാണ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ