സൽമാൻ ഖാൻ നായകനാവുന്ന സംവിധായകൻ അലി അബ്ബാസ് സഫറിന്റെ ‘ഭാരത്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസായി. ഇന്ത്യയ്ക്കും പാക്കിസ്ഥാനും അതിർത്തി കുറിയ്ക്കുന്ന വാഗ ബോർഡറിൽ നിന്നും പാക്കിസ്ഥാനിലേക്ക് മിഴിനട്ട് നോക്കി നിൽക്കുകയാണ് പോസ്റ്ററിൽ താരങ്ങൾ. ബ്ലാക്ക് സ്യൂട്ടാണ് സൽമാന്റെ വേഷം. സാരി ധരിച്ച കത്രീന ഷാൾ ഉപയോഗിച്ച് ശരീരം പുതച്ചിട്ടുണ്ട്. ചുരുണ്ടമുടി പാറിപ്പറന്നു കിടക്കുന്നു.

അമൃതസറിലുള്ള യഥാർത്ഥ വാഗ ബോർഡറിൽ അല്ല ഈ രംഗം ചിത്രീകരിച്ചിരിക്കുന്നത് എന്നതാണ് ഫോട്ടോയ്ക്ക് പിന്നിലെ മറ്റൊരു കൗതുകം. വാഗ ബോർഡറിൽ സിനിമാ ഷൂട്ടിംഗിന് സുരക്ഷാകാരണങ്ങൾ കൊണ്ട് അതിർത്തി സുരക്ഷാസേന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതിനാൽ, പഞ്ചാബിലെ ലുധിയാനയിലെ ബല്ലോവൽ ഗ്രാമത്തിൽ താൽക്കാലികമായൊരുക്കിയ സെറ്റിലാണ് സിനിമയുടെ ഏതാനും ഭാഗങ്ങൾ ചിത്രീകരിച്ചതെന്ന് ‘ഭാരതി’ന്റെ പ്രതിനിധി ഇന്ത്യൻ എക്സ്പ്രസിനോട് വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനിൽ ചിത്രീകരിക്കേണ്ട ദൃശ്യങ്ങളും ചിത്രത്തിലുണ്ടെന്നും അതിനും അനുമതി പ്രശ്നമുള്ളതുകൊണ്ടാണ് താൽക്കാലിക സെറ്റ് ഒരുക്കുകയായിരുന്നെന്നും അണിയറപ്രവർത്തകൻ പറയുന്നു.

‘ടൈഗർ സിന്ദാ ഹെ’ എന്ന ചിത്രത്തിനു ശേഷം അലി അബ്ബാസ് സഫർ- സൽമാൻ ഖാൻ- കത്രീന കൈഫ് ടീം വീണ്ടുമൊന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ഭാരതി’നുണ്ട്. സല്‍മാനും സഫറും ഒരുമിക്കുന്ന മൂന്നാമത്തെ ചിത്രമാണ് ‘ഭാരത്’. ‘സുല്‍ത്താന്‍’, ‘ടൈഗര്‍ സിന്ദാ ഹെ’ എന്നിവയായിരുന്നു മുൻപ് ഈ കൂട്ടുക്കെട്ടിൽ പിറന്ന ഹിറ്റ് ചിത്രങ്ങൾ.

നേരത്തെ പ്രിയങ്ക ചോപ്രയെ ആയിരുന്നു ചിത്രത്തിൽ നായികയായി തീരുമാനിച്ചിരുന്നത്. എന്നാൽ നിക്ക് ജോൺസുമായുള്ള വിവാഹനിശ്ചയത്തെ തുടർന്ന് പ്രിയങ്ക ചിത്രത്തിൽ നിന്നും പിന്മാറുകയായിരുന്നു.

Read more: സിനിമയിൽ അവസരമുറപ്പിക്കാനായി ആയിരം തവണയെങ്കിലും പ്രിയങ്ക വിളിച്ചുകാണും: സൽമാൻ ഖാൻ

2014 ൽ പുറത്തിറങ്ങിയ ദക്ഷിണകൊറിയൻ സിനിമയായ ‘ഓഡ് റ്റു മൈ ഫാദർ’ എന്ന ചിത്രത്തിന്റെ പരിഭാഷയാണ് ‘ഭാരത്’ എന്നും റിപ്പോർട്ടുകൾ ഉണ്ട്. 1947ലെ ഇന്ത്യ വിഭജകാലത്ത് നടന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നതതെന്നും​ ഒപ്പും വിഭജനാനന്തര ഇന്ത്യയുടെ 70 വര്‍ഷം കാലയളവിലുള്ള സംഭവങ്ങളും ചിത്രം പറഞ്ഞുപോകുന്നുണ്ടെന്നാണ് ബോളിവുഡിൽ നിന്നും വരുന്ന റിപ്പോർട്ട്. ഒരു മനുഷ്യന്റെയും ജനതയുടെയും ഒരുമിച്ചുള്ള യാത്ര, എന്നാണ് ചിത്രത്തെ സംവിധായകൻ അലി അബ്ബാസ് സഫർ വിശേഷിപ്പിക്കുന്നത്.

മുംബൈ, ഡൽഹി, അബുദാബി, സ്പെയിൻ, മാൾട്ട എന്നിവിടങ്ങളിലാണ് ‘ഭാരത്’ ചിത്രീകരിക്കുന്നത്. ദിശ പടാനി, സുനിൽ ഗ്രോവർ, ജാക്കി ഷ്‌റോഫ്, താബു, മാനവ് വിജ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. 2019 ൽ ഈദിനോട് അടുപ്പിച്ചാവും ചിത്രം റിലീസിനെത്തുക. അതുൽ അഗ്നിഹോത്രിയുടെ റീൽ ലൈഫ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡും ഭൂഷൺ കുമാറിന്റെ ടി സീരീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read more: കൈയ്യിൽ പണമില്ല; വിവാഹം കഴിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി സൽമാൻ ഖാൻ

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ