വിവാഹത്തോടെ അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണ് നടി ഭാമ. സിനിമയിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ് ഭാമ. വിവാഹിതയായശേഷം സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമാണ് ഭാമ. ഇടയ്ക്കിടെ തന്റെ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കു വയ്ക്കാറുണ്ട്.
ഭർത്താവ് അരുണിനൊപ്പമുളള ഭാമയുടെ പുതിയ ഫൊട്ടോഷൂട്ട് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവന്നിട്ടുണ്ട്. റൊമാന്റിക് മൂഡിലുളള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. നിങ്ങളുടെ ആത്മാവിനെ സന്തോഷിപ്പിക്കുന്നതെന്തും ചെയ്യൂവെന്ന ക്യാപ്ഷനോടെ ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഭാമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്.
സജിത്തും സുജിത്തും ചേർന്നാണ് ഭാമയെ ഒരുക്കിയത്. ഇരുവരും ഫൊട്ടോഷൂട്ടിൽനിന്നുളള ചിത്രങ്ങൾ ഷെയർ ചെയ്തിട്ടുണ്ട്. റെജി ഭാസ്കർ ആണ് ചിത്രങ്ങൾ പകർത്തിയത്.
അടുത്തിടെ ഭാമ അമ്മയായിരുന്നു. മാർച്ച് 12നാണ് ഭാമ ഒരു പെൺകുഞ്ഞിനു ജന്മം നൽകിയത്. മകൾ ജനിച്ച വിവരമോ ചിത്രങ്ങളോ ഒന്നും താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നില്ല. പക്ഷേ ഏതാനും ദിവസം മുൻപ് മകൾ വന്നതിനു ശേഷമുള്ള ജീവിതത്തെ കുറിച്ചും മകൾക്കായി ഒരുക്കിയ ഒരു അമൂല്യമായ സമ്മാനത്തെ കുറിച്ചുമുള്ള കുറിപ്പ് ഭാമ പങ്കുവച്ചിരുന്നു.
Read More: ജൂണിലെ ഭാമയുടെ സ്‌പെഷ്യൽ ഡേ; മനോഹര ചിത്രം പങ്കുവച്ച് പ്രിയതാരം
“മകൾ വന്നതോടെ ഞങ്ങളുടെ ജീവിതം കൂടുതൽ പ്രകാശമാനമായി. അവളെ ആദ്യമായി കൈകളിൽ എടുത്തപ്പോൾ എന്റെ ലോകം മുഴുവൻ മാറിപ്പോയതുപോലെയാണ് അനുഭവപ്പെട്ടത്. വളരുമ്പോൾ അവളെ കാണിക്കാനായി ഒരുപിടി അമൂല്യമായ ഓർമകൾ സൂക്ഷിച്ചുവയ്ക്കുകയാണ് ഞാൻ,” ഭാമ കുറിച്ചു.
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു. പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം.