മലയാളത്തിലും തമിഴിലും മറ്റു തെന്നിന്ത്യൻ ഭാഷാചിത്രങ്ങളിലുമെല്ലാം ഒരുകാലത്ത് തിളങ്ങി നിന്ന നായികയാണ് ഭാനുപ്രിയ. രാജശിൽപ്പി, അഴകിയ രാവണൻ, ഹൈവേ, കൊച്ചു കൊച്ചു സന്തോഷങ്ങൾ, മഞ്ഞുപോലൊരു പെൺകുട്ടി തുടങ്ങി ഭാനുപ്രിയ അഭിനയിച്ച ചിത്രങ്ങളെല്ലാം മലയാളികൾ ഇന്നും ഓർത്തിരിക്കുന്നവയാണ്. നർത്തകിയെന്ന രീതിയിലും ഏറെ ശ്രദ്ധ നേടാൻ ഭാനുപ്രിയയ്ക്കു സാധിച്ചു.
ഇപ്പോഴിതാ, ജീവിതം കടന്നുപോവുന്ന പ്രതിസന്ധിയെ കുറിച്ച് മനസ്സു തുറക്കുകയാണ് ഭാനുപ്രിയ. ഭർത്താവിന്റെ മരണശേഷം രണ്ടുവർഷമായി താൻ ഓര്‍മക്കുറവ് നേരിടുകയാണെന്നും അത് തന്റെ നൃത്തത്തേയും അഭിനയത്തേയുമെല്ലാം ബാധിക്കുന്നുണ്ടെന്നുമാണ് ഒരു തെലുങ്ക് മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ഭാനുപ്രിയ പറയുന്നത്.
1998ലാണ് ആദര്‍ശ് കൗശലും ഭാനുപ്രിയയും വിവാഹിതരാവുന്നത്. 2005ൽ ഇവര്‍ വേര്‍പിരിഞ്ഞു. 2018ലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആദര്‍ശ് കൗശല്‍ മരിച്ചത്. അതിനുശേഷമാണ് ഓർമക്കുറവ് പ്രകടമായി കണ്ടുതുടങ്ങിയതെന്നും പ്രശ്നം രൂക്ഷമായി വരികയാണെന്നുമാണ് ഭാനുപ്രിയ വ്യക്തമാക്കുന്നത്.
ഒരു ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് സംഭാഷണങ്ങൾ മറന്നുപോയ അവസ്ഥ ഉണ്ടായെന്നും ഭാനുപ്രിയ പറയുന്നു. “സില നേരങ്ങളില്‍ സില മണിധര്‍ഗള്‍ എന്ന തമിഴ് ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ഞാൻ സംഭാഷണങ്ങൾ മറന്നുപോയി.” ഈ അവസ്ഥ കാരണം നൃത്തത്തോടുള്ള താൽപ്പര്യവും കുറഞ്ഞെന്നാണ് ഭാനുപ്രിയ പറയുന്നത്. വീട്ടിൽ പോലും ഇപ്പോൾ നൃത്തം ചെയ്യാറില്ലെന്നും നടി പറയുന്നു.