മലയാള സിനിമയിലെ നായികമാർക്കിടയിലുള്ള സൗഹൃദം കാണാൻ ആരാധകർക്കെന്നും കൗതുകമാണ്. അത്തരത്തിൽ തങ്ങൾക്കിടയിലെ സുഹൃത്ത് ബന്ധം എന്നും കാത്തുസൂക്ഷിക്കുന്ന നായികമാരാണ് മഞ്ജു വാര്യർ, ഭാവന, സംയുക്ത വർമ എന്നിവർ. മൂവരും ഒന്നിച്ചുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. മഞ്ജുവും ഭാവനയും ചിത്രങ്ങൾ പങ്കുവച്ചു.
“ഫ്രെണ്ട്സ് ലൈക്ക് ഫാമിലി” എന്നാണ് ഭാവന അടികുറിപ്പായി നൽകിയത്. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് നായികമാർ ചിത്രം പകർത്തിയിരിക്കുന്നത്. സോൾസിസ്റ്റേഴ്സ്, മാൺഡേറ്ററി എംബിഎസ് കൂടൽസ്, മൈൻ ഫോർ എവർ തുടങ്ങിയ ഹാഷ്ടാഗുകളും ചിത്രത്തിനു താഴെ ഭാവന കുറിച്ചു. മൂന്നു പേരെയും ഒന്നിച്ചു കണ്ടതിൽ ഒരുപാട് സന്തോഷമെന്ന് ആരാധകർ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.
മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ ‘വെള്ളരിപട്ടണം’ വെള്ളിയാഴ്ചയാണ് റിലീസിനെത്തിയത്. സൗബിൻ ഷാഹിറും പ്രധാന കഥാപാത്രമായെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടുന്നത്. അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം “ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്” എന്ന ചിത്രത്തിലൂടെ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തിയിരുന്നു. ഭാവയുടേതായി അനവധി ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. സിനിമയിൽ അത്രയങ്ങ് സജീവമല്ല സംയുക്ത വർമ.