തിരശ്ശീലക്ക് പുറത്ത് അടുത്ത സുഹൃത്തക്കളാണ് ഭാവനയും സംയുക്ത വർമയും മഞ്ജു വാര്യരും. വിവിധ കാലഘട്ടങ്ങളിലായാണ് മൂന്നു പേരും ചലച്ചിത്ര രംഗത്തെത്തിയത്. ഇവരിൽ രണ്ടുപേർ ഒരുമിച്ച് അഭിനയിച്ച ചലച്ചിത്രങ്ങളുമില്ല. പക്ഷേ ഓഫ് സ്ക്രീനിൽ മൂന്നുപേരും അടുത്ത ബന്ധം സൂക്ഷിക്കുന്നു.
Read more: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ
സുഹൃത്തുക്കളല്ല സഹോദരിമാരാണ് തങ്ങളെന്നാണ് ഇപ്പോൾ ഭാവന മഞ്ജു വാര്യറും സംയുക്ത വർമയുമായുള്ള സൗഹൃദത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. മൂന്ന് പേരുടെയും ചിത്രങ്ങൾ ഭാവന വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ചിത്രത്തിന്റെ അടിക്കുറിപ്പിലാണ് അടുത്ത സുഹൃത്തുക്കൾ സഹോദരങ്ങൾ കൂടിയാണെന്ന് ഭാവന പറയുന്നത്.
“അടുത്ത സുഹൃത്തുക്കൾ സഹോദരിമാർ കൂടിയാണ്, ദൈവം ഞങ്ങൾക്ക് തരാൻ മറന്നവർ,” ഇൻസ്റ്റഗ്രാം പോസ്റ്റിന്റെ അടിക്കുറിപ്പിൽ ഭാവന പറഞ്ഞു. #Friends Like Family #Soul Sisters #MandatoryMBSKoodals #MineForever #NothingButFun എന്നീ ഹാഷ്ടാഗുകളോടെയാണ് ഭാവന ചിത്രങ്ങൾ പങ്കുവച്ചിട്ടുള്ളത്.
ഒരു സഹോദരനാണ് ഭാവനയ്ക്കുള്ളത്. സഹോദരനുമൊത്തുള്ള ബാല്യകാല ചിത്രങ്ങൾ താരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. സിനിമാ രംഗത്തെ മറ്റ് സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങളും ഭാവന പങ്കുവയ്കാറുണ്ട്.
2002ൽ ‘നമ്മളി’ലൂടെയാണ് ഭാവന ചലച്ചിത്ര രംഗത്തെത്തിയത്. 1999ൽ ‘വീണ്ടും ചില വീട്ടു കാര്യങ്ങളി’ലൂടെ ചലച്ചിത്ര രംഗത്തെത്തിയ സംയുക്ത വർമ 2002ൽ ‘തെങ്കാശിപ്പട്ടണ’ത്തിന്റെ അതേ പേരിലുള്ള തമിഴ് റീമേക്കിലാണ് ഏറ്റവുമൊടുവിൽ അഭിനയിച്ചത്. തൊണ്ണൂറുകളുടെ അവസാന പകുതിയിൽ നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായ മഞ്ജു വാര്യർ 1999ലെ ‘കണ്ണെഴുതി പൊട്ടും തൊട്ട്’ എന്ന ചിത്രത്തിനു ശേഷം ഒരു നീണ്ട ഇടവേളക്ക് ശേഷം 2014ൽ ‘ഹൗ ഓൾഡ് ആർ യൂ’ വിലൂടെയാണ് തിരിച്ചെത്തിയത്.