Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

രതിയുടെയും പകയുടെയും ‘ഭരതന്‍ ടച്ച്’

മലയാള സിനിമയിലെ നിറച്ചാർത്തായിരുന്ന ഭരതൻ ജീവിതത്തിന്റെ വെളളിത്തിരയിൽ നിന്നും തിരശീലയ്ക്കു പിന്നിലേയ്ക്ക് മടങ്ങിയിട്ട് പത്തൊന്പത് വർഷം. 1998 ജൂലൈ 30 ന് നിര്യാതനായ ഭരതൻ എന്ന പ്രതിഭയെ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങളിലുടെ ഒരു പ്രേക്ഷകൻ കാണുന്നു

bharathan, malayalam film, malayalm cinema,

”Whatever You say, still I Love You”
കൗമാരക്കാരനായൊരു കോളേജ് വിദ്യാര്‍ത്ഥി തന്റെ അദ്ധ്യാപികയോട് ഭ്രാന്തമായി വിളിച്ചുപറയുന്ന വാക്കുകള്‍. 1980 കളുടെ ആദ്യത്തില്‍ പുറത്തിറങ്ങിയ ‘ചാമര’ത്തില്‍ വിനോദ് (പ്രതാപ് പോത്തന്‍) തന്റെ അദ്ധ്യാപികയായ ഇന്ദുവിനോടുള്ള (സറീനാ വഹാബ്) ഗാഢമായ പ്രണയം വെളിപ്പെടുത്തുന്ന രംഗമാണിത്. പ്രണയത്തിന്റെ ഉന്മാദാവസ്ഥകളെ ചാരുതയോടെ പകര്‍ത്തിയ ചാമരം അന്നത്തെ ന്യൂജെന്‍സിനിമയെന്നു വിശേഷിപ്പിക്കാവുന്നതായിരുന്നു. മലയാളത്തിലെ ശ്രദ്ധേയമായ ആദ്യത്തെ കാമ്പസ് ചിത്രകൂടിയായ ചാമരം സംവിധാനം ചെയ്തത് ഭരതന്‍.

bharathan, malayalam cinema, suneesh,

കടുംനിറക്കൂട്ടുകളുടെ പശ്ചാത്തലരംഗങ്ങളും രാഗാനുലോലങ്ങളായ പശ്ചാത്തലസംഗീതവും തന്റെ സിനിമകളില്‍ ചേര്‍ത്തുവെയ്ക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന ഭരതന്‍ അടിമുടി ഒരു കലാകാരനായിരുന്നു. ചിത്രകലയും ശില്പരചനയും സംഗീതവുമെല്ലാം ഭരതന്‍സിനിമകളുടെ സവിശേഷതകളായിരുന്നു. പി.എന്‍.മേനോന്റെ ശിക്ഷണത്തില്‍ സിനിമയിലെത്തിയ ഭരതന്‍ ആ വഴിയിലൂടെ ഏറെ മുന്നോട്ടുപോയി. പ്രണയവും രതിയും ആസക്തിയും ഉഗ്രമായ വയലന്‍സും ഭരതന്റെ കഥക്കൂട്ടുകളായിരുന്നു. വിചാരങ്ങളേക്കാള്‍ വികാരങ്ങളില്‍ അഭിരമിച്ചു. പ്രേക്ഷകരുടെ വികാരങ്ങളെ ഇളക്കിമറിക്കുന്നതായിരിക്കണം തന്റെ സിനിമയെന്ന് അദ്ദേഹത്തിന് നിര്‍ബന്ധമുള്ളതുപോലെയായിരുന്ന ആ ചിത്രങ്ങള്‍. കടുത്ത ചായക്കൂട്ടുകളില്‍ മാനുഷികവികാരങ്ങളെ വര്‍ണ്ണമേഘങ്ങളായി പറത്തിവിടുകയായിരുന്നു ഭരതന്‍. പാടവും അമ്പലവും കാവും താഴ്‌വാരങ്ങളും മലമുടികളും കാടും പുഴയും സ്ത്രീയും പുരുഷനും അവരെ നനച്ചൊഴുകുന്ന മഴമേഘങ്ങളുടെ ദ്രുതതാണ്ഡവനടങ്ങളും ഭരതന്റെ വിശാലമായ കാന്‍വാസുകളായിത്തീര്‍ന്നു.

പ്രണയത്തിന്റെ തീക്ഷ്ണപ്രവേഗങ്ങളില്‍ വെന്തുനീറുന്നവരെയായിരുന്നു ഭരതനിഷ്ടം. വഴിതെറ്റിനടക്കുന്നവന്റെ തീക്ഷ്ണതയായിരുന്നു ഭരതന്റെ ക്യാമറ കണ്ടത്. അവരുടെ വികാരങ്ങളുടെ ആന്ദോളനങ്ങളിലേക്കാണ് പ്രേക്ഷകനെ ഭരതന്‍ വലിച്ചെറിഞ്ഞത്. യാഥാസ്ഥിതികമായ ജീവിതത്തിന്റെ ചതുരക്കളങ്ങളെ ഭേദിച്ച് തനിക്കു വിധിച്ച ദാമ്പത്യത്തിന്റെ അസംതൃപ്തകാമനകളില്‍ പൊട്ടിച്ചിതറുന്ന ഒരു നായികയായിരുന്നു ഭരതന്റെ ആദ്യസിനിമയായ ‘പ്രയാണ’ത്തില്‍. നിവൃത്തിയില്ലാതെ വൃദ്ധനായ പൂജാരിയെ വിവാഹം കഴിക്കേണ്ടിവന്ന സാവിത്രിയുടെ ജീവിതത്തിലേക്ക് വഴിതെറ്റിവന്ന യുവാവുമായുള്ള അവളുടെ ബന്ധത്തിന്റെ ഇഴയടുപ്പങ്ങളിലേക്കാണ് ഭരതനും തിരക്കഥയെഴുതിയ പത്മരാജനും പ്രേക്ഷകനെ കൊണ്ടുപോയത്. അവരുടെ സമാഗമങ്ങളില്‍ പ്രണയത്തിനപ്പുറം ശരീരത്തിന്റെയും ഉന്മാദങ്ങള്‍ നിറഞ്ഞുനിന്നിരുന്നു. അടക്കിപ്പിടിച്ച് സാക്ഷാത്കരിക്കാനാവാതെ പരാജയപ്പെട്ടുപോകുന്ന വൃദ്ധപൂജാരിയുടെ ശരീരകാമനകളെയും അത് സൃഷ്ടിക്കുന്ന നിസ്സഹായതയെയും മനോഹരമായൊരു സ്വപ്നദൃശ്യത്തിലൂടെ ഭരതന്‍ കാണിച്ചുതരുന്നുണ്ട്. മനുഷ്യന്റെ വികാരങ്ങളുടെ നഗ്നത പകര്‍ത്തുവാന്‍ കറുപ്പും വെളുപ്പും തന്നെ ധാരാളമാണെന്ന് ഭരതന്‍ പ്രയാണത്തിലൂടെ തെളിയിച്ചു.

bharathan, malayalam film, actors,

തന്റെ നായികമാരുടെ ലാവണ്യം ഭരതന് പ്രധാനമായിരുന്നെങ്കിലും നായകന്മാര്‍ക്ക് സൗന്ദര്യം പ്രശ്‌നമായിരുന്നില്ല. നെടുമുടിയും പ്രതാപ് പോത്തനും അച്ചന്‍കുഞ്ഞും ബാലന്‍ കെ നായരും പരുക്കന്‍ഭാവങ്ങളുടെ ഗാംഭീര്യം കൊണ്ട് പൗരുഷത്തെ സാക്ഷാത്ക്കരിച്ചവരായിരുന്നു. ‘തകര’യിലെ തകരയും ‘ലോറി’യിലെ ക്ലീനര്‍ രാമുവും ‘ചാമരത്തിലെ കോളേജ് വിദ്യാര്‍ത്ഥി വിനോദും പ്രതാപ് പോത്തന്റെ അനശ്വരങ്ങളായ കഥാപാത്രങ്ങളായിരുന്നു. ‘ആരവ’ത്തിലെ മരുതും ‘തകര’യിലെ ചെല്ലപ്പനാശാരിയും നെടുമുടിയിലെ വ്യത്യസ്തഭാവങ്ങള്‍ക്ക് മിഴിവുനല്‍കി. സന്ധ്യമയങ്ങും നേരം, ഓര്‍മ്മയ്ക്കായ്, പാളങ്ങള്‍ എന്നിവ ഭരത് ഗോപിയെയും അടയാളപ്പെടുത്തി.

പകയും ആസക്തിയും തീക്ഷ്ണമായ കാമനകളും ചവിട്ടിക്കുഴച്ചെടുത്ത പശമണ്ണുപോലെ പരന്നുകിടക്കുകയായിരുന്നു ഭരതന്റെ കാന്‍വാസില്‍. അവിടെയാണ് വശ്യസൗന്ദര്യത്തിന്റെ മോഹനചാരുതയുമായി വൈശാലിയെന്ന ദേവദാസിയെ കാണുന്നത്. ‘വൈശാലി’ മഹാഭാരതത്തില്‍ നിന്നും എംടി അടര്‍ത്തിയെടുത്ത ഒരു കഥാശില്പമായിരുന്നുവെങ്കില്‍ ഭരതനത് വികാരങ്ങളുടെ ചുഴിനിറഞ്ഞ ഒരു മുനികുമാരന്റെ ജീവിതയാനമാക്കിത്തീര്‍ത്തു. മഴമേഘങ്ങളുടെ ദുന്ദുഭിനാദത്തോടെ ആര്‍ത്തലച്ച പേമാരിയില്‍ അംഗരാജ്യം കുതിര്‍ന്നൊലിക്കുമ്പോള്‍, വൈശാലിയും അമ്മ മാലിനിയും സ്ത്രീത്വത്തിന്റെ ഉടഞ്ഞുചിതറുന്ന ദുരന്തബിംബങ്ങളായി അവസാനിക്കുകയാണ്.

മനുഷ്യമനസ്സിന്റെ നിഗൂഢമായ വന്യതയെ പ്രകടമാക്കുന്ന രണ്ട് ഭാവങ്ങളാണ് കാമവും ക്രോധവും. രതിയുടെയും പകയുടെയും വന്യവും നഗ്നവുമായ ആവേഗങ്ങളില്‍ ജ്വലിക്കുന്ന കഥാപാത്രങ്ങളെയും ഭരതന്‍സിനിമകളില്‍ കാണാം. പ്രണയം അവിടെ വഴിതെറ്റിയെത്തുന്ന, അല്ലെങ്കില്‍ അഗമ്യഗമനത്തോളം പ്രകോപനപരമായ അരാജകതയായിരുന്നു.

നഷ്ടപ്രതാപത്തിന്റെ ഭൂതകാലത്തില്‍ നിന്നും അതിജീവനം തേടി ഉറുമീസ്  മുതലാളിയുടെ മക്കളുടെ നൃത്താദ്ധ്യാപികയായെത്തുന്ന പാര്‍വതിതമ്പുരാട്ടി പിന്നീട് മുതലാളിയുടെ എല്ലാ ലഹരിയുടെയും ഭാഗമാകുകയാണ്. പ്രണയം അവിടെ കൂത്താടി തളരുന്ന രതി മാത്രമാണ്. സംഗീതവും മദ്യവും രതിയും ചേര്‍ന്ന് സൃഷ്ടിക്കുന്ന ദ്രുതതാളത്തില്‍ പാര്‍വതിയുടെ ദുരന്തം പൂര്‍ത്തിയാകുന്നു. കാക്കനാടന്റെ അടിയറവ് എന്ന നോവലിന് ഭരതന്‍ രചിച്ച ചലച്ചിത്രഭാഷ്യത്തിന് പൊട്ടിത്തരിക്കാന്‍ കാത്തുനില്‍ക്കുന്ന വികാരങ്ങളുടെ ആഴമുണ്ടായിരുന്നു. കാക്കനാടന്റെ തന്നെ ‘പറങ്കിമല’യില്‍ കാമത്തിന്റെയും പ്രതികാരത്തിന്റെയും തീവ്രഭാവങ്ങളെ ഭരതന്‍ കാണിച്ചുതന്നു. സ്ത്രീയുടെ ഉടലിനുവേണ്ടിയുള്ള ദാഹത്തില്‍ ബന്ധങ്ങളും ചങ്ങാത്തങ്ങളും ഉടഞ്ഞുചിതറുന്നതും കൗശലക്കാരനായ ചെന്നായയെപോലെ മനസ്സ് തക്കംപാര്‍ത്തു വഞ്ചിക്കാന്‍ കാത്തിരിക്കുന്നതും കന്നാലിക്കച്ചവടക്കാരുടെ ജീവിതത്തിലൂടെ ‘ചാട്ട’യില്‍ ഭരതന്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. കാളപ്പൊരുത്തുകാരുടെ ജീവിതത്തിലൂടെ മനുഷ്യജീവിതത്തിലെ ഏറ്റവും പരുക്കന്‍വികാരങ്ങളുടെ നഗ്നമായ ഭാവങ്ങളാണ് ഭരതന്‍ പകര്‍ത്തിയത്. കാമമിവിടെ ചോരയുടെ മണമുള്ള ഇരുട്ടാണ്. ആ ഇരുട്ടില്‍ അയാളുടെ ചുവന്ന കണ്ണുകള്‍ അവളെ തേടിയെത്തുന്നുണ്ട്. അപ്പോഴെല്ലാം പകയുടെ പ്രതികാരത്തിനായി ദാഹിക്കുന്ന കണ്ണുകളോടെ അവളുടെ മകന്‍ അവനെ നേരിടുന്നുമുണ്ട്. കാമത്തിന്റെയും അതോടൊപ്പം നിസ്സഹായമായ ഒറ്റപ്പെടലിന്റെയും മനോഹരമായ അവതരണമായിരുന്ന ചാട്ട.

bharathan, malayalam film, memory,

മനസ്സ് ആകാശത്തിലെ മേഘങ്ങളെപ്പോലെയാണ്. ആ മേഘങ്ങളാണ് ‘ചമയ’ത്തില്‍ എസ്തപ്പനാശാന് കഥ പറഞ്ഞുകൊടുക്കുന്നത്. പ്രണയമിവിടെ രാഗദേവനും നാദകന്യയും തമ്മിലുള്ള സാഗരനീരാട്ടാണ്. തന്റെ പ്രണയനഷ്ടത്തിന്റെ പകതീര്‍ക്കാനെത്തിയ രഘുവിന്റെ കൊലക്കത്തിയില്‍ എസ്തപ്പാനാശാന്‍ മരണമടയോടുന്നതോടെയാണ് ചമയം അവസാനിക്കുന്നത്. ‘സന്ധ്യമയങ്ങുംനേര’ത്തില്‍ മനസ്സിന്റെ നിയന്ത്രണമറ്റ റിട്ടയേഡ് ജഡ്ജി ബാലഗംഗാധരമേനോന്റെ ജീവിതമാണ് പറയുന്നത്. ലാവണ്യവതിയായ ഭാര്യ
യശോദയിലുള്ള അയാളുടെ അസംതൃപ്തകാമനകളും, അയാള്‍ തൂക്കിക്കൊല്ലാന്‍ വിധിച്ച ജീവിതങ്ങളെ കുറിച്ചുള്ള ഓര്‍മ്മകളും അയാളുടെ ജീവിതത്തെ കടന്നാക്രമിക്കുമ്പോള്‍ സ്വയം ഒരു കൊലപാതകിയായിത്തീര്‍ന്ന് ആ സംഘര്‍ഷത്തില്‍ നിന്നും രക്ഷപ്പെടുവാന്‍ ശ്രമക്കുകയാണ് മേനോന്‍. രതി ഇവിടെ മരണമാണ്. ഹിംസാത്മകമായ മരണം. നനുത്ത തൂവലിന്റെ ലാസ്യസ്പര്‍ശനങ്ങളിലൂടെ ശൃംഗാരത്തിന്റെ രാഗപരാഗങ്ങളുതിര്‍ത്തുകൊണ്ട് ഗാഢമായൊരു ആലിംഗനത്താല്‍ മരണത്തിന്റെ ദ്രുതതാളത്തിലേക്ക് ഭാര്യയെ ആനയിക്കുന്ന, ഭരത്‌ഗോപിയും ജയഭാരതിയും ചേര്‍ന്നഭിനയിച്ച ആ രംഗം ‘ഭരതന്‍ടച്ചി’ന്റെ നിതാന്തവിസ്മയങ്ങളിലൊന്നായി കുറിച്ചുവെക്കാം.

പ്രണയം നിഷ്‌കളങ്കമാണെങ്കിലും അത് ശരീരമുക്തമല്ല ഭരതന്. ആരവത്തിലെ പ്രണയം ഏറ്റവും പരുക്കനും അതേസമയം അങ്ങേയറ്റം നിഷ്‌കളങ്കവുമാണ്. ഏകകേന്ദ്രിതമായ സ്ത്രീപുരുഷബന്ധങ്ങളുടെ ഘടനയിലുമല്ല. സുഭദ്രക്ക് മരുതുമായും ആന്റണിയുമായും ബന്ധമുണ്ട്. മരുത് സര്‍ക്കസ്സിലെ ട്രിപ്പീസുകളിക്കാരിയുമായും അടുപ്പത്തിലാവുന്നുണ്ട്. അവളുടെ മോഹിപ്പിക്കുന്ന അംഗലാവണ്യം തന്നെയാണ് മരുതിനെ ആകര്‍ഷിക്കുന്നതെന്നു പറയാം.
പ്രണയം പോലെ തീക്ഷ്ണമായ വികാരമാണ് ഭരതന് പകയും. പ്രതികാരത്തിനോ അന്യമായതിനെ കയ്യടക്കുന്നതിനോ വേണ്ടി ജാഗ്രതപൂണ്ടിരിക്കുന്ന മനുഷ്യര്‍ ഭരതന്‍ചിത്രങ്ങളിലുണ്ട്. കുട്ടികളെ തട്ടിക്കൊണ്ടുപോയി കണ്ണു കുത്തിപ്പൊട്ടിച്ചും അംഗവിച്ഛേദം വരുത്തിയും സര്‍ക്കസ്സ് പ്രകടനങ്ങള്‍ക്കായി അവരെ ഉപയോഗിക്കുന്ന വേലായുധന്റെ (അച്ചന്‍കുഞ്ഞ്) പരുക്കന്‍ജീവിതമാണ് ലോറിയില്‍ പറയുന്നത്. മദ്ധ്യവയസ്സിന്റെ തീക്ഷ്ണകാമങ്ങളെ ചൂണ്ടിക്കാട്ടുന്ന ഈ സിനിമയില്‍ ബാലന്‍ കെ നായരുടെ ഔസേഫ് എന്ന ലോറി ഡ്രൈവറും അഴിച്ചുവിട്ട കാമത്തിന്റെ പുറകെ പായുന്ന കഥാപാത്രമാണ്. ലൈംഗീകമായ താത്പര്യത്തോടെ താന്‍ വളര്‍ത്തിപ്പോരുന്ന പെണ്‍കുട്ടിയെ മറ്റൊരാള്‍ തട്ടിയെടുത്തത് അയാളുടെ പൗരുഷത്തിനേറ്റ പ്രഹരമായാണ് അയാള്‍ കണക്കാക്കുന്നത്. അതയാളുടെ ജീവിതത്തെ കൂടുതല്‍ ക്രൂരമായ ആത്മസംഘര്‍ഷം നിറഞ്ഞതാക്കുന്നു. ലോറി ക്ലീനര്‍ രാമുവും റാണിയും തമ്മിലുള്ള പ്രണയവും ഇതോടൊപ്പം വികസിക്കുന്നുണ്ട്. തീപിടിച്ചപോലെ എരിഞ്ഞുകിടക്കുന്ന പശ്ചാത്തലഭൂമികയാണ് കഥ പറയാന്‍ ഭരതന്‍ സ്വീകരിച്ചിരിക്കുന്നത്.

ചാമരത്തിലും പ്രണയത്തോടൊപ്പം വയലന്‍സും മുഖ്യധാരയിലുണ്ട്. മുറച്ചെറുക്കന്‍ കൂടിയായ കാമുകന്‍ മറ്റൊരാളെ വിവാഹം കഴിച്ചുപോയപ്പോള്‍ ആകസ്മികമായുണ്ടായ ഒറ്റപ്പെടലില്‍ തളര്‍ന്നുപോകുന്ന ഇന്ദു അപ്പോള്‍ മാത്രമാണ് വിനോദിന്റെ പ്രണയം തിരിച്ചറിയുന്നത്. ശാരീരികബന്ധത്തിലൂടെയാണ് അവര്‍ ഒന്നാകുന്നത്. നമ്മള്‍ ചെയ്യുന്നത് തെറ്റല്ലെന്നും നമ്മള്‍ പരസ്പരം ഇഷ്ടപ്പെടുന്നവരാണെന്നും അതിനപ്പുറം മറ്റൊരു ശരിയില്ലെന്നും വിനോദ് പറയുന്നുണ്ട്. കൗമാരത്തിന്റെ തീക്ഷ്ണകാമനകളത്രയും ഒപ്പിയെടുത്ത ചാമരത്തിന്റെ അവസാനം ദുരന്തപര്യവസായിയാണ്. ടീച്ചറെക്കുറിച്ച് അപവാദം പ്രചരിപ്പിച്ച മറ്റൊരു വിദ്യാര്‍ത്ഥിയുമായുള്ള സംഘര്‍ഷത്തില്‍ വിനോദ് കൊല്ലപ്പെടുന്നു.  ജോണ്‍പോൾ​- ഭരതൻ കൂട്ടുകെട്ടിന്റെ തുടക്കം കൂടിയായിരുന്നു ചാമരം. ഇതേകൂട്ടുകെട്ടില്‍നിന്നും പിറന്ന ‘ഓര്‍മ്മയ്ക്കായ്’ പ്രണയവും പകയും പ്രതികാരവും ഒത്തുചേര്‍ന്നൊരു പ്രമേയമായിരുന്നു. ഊമയായ ശില്പിയായി ഭരത് ഗോപിയും അയാളുടെ കാമുകിയായ ആംഗ്ലോ ഇന്ത്യന്‍ പെണ്‍കുട്ടിയായി മാധവിയും അവര്‍ക്കിടയിലേക്ക് പ്രതിനായകനായി വരുന്ന രാമുവുമായിരുന്നു മുഖ്യകഥാപാത്രങ്ങള്‍. കാതോടുകാതോരവും പ്രണയത്തിന്റെ മറ്റൊരു ഭാവം ആവിഷ്‌കരിക്കുന്നതായിരുന്നു. ഭര്‍ത്താവും മകനും ഉണ്ടായിരുന്നിട്ടും ഏകാകിയായി പൊരുതിജീവിക്കേണ്ടിവരുന്ന മേരിക്കുട്ടിക്ക് ആരാരുമില്ലാത്ത ലൂയിസ് ആശ്രയവും ആശ്വാസവുമാകുന്നു. പുതിയൊരു ജീവിതത്തിലേക്ക് അവര്‍ കാല്‍വെക്കുമ്പോള്‍ പകയുടെയും പ്രതികാരത്തിന്റെയും രൂപത്തില്‍ പഴയ ഭര്‍ത്താവ് കടന്നുവരുന്നു. മലയോരത്തെ കുടിയേറ്റജീവിതം കൂടിയായിരുന്നു ഭരതന്‍ പറഞ്ഞത്.
മുനികുമാരന് തരുണിയില്‍ തോന്നിയ പ്രണയത്തെ ദിവ്യപരിവേഷത്തോടെ സൗന്ദര്യാത്മകമായിത്തന്നെയാണ് ഭരതന്‍ വൈശാലിയില്‍ ആവിഷ്‌കരിച്ചത്.

bharathan, vaishali, malayalam film,
വൈശാലി സിനിമയ്ക്കായി ഭരതൻ വരച്ച പെയിന്റിങ്ങ്

അധികാരത്തിന്റെയും പൗരോഹിത്യത്തിന്റെയും കുടിലബുദ്ധിയില്‍ അവരുടെ പ്രണയം സാക്ഷാത്ക്കരിക്കപ്പെടുന്നില്ല. വൈശാലി പ്രണയത്തിന്റെ മാത്രമല്ല, ‘ചതി’യുടെയും ക്ലാസ്സിക്കുകളിലൊന്നാണ്. എംടിയുടെ മറ്റൊരു തിരക്കഥയായ ‘താഴ്‌വാരം’ പ്രതികാരത്തിന്റെ മാത്രം കഥ പറഞ്ഞു. ആദ്യരാത്രി ഭാര്യയെ കൊലപ്പെടുത്തി തന്റെ ജീവിതസമ്പാദ്യവുമായി രക്ഷപ്പെട്ടുപോയ ആത്മസുഹൃത്തായ രാഘവനെ തിരഞ്ഞെത്തുന്ന ബാലന്റെ പ്രതികാരമാണ് താഴ്‌വാരം. അവര്‍ തമ്മിലുള്ള പോരാട്ടത്തിന്റെയും ചെറുത്തുനില്‍പ്പിന്റെയും ഇടനാഴികളിലൂടെയാണ് കഥ വികസിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തില്‍ ലോഹിതദാസിന്റെ തിരക്കഥയില്‍ ഒരുക്കിയ ‘അമരം’ പ്രതിസന്ധികളില്‍ ആടിയുലഞ്ഞും ഗതിയറ്റും ഒടുവില്‍ വിജയതീരത്തണയുന്ന പ്രണയസാക്ഷാത്ക്കാരമായിരുന്നു. ‘വെങ്കല’ത്തിലും പ്രണയമുണ്ടെങ്കിലും മനസ്സിന്റെ വന്യമായ ഭവനകളില്‍ തട്ടി തകര്‍ന്നുടയുന്ന ദാമ്പത്യശില്പത്തെയാണ് അതില്‍ പ്രധാനമായും ആവിഷ്‌ക്കരിച്ചത്.

bharathan, malayalam cinema, suneesh,

ഭരതന്‍ അടിമുടി വികാരങ്ങളുടെ കലാകാരനായിരുന്നു. പതഞ്ഞുപൊങ്ങുന്ന വികാരങ്ങളായിരുന്ന ഭരതന്‍ചിത്രങ്ങളുടെ പ്രത്യേകത. പ്രണയവും കാമവും പകയും കൊലയും എല്ലാം ഭരതന്‍ നഗ്നമായി അവതരിപ്പിച്ചു. ആസക്തികളെ അശ്ലീലമാകാതെ അവതരിപ്പിക്കാന്‍ ഭരതന് സാധിച്ചത് കലാപരമായ കയ്യൊതുക്കം കൊണ്ടുതന്നെയായിരുന്നു. ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ് രതിനിര്‍വേദം. മൂന്നാംകിട ഇക്കിളിസിനിമയാകുമായിരുന്ന കൗമാരചാപല്യങ്ങളെ അതിന്റെ തീക്ഷ്ണതയത്രയും ചോര്‍ന്നുപോകാതെ മികച്ച രീതിയില്‍ പ്രതിപാദിക്കാന്‍ ഭരതന് സാധിച്ചു. ലൈംഗികതയുടെ അതിപ്രസരമെന്ന് പഴികേട്ടപ്പോഴും ഭരതനിലെ കലാകാരനെയും സത്യസന്ധമായ ആവിഷ്‌ക്കാരങ്ങളെയും ആര്‍ക്കും അവഗണിക്കാനാവുമായിരുന്നില്ല. അദ്ധ്യാപകനെ പ്രണയിക്കുന്ന ആശാതമ്പിയെന്ന വിദ്യാര്‍ത്ഥിനിയെ അവതരിപ്പിച്ച ‘കാറ്റത്തെ കിളിക്കൂടും’, അംഗപരിമിതനായിട്ടും ജീവിതത്തിന്റെ മുമ്പില്‍ തോറ്റുകൊടുക്കാന്‍ തയ്യാറാവാതെ പൊരുതിനിന്ന നാരായണന്‍കുട്ടിയെയും അയാളെ ജീവിതം മുഴുവന്‍ കാത്തിരുന്ന ശ്രീദേവിയുടെയും കഥപറഞ്ഞ ‘കേളി’യും, പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുപോയ മകനെ കാത്തിരിക്കുന്ന മീനാക്ഷിയെന്ന അമ്മയുടെ കാത്തിരുപ്പിന്റെ കഥയായ ‘ഇത്തിരിപ്പൂവേ ചുവന്ന പൂവേ’യും എല്ലാം കഥയുടെ കെട്ടുറപ്പിനപ്പുറം ഭരതന്റെ ആവിഷ്‌ക്കാരത്തനിമ കൊണ്ടുമാത്രം ശ്രദ്ധേയങ്ങളായിത്തീര്‍ന്ന സിനിമകളായിരുന്നു. പശ്ചാത്തലസംഗീതത്തില്‍ പോലും വികാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കാന്‍ ജാഗ്രതപുലര്‍ത്തിയ ഒരു കലാകാരനായിരുന്നു ഭരതന്‍. കടുത്തവര്‍ണ്ണങ്ങളുടെ ചായക്കൂട്ടുകളിലൂടെയല്ലാതെ അദ്ദേഹത്തിന് മനുഷ്യരെയും അവരുടെ വികാരങ്ങളെയും കാണാനാവുമായിരുന്നില്ല.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Bharathans films reflect stark realities of life love revenge

Next Story
പാട്ടുമില്ല, ഇടവേളയുമില്ല; ആരാധകർക്ക് ചിമ്പുവിന്റെ സർപ്രൈസ്!simbu
The moderation of comments is automated and not cleared manually by malayalam.indianexpress.com