ഫിറ്റ്നസ്സ്, ആരോഗ്യകാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവാണ് മലയാളികളുടെ പ്രിയപ്പെട്ട ഗായികയും അവതാരകയും നടിയുമൊക്കെയായ റിമി ടോമി. വർഷങ്ങൾ കടന്നുപോവുന്തോറും കൂടുതൽ ചെറുപ്പമായി വരികയാണ് റിമി. വ്യായാമവും ഡയറ്റുമൊക്കെയായി ആരോഗ്യകാര്യത്തിൽ പഴയതിലും ശ്രദ്ധ നൽകുന്ന ഒരു റിമിയെ ആണ് ഇപ്പോൾ കാണാൻ കഴിയുക. ഇതിനെല്ലാം പിന്നിൽ ഒരു അടുത്ത സുഹൃത്തിന്റെ കൈകടത്തലുണ്ട്.
Read More: അതൊക്കെ ഒരു കാലം; രാജസ്ഥാൻ യാത്രയുടെ ഓർമ പങ്കിട്ട് റിമി ടോമി
കോട്ടയം പാലാക്കാരി റിമി ടോമിയും തൃശൂർക്കാരി ഭാവനയും അടുത്ത സുഹൃത്തുക്കളാണ്. ഇരുവരുമൊന്നിച്ചുള്ള പഴയ ചാനൽ അഭിമുഖങ്ങളൊക്കെ രസകരമാണ്. ജീവിത്തതിൽ തനിക്ക് ഏറ്റവുമധികം പ്രചോദനം തന്നിട്ടുള്ള ഒരു വ്യക്തികൂടിയാണ് ഭാവന എന്നാണ് റിമി പറയുന്നത്. പിന്നണിഗാന രംഗത്തേക്ക് വരുന്ന സമയത്ത് അത്യാവശ്യം തടിയുണ്ടായിരുന്ന റിമി, ഇപ്പോൾ തടിയൊക്കെ കുറച്ചു. വ്യായാമവും ഡയറ്റുമാണ് മുഖ്യം. ഇതിന് തന്നെ പ്രചോദിപ്പിച്ചത് ഭാവനയാണെന്ന് റിമി പറയുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് റിമി ഇക്കാര്യം പറഞ്ഞത്.
“ഒന്ന് മെലിഞ്ഞ് നോക്ക് റിമി എന്ന് ഭാവന പറഞ്ഞു. അപ്പോൾ എനിക്കും തോന്നി. ഇതുവരെ തടിയുള്ള അനുഭവമല്ലേ അറിയൂ, മെലിഞ്ഞു നോക്കാം എന്ന്. മാത്രമല്ല, പലവിധ ഡയറ്റുകളെ കുറിച്ചും പറഞ്ഞു തരുന്നത് ഭാവനയാണ്. നിത്യവും വിളിക്കും, സംസാരിക്കും. ഡയറ്റിനെ കുറിച്ച് തന്നെയാണ് കൂടുതലും ഞങ്ങളുടെ സംസാരം,” റിമി ടോമി പറയുന്നു.
Read More: എന്നെ ഒരു ഡോക്ടറാക്കണം എന്നായിരുന്നു അച്ഛന്റെ ആഗ്രഹം; റിമി പറയുന്നു
ഗോസിപ്പുകളെ കുറിച്ച് കേൾക്കുമ്പോൾ പ്രതികരിക്കണമെന്ന് തോന്നാറുണ്ടെങ്കിലും പിന്നീട് നിശബ്ദത പാലിക്കാറാണ് പതിവെന്നും റിമി പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജവാർത്തകൾക്കെതിരെ ശക്തമായ നിയമ നിർമാണം ഉണ്ടാകണം. നിയമങ്ങൾ ശക്തമാക്കുന്നത് തന്നെയാണ് ഇതിനുള്ള പരിഹാരം എന്നും റിമി പറയുന്നു.
ആദ്യത്തെ വിവാഹവും അതിലെ സംഭവവികാസങ്ങളുമൊന്നും ആരുടേയും കുറ്റമല്ലെന്നും, എന്തിനും ഒരു കാരണമുണ്ടെന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടമെന്നും പറഞ്ഞ റിമി, തത്കാലം മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും വ്യക്തമാക്കി.
ലാൽ ജോസ് സംവിധാനം ചെയ്ത ‘മീശമാധവൻ’ എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി എന്ന പാലാക്കാരി പിന്നണിഗാനരംഗത്ത് എത്തുന്നത്. റിമിയുടെ ആദ്യ ഗാനം ‘ചിങ്ങമാസം വന്നുചേർന്നാൽ’ ഏറെ ശ്രദ്ധിക്കപ്പെട്ടതോടെ റിമിയ്ക്കും കൈനിറയെ അവസരങ്ങൾ ലഭിച്ചു. ഗായികയായാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും പിന്നീട് അവതാരകയായും നടിയായുമെല്ലാം ശ്രദ്ധ നേടുന്ന റിമിയെ ആണ് മലയാളികൾ കണ്ടത്.