സിനിമ വിട്ട് താൻ എങ്ങോട്ടും പോകുന്നില്ലെന്ന് ഭാവന. ഇനി സിനിമയിലേക്കില്ല എന്നൊന്നും പറയുന്നില്ല. നല്ല റോളുകൾ വന്നാൽ തീർച്ചയായും അഭിനയിക്കുമെന്നും വനിത മാഗസിനു നൽകിയ അഭിമുഖത്തിൽ ഭാവന പറഞ്ഞു. വിവാഹം കഴിഞ്ഞാൽ സിനിമയൊന്നും ചെയ്യാതെ വീട്ടിലിരിക്കുന്നതിനോട് നവീന് തീരെ താൽപര്യമില്ല. ‘നിന്റെ കരിയർ തുടരണം’ എന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമയാണ് എന്നും പിന്തുണച്ചിട്ടുളളത്. അതുകൊണ്ട് ഒരിക്കലും മലയാള സിനിമയെ വിട്ടുപോകില്ലെന്നും ഭാവന വ്യക്തമാക്കി.

നവീനും താനും ഒരേ സ്വഭാവക്കാരാണെന്നും ഭാവന പറഞ്ഞു. ഞാൻ ട്രാൻസ്പരന്റ് ആണ്, അങ്ങനെ തന്നെയാണ് നവീനും. ഇഷ്ടക്കേടുകൾ തുറന്നു പറയും. അച്ഛൻ വിളിക്കുന്ന പോലെ ‘കാർത്തി’ എന്നോ സിനിമയിലെ പോലെ ‘ഭാവന’ എന്നോ അല്ല നവീൻ വിളിക്കുന്നത്, ‘ബുജ്ജു’ എന്നാണ്. കന്നഡയിൽ ‘ബുജ്ജു’ എന്നാൽ ചെല്ലക്കുട്ടി എന്നാണ് അർത്ഥം.

ഏറെ വർഷത്തെ പ്രണയത്തിനുശേഷമാണ് ഭാവനയും കന്നഡ നിർമ്മാതാവ് നവീനും വിവാഹിതരായത്. തന്റെ പ്രണയം പുറത്തായതിനെക്കുറിച്ചും ഭാവന അഭിമുഖത്തിൽ വ്യക്തമാക്കി. ജീവിതത്തിൽ ഏറ്റവും നിർഭാഗ്യകരമായ അനുഭവമുണ്ടായപ്പോൾ ആദ്യം വിളിച്ചത് നവീനെയായിരുന്നു. മണിക്കൂറുകൾക്കുളളിൽ ബെംഗളൂരുവിൽ നിന്ന് നവീൻ കൊച്ചിയിലെത്തി. എല്ലാ സപ്പോർട്ടും തന്നു കൂടെനിന്നു. അതോടെയാണ് അഞ്ചു വർഷം രഹസ്യമായി കൊണ്ടുനടന്ന പ്രണയം എല്ലാവരും അറിഞ്ഞത്.

ഇതുവരെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഞാൻ നവീനോടു തുറന്നുപറഞ്ഞിട്ടുണ്ട്. മുമ്പുണ്ടായിരുന്ന പ്രണയവും പ്രണയനഷ്ടവും കുട്ടിക്കാലത്തെ തമാശകളും സിനിമയും യാത്രകളുമൊക്കെ-ഭാവന പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ