96 Remake: തമിഴ് നാട്ടിലും കേരളത്തിലും ഒരു പോലെ സൂപ്പര്‍ ഹിറ്റായ ചിത്രം ’96’ന്റെ കന്നട പതിപ്പ് ഒരുങ്ങുന്നു. തമിഴില്‍ വിജയ് സേതുപതിയും തൃഷയും തകര്‍ത്തഭിനയിച്ച ചിത്രം, കന്നടയിലെത്തുമ്പോള്‍ ജാനുവായി ഭാവനയും റാമായി ഗണേഷുമായിരിക്കും വെള്ളിത്തിരയില്‍ പകര്‍ന്നാടുക.

‘റോമിയോ’ എന്ന സൂപ്പര്‍ ഹിറ്റ് കന്നട ചിത്രത്തിനു ശേഷം ഭാവനയും ഗണേഷും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ പേരിലും വ്യത്യാസമുണ്ട്. 96ന് പകരം 99 എന്നാണ് പേര്. 99 സംവിധാനം ചെയ്യുന്നത് പ്രീതം ഗുബ്ബിയാണ്.

“പ്രീതം ഒരു അവസരവുമായി വന്നപ്പോളേ എനിക്ക് താത്പര്യം ഉണ്ടായിരുന്നു. കാരണം ഗണേശായിരുന്നു ചിത്രത്തിലെ നായകന്‍. ഗണേഷുമായി ഞാന്‍ നേരത്തേയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്, വളരെ അടുപ്പമുള്ള നടനാണ് അദ്ദേഹം. കൂടാതെ പ്രീതവും ഗണേഷും കൂടി ഒന്നിച്ചൊരു സിനിമ എന്നു പറയുമ്പോള്‍ അതൊരു മികച്ച പ്രൊജക്ട് ആയിരിക്കും എന്നും എനിക്കറിയാം,’ ഭാവന പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ ടൈംസ്‌ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

സാധാരണയായി റീമേക്കുകളോട് താത്പര്യമില്ലാത്ത ഭാവന, ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ മറ്റൊരു കാരണവും ഉണ്ട്.

“ഈ ചിത്രം എന്താണ് എന്നെനിക്ക് അറിയേണ്ടതുണ്ടായിരുന്നു. അതു കൊണ്ട് ഞാന്‍ യഥാര്‍ത്ഥ ചിത്രം കണ്ടു. സത്യസന്ധമായി പറഞ്ഞാല്‍, റീമേക്കുകളോട് എനിക്ക് അത്ര താത്പര്യമില്ല. അതു കൊണ്ടു തന്നെ നിരവധി അവസരങ്ങള്‍ മുമ്പ് നിരസിച്ചിട്ടുണ്ട്. പ്രേക്ഷകര്‍ മുമ്പ് കണ്ട ഒരു ജനപ്രിയ ചിത്രം റീമേക്ക് ചെയ്യുന്നത് എന്തിനാണെന്ന് എനിക്ക് മനസിലാകാറില്ല. പക്ഷേ ’96’ന്റെ കാര്യത്തില്‍ മറിച്ചാണ് സംഭവിച്ചത്. സാര്‍വ്വത്രികമായ ഒരു വശ്യതയുള്ളതു കൊണ്ട് തന്നെ എനിക്കാ കഥ ഇഷ്ടപ്പെട്ടു. കൂടാതെ 18-20 ദിവസത്തെ ഡേറ്റ് കൊടുത്താല്‍ മതി അവര്‍ക്ക്. ചിത്രീകണം ബെംഗളൂരുവില്‍ ആണ്. അത് കൂടുതല്‍ സൗകര്യമായി തോന്നി,” ഭാവന പറയുന്നു.

നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് പ്രേക്ഷകരെ പ്രണയകാല ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോയ സിനിമയായിരുന്നു വിജയ് സേതുപതിയും തൃഷയും തകർത്തഭിനയിച്ചു വിജയമാക്കിയ ’96’. അടുത്ത വര്‍ഷത്തോടെയായിരിക്കും ചിത്രത്തില്‍ ഭാവന അഭിനയിച്ചു തുടങ്ങുക. മലയാളിയായ പ്രേം കുമാര്‍ സംവിധാനം ചെയ്ത ’96’ അടുത്ത കാലത്ത് റിലീസ് ചെയ്ത പ്രണയ ചിത്രങ്ങളില്‍ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രമായിരുന്നു.

Read More: മനസ്സിൽ നിന്നും മായാത്ത മഞ്ഞ: ഹൃദയങ്ങൾ കീഴടക്കി ’96’ കുർത്തയും

 

തൃഷയും വിജയ് സേതുപതിയും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ’96’നുണ്ട്. ചിത്രത്തില്‍ ഒരു ഫോട്ടോഗ്രാഫറായാണ് വിജയ് സേതുപതിയെത്തുന്നത്. സഹപാഠികളായിരുന്ന വിജയ് സേതുപതിയും തൃഷയും വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും ’96’ ബാച്ചിലെ വിദ്യാര്‍ഥികളുടെ ഒത്തുചേരലും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.

ചിത്രം തെലുങ്കിലേക്കും റീമേക്ക് ചെയ്യപ്പെടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. അങ്ങനെ ഒന്നുണ്ടായാല്‍ സാമന്ത അക്കിനേനി അഭിനയിക്കുമോ എന്നൊക്കെ ആരാധകര്‍ അവരോടു ചോദിച്ചിട്ടുമുണ്ടായിരുന്നു.  എന്നാല്‍ ’96 ഒരിക്കലും റീമേക്ക് ചെയ്യാൻ പാടില്ല’ എന്ന രസകരമായ മറുപടി താരം ട്വിറ്റെറില്‍ നല്‍കിയത്.

Read More: ’96’ തെലുങ്ക്‌ പതിപ്പില്‍ അഭിനയിക്കുമോ?: ആരാധകന് സാമന്തയുടെ മറുപടി

’96’ സിനിമയിലെ വിജയ് സേതുപതിയുടെയും തൃഷയുടെയും അഭിനയം കണ്ട് സാമന്ത ട്വിറ്ററിൽ തന്റെ ആസ്വാദനാനുഭവം പങ്കുവച്ചിരുന്നു. “ദൈവമേ! എന്തൊരു പെർഫോമൻസ്! അത്രയേറെ അഭിനയിച്ചു ഫലിപ്പിക്കാൻ ബുദ്ധിമുട്ടുളള കഥാപാത്രം, നിങ്ങൾ എത്ര മനോഹരമാക്കിയെന്ന് പറയാൻ വാക്കുകളില്ല. അഭിനയത്തിലെ മാസ്റ്റർ ക്ലാസ്സ്!” എന്നാണ് സിനിമ കണ്ട് സാമന്ത ട്വിറ്ററിൽ കുറിച്ചത്.

 

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ