സിനിമയ്ക്കപ്പുറം ജീവിതത്തിൽ ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് ഭാവനയും രമ്യ നമ്പീശനും. ഇരുവരും ഒരുമിച്ചു കൂടുകയും സമയം ചിലവഴിക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ സൗഹൃദ നിമിഷങ്ങൾ പലപ്പോഴും ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ രണ്ടുപേരും ചേർന്ന് ചെയ്തൊരു ഡബ്‌സ്മാഷ് വീഡിയോ ആരാധകരുമായി പങ്കുവെക്കുകയാണ് ഭാവന. ഇൻസ്റ്റഗ്രാം റീൽസിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഫോണിലൂടെയുള്ള സംഭാഷണ രംഗമാണ് ഡബ്‌സ്മാഷ് ചെയ്തിരിക്കുന്നത്. കറുത്ത കൂളിങ് ഗ്ലാസും തൊപ്പിയും വെച്ചുള്ള ലുക്കിലാണ് ഭാവനയെ വീഡിയോയിൽ കാണാനാവുക.
രമ്യക്ക് പുറമെ ശിൽപ ബാല, മൃദുല മുരളി, ഗായിക സയനോര എന്നിവരും ഭാവനയുടെ അടുത്ത കൂട്ടുകാരാണ്. അടുത്തിടെ ഇവർ ഒന്നിച്ചുള്ള ഒരു ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ‘താൾ’ എന്ന സിനിമയിലെ കഹിൻ ആഗ് ലഗേ എന്ന പാട്ടിന് ചുവടുവയ്ക്കുന്ന വീഡിയോയാണ് ശ്രദ്ധനേടിയത്.
Also Read: ചുവപ്പഴകിൽ ഭാവന; ഫൊട്ടോസ് സെലക്ട് ചെയ്ത ആൾ കൊള്ളാലോ എന്ന് രമ്യ നമ്പീശൻ
സുഹൃത്തുക്കളുമൊത്തുള്ള വിശേഷങ്ങളും അവർക്കൊപ്പമുള്ള നിമിഷങ്ങളുടെ ഓർമകളും ഭാവന സാമൂഹ്യമാധ്യമങ്ങളിൽ ഇടക്കിടെ പങ്കുവയ്ക്കാറുണ്ട്. രമ്യ നമ്പീശൻ, മൃദുല മുരളി, ശില്പ ബാല തുടങ്ങിയ സുഹൃത്തുക്കളുമായി ദുബായിൽ നടത്തിയ യാത്രകൾ മിസ് ചെയ്യുന്നു എന്ന് ഏതാനും മാസം മുൻപ് ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞിരുന്നു. ദുബായിലെ യാത്രക്ക് ഇടയിലെടുത്ത ചില സെൽഫികളും മറ്റുമായിരുന്നു അന്ന് ഭാവന പങ്കുവെച്ചത്.
വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബംഗളുരുവിൽ താമസമാക്കിയ ഭാവന അഭിനയത്തിൽ ഇപ്പോൾ അത്ര സജീവമല്ല. എന്നിരുന്നാലും സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.