പോരാട്ടത്തിന്റെ പെൺപ്രതീകം, എന്നാണ് 26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മുഖ്യാതിഥിയായി എത്തിയപ്പോൾ ഭാവനയെ ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് വിശേഷിപ്പിച്ചത്. നിരവധി പ്രതിബന്ധങ്ങൾ വന്നുചേരുമ്പോഴും നീതിയ്ക്കു വേണ്ടിയുള്ള തന്റെ പോരാട്ടം തുടരുന്ന ഭാവന, കേരളക്കരയ്ക്കും പോരാട്ടത്തിന്റെ പെൺപ്രതീകങ്ങളിൽ ഒരാളാണ്. ഭാവനയുടെ 36-ാം ജന്മദിനമാണ് ഇന്ന്.
പിറന്നാൾ ദിനത്തിൽ ഭാവനയ്ക്ക് ആശംസകൾ നേരുകയാണ് താരത്തിന്റെ പ്രിയകൂട്ടുകാരികൾ. മഞ്ജുവാര്യർ, രമ്യ നമ്പീശൻ, സയനോര ഫിലിപ്പ് തുടങ്ങിയവരെല്ലാം ഭാവനയ്ക്ക് സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നിട്ടുണ്ട്.
“ഈ ചിത്രം മങ്ങിയിരിക്കാം, പക്ഷേ ഈ ഫീലിംഗ് റിയലാണ്. ഞാനറിയുന്ന ഏറ്റവും ധീരയായ പെൺകുട്ടിയ്ക്ക് ജന്മദിനാശംസകൾ. ഞാൻ നിന്നെ സ്നേഹിക്കുന്നു, അതു നിനക്കറിയാമെന്നും എനിക്കറിയാം,” മഞ്ജു വാര്യർ കുറിക്കുന്നു.
“കൂടുതൽ പോരാട്ടത്തിന്, കൂടുതൽ ഫണിന്, ഇന്നാ പിടിച്ചോ ഒരു ഹാപ്പി ബർത്ത്ഡേ,” എന്നാണ് രമ്യയുടെ ആശംസ.
പുതുമുഖ താരങ്ങളെ അണിനിരത്തി കമല്‍ സംവിധാനം ചെയ്ത ‘നമ്മൾ’ എന്ന ചിത്രത്തിലെ പരിമളമായി മലയാള സിനിമാ ലോകത്തെത്തിയ ഭാവന പിന്നീട് മലയാളത്തിലെ ശ്രദ്ധേയ നായികയായി മാറുകയായിരുന്നു. ‘സി ഐഡി മൂസ’, ‘ക്രോണിക് ബാച്ച്ലർ’, ‘ചിന്താമണി കൊലക്കേസ്’, ലോലിപോപ്പ്’, ‘നരൻ’, ‘ഛോട്ടാം മുംബൈ’, ‘മേരിക്കുണ്ടൊരു കുഞ്ഞാട്’ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഭാവനയുടെ ഏറ്റവും ഒടുവിലിറങ്ങിയ മലയാളചിത്രം ‘ആദം ജോൺ’ ആയിരുന്നു.
മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലെയുമെല്ലാം തിളങ്ങുന്ന താരമാണ് ഭാവന. ‘ദൈവനാമത്തിൽ’ എന്ന സിനിമയിലെ അഭിനയത്തിന് കേരളസംസ്ഥാന സർക്കാറിന്റെ മികച്ച സഹനടിക്കുള്ള പുരസ്കാരവും ഭാവനയെ തേടിയെത്തിയിരുന്നു.
അറുപതിലധികം ചിത്രങ്ങളിൽ അഭിനയിച്ച ഭാവന 2018 ജനുവരി 23 നു സുഹൃത്തും കന്നഡ സിനിമ നിർമ്മാതാവായ നവീനെ വിവാഹം ചെയ്തു. നീണ്ട അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു ഭാവനയുടെയും നവീന്റെയും വിവാഹം. 2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍ ആയിരുന്നു.
വിവാഹശേഷം താൽക്കാലികമായി സിനിമയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്ന ഭാവന വീണ്ടും മലയാള സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രമാണ് ഭാവനയുടെ പുതിയ മലയാളചിത്രം. നവാഗത സംവിധായകന്‍ ആദില്‍ മൈമൂനത്ത് അഷ്റഫാണ് സംവിധാനം. ഭാവനയും ഷറഫുദ്ധീനുമാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.