വീരമൃത്യു വരിക്കുന്ന സൈനികരുടെ കുടുംബങ്ങൾക്ക് സഹായം എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ നടൻ അക്ഷയ് കുമാർ തുടങ്ങിയ വെബ്സൈറ്റാണ് ഭാരത് കേ വീർ (bharatkeveer.gov.in). സൈനികരുടെ കുടുംബത്തിന് സഹായം നൽകാൻ ആഗ്രഹിക്കുന്ന ആർക്കും നേരിട്ട് അവരുടെ അക്കൗണ്ടിലേക്ക് വെബ്സൈറ്റിലൂടെ പണം നിക്ഷേപിക്കാം. വെബ്സൈറ്റ് ആരംഭിച്ചതിനുപിന്നാലെ നിരവധി പേരാണ് സഹായവുമായി എത്തിയത്.

ഛത്തീസ്ഗഡിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബത്തിന് സഹായം നൽകാമെന്ന് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. പരസ്യം നൽകിയതിനുപിന്നാലെ 12 മണിക്കൂറിനുളളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ധനസഹായത്തിന്റെ ഒഴുക്കാണുണ്ടായത്. ഇന്നലെ ധനസഹായം ലഭിച്ചതിന്റെ വിവരങ്ങൾ വെബ്സൈറ്റ് പുറത്തുവിട്ടു.

ഹെഡ് കോൺസ്റ്റബിൾ കെ.പി.സിങ്ങിന്റെ കുടുംബത്തിന് 31,612 രൂപയും എഎസ്ഐ നരേഷ് കുമാറിന്റെ കുടുംബത്തിന് 28,851രൂപയും എഎസ്ഐ സഞ്ജയ് കുമാറിന്റെ കുടുംബത്തിന് 25,821രൂപയും ലഭിച്ചു. ക്രിക്കറ്റ് താരങ്ങളായ മുഹമ്മദ് കെയ്ഫും നടി അുഷ്കയും ഭാരത് കേ വീറിലൂടെ ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായം നൽകാൻ അഭ്യർഥിച്ചിരുന്നു.

അതിനിടെ, ഭാരത് കേ വീറിന്റെ പേരിൽ പണം തട്ടിയെടുക്കാനായി വ്യാജ സൈറ്റുകളും മൊബൈൽ ആപ്പുകളും പ്രവർത്തിക്കുന്നുണ്ടെന്നും ഇവയ്ക്കെതിരെ ജാഗ്രത പുലർത്തണമെന്നും അക്ഷയ് കുമാർ ആവശ്യപ്പെട്ടു. www.bharatkeveer.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ പണം നൽകാവൂവെന്നും അക്ഷയ് പറഞ്ഞിട്ടുണ്ട്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഛത്തീസ്ഗഡിലെ സുഖ്മയിൽ സിആർപിഎഫ് ജവാന്മാർക്കുനേരെ മാവയിസ്റ്റുകളുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ 25 ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ