വിവാഹശേഷം കന്നഡ സിനിമയിലൂടെ ഭാവന അഭിനയരംഗത്തേക്ക് മടങ്ങി എത്തുകയാണ്. കന്നഡ ചിത്രം തഗരുവിൽ ശിവരാജ് കുമാർ ആണ് നായകൻ. നായികയ്ക്ക് പ്രാധാന്യമുളള സിനിമയല്ല തഗരു. എന്തുകൊണ്ട് നായികയ്ക്ക് പ്രാധാന്യമില്ലാത്തൊരു സിനിമയിലെ കഥാപാത്രം സ്വീകരിച്ചുവെന്നതിനെക്കുറിച്ചുളള തന്റെ നിലപാട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരിക്കുകയാണ് ഭാവന.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങൾക്കായി കാത്തിരുന്നാൽ ജീവിതകാലം മുഴുവൻ കാത്തിരുപ്പ് മാത്രമേ ഉണ്ടാവുകയുളളൂവെന്ന് ഭാവന പറഞ്ഞു. ”നിങ്ങൾക്ക് പൂര്‍ണമായും സംതൃപ്തി നൽകുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്. മലയാളത്തിൽ നായക കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമകളിൽ പ്രേക്ഷകർ ഓർത്തിരിക്കുന്ന നല്ല റോളുകൾ ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്തവയിൽ ആളുകള്‍ക്ക് ഓര്‍മിച്ചെടുക്കാന്‍ കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും”.

”മലയാളത്തിലെ എന്റെ അവസാന ചിത്രം ആദം ജോൺ നായക കഥാപാത്രത്തിന് പ്രാധാന്യം നൽകുന്ന സിനിമയായിരുന്നു. എന്നിട്ടും അതിൽ എന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിനുശേഷം ഞാൻ അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ ചെയ്തു. നായികാ പ്രാധാന്യമുളള സിനിമയായിരുന്നു അത്. നല്ല കഥാപാത്രങ്ങൾ, അത് ചെറുതായാലും വലുതായാലും എനിക്ക് സന്തോഷം നൽകുന്നതാണെങ്കിൽ ചെയ്യും”.

”തഗരു ഒരു കൊമഴ്സ്യൽ സിനിമയാണെന്ന് എനിക്ക് അറിയാം. സിനിമയുടെ അണിയറ പ്രവർത്തകർ എന്നെ വിളിച്ചപ്പോൾ നോ പറയാതിരിക്കാൻ എനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നു. ഇത് ശിവരാജ് കുമാറിന്റെ സിനിമയാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നതാണ്. മറ്റൊന്ന് ഈ സിനിമയുടെ സംവിധായകൻ സൂരിയാണ്. അദ്ദേഹമാണ് ജാക്കി എന്ന സിനിമയിലൂടെ കന്നഡയിൽ എന്നെ പരിചയപ്പെടുത്തിയത്. അദ്ദേഹവുമായി അന്നു മുതൽ നല്ല പരിചയമുണ്ട്”.

”തഗരു നായികാ പ്രാധാന്യമുളള സിനിമയല്ല, പക്ഷേ ഞാൻ അതിന്റെ ഭാഗമാകണമെന്ന് ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനിമയുടെ കഥ ഞാൻ കേട്ടു. എനിക്ക് ഇഷ്ടമായി. മാത്രമല്ല മികച്ചൊരു ടീമാണ് സിനിമയുടേത്. ആ ടീമിനൊപ്പം ചേരുന്നതിൽ ഞാൻ സന്തോഷിക്കുന്നു” ഭാവന അഭിമുഖത്തിൽ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ