2016 നവംബർ എട്ട് ഒരു ഇന്ത്യൻ പൗരനും മറന്നു കാണില്ല. അന്നു രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ഇന്ത്യയെ ഞെട്ടിച്ച നോട്ടു നിരോധനവുമായി രംഗത്തെത്തിയത്.

ഇന്ത്യയെ ഞെട്ടിച്ച നോട്ട് നിരോധനം സിനിമയാക്കൊനൊരുങ്ങുകയാണ് ഭാരതി രാജ. തമിഴിലാണ് ഭാരതി രാജ ഈ ചിത്രം ഒരുക്കുന്നത്. നവംബർ എട്ട് …ഇരവ് എട്ട് മണിയെന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രത്നകുമാറാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്.

പ്രഭു സോളമന്റെ മൈനയിൽ അഭിനയിച്ച വിദ്ധാർത്ഥാണ് നായകനായെത്തുന്നത്. ചെന്നൈ, പുതുക്കോട്ട എന്നിവിടങ്ങളായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

പ്രധാനമന്ത്രിയുടെ നോട്ട് നിരോധനം ഒരു ഞെട്ടലോടെയാണ് ഇന്ത്യ കേട്ടത്. രാജ്യത്ത് കളളപ്പണം ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 500, 1000 നോട്ടുകൾ നിരോധിച്ചു. വൻ പ്രത്യാഘാതമാണ് നോട്ട് നിരോധനം സമൂഹത്തിലുണ്ടാക്കിയത്. നോട്ട് നിരോധനത്തെ തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് ഭാരതി രാജയുടെ ചിത്രം ചർച്ച ചെയ്യുന്നത്.

ഒരു കാലത്ത് സൂപ്പർഹിറ്റുകളുടെ തോഴനായിരുന്നു ഭാരതി രാജ. 1977 ൽ കമൽ ഹാസൻ, രജനീകാന്ത്, ശ്രീദേവി എന്നിവർ മുഖ്യ കഥാപാത്രങ്ങളായെത്തിയ 16 വയതിനിലേ ആണ് ഭാരതി രാജ സംവിധാനം ചെയ്‌ത ആദ്യ ചിത്രം. തുടർന്ന് അനവധി ഹിറ്റുകൾ ഭാരതി രാജയുടെ സംവിധാനത്തിൽ വിരിഞ്ഞു. 2013ൽ പുറത്തിറങ്ങിയ അന്നക്കൊടിയാണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം. എന്നാൽ അന്നക്കൊടി വൻ പരാജയമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ