കഴിഞ്ഞ ജനുവരിയിലായിരുന്നു നടി ഭാമയും അരുണും തമ്മിലുള്ള വിവാഹം. താരത്തിന്റെ വിവാഹത്തിന്റെയും റിസപ്ഷന്റെയുമെല്ലാം ചിത്രങ്ങൾ ആരാധകരുടെ മനം കവർന്നിരുന്നു. ലോക്ക്‌ഡൗൺ കാലത്ത് തന്റെ വിശേഷങ്ങളും കുടുംബചിത്രങ്ങളും പങ്കുവയ്ക്കുകയാണ് താരം. ലോക്ക്ഡൗണിനിടയിലും ആഘോഷങ്ങളില്ലാതെ കടന്നുപോയ വിഷുദിനത്തിൽ നിന്നും പ്രിയപ്പെട്ടവനോടൊപ്പമുള്ള ചിത്രമാണ് ഭാമ ഷെയർ ചെയ്തിരിക്കുന്നത്.
ജനുവരി 30 ന് കോട്ടയത്തു വെച്ചായിരുന്നു ഭാമയും ചെന്നിത്തല സ്വദേശിയും ദുബായിൽ ബിസിനസുകാരനുമായ അരുണും തമ്മിലുള്ള വിവാഹം. വീട്ടുകാർ ഉറപ്പിച്ച വിവാഹമാണെങ്കിലും ഇപ്പോൾ പ്രണയത്തിന്റെ മൂഡിലാണ് തങ്ങളെന്നും വിവാഹം ഉറപ്പിച്ചതിനു ശേഷമുള്ള പ്രണയം സുന്ദരമാണെന്നും ഭാമ നേരത്തെ പറഞ്ഞിരുന്നു. ഭാമയുടെ സഹോദരിയുടെ ഭർത്താവിന്റെ സുഹൃത്തും സഹപാഠിയുമാണ് അരുൺ. കുടുംബങ്ങൾ തമ്മിലുള്ള സൗഹൃദമാണ് വിവാഹത്തിലെത്തിയത്. വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോവാൻ തനിക്ക് ആഗ്രഹമില്ലെന്നും കൊച്ചിയിൽ തന്നെ സെറ്റിൽ ചെയ്യാനാണ് ആഗ്രഹമെന്നും അരുണും കൊച്ചിയിൽ സെറ്റിൽ ചെയ്യാനുള്ള ശ്രമങ്ങളിലാണെന്നും ഭാമ പറഞ്ഞു.
Read more: രാജ്ഞിയെപ്പോലെ ഭാമ; വിവാഹ റിസപ്ഷൻ ചിത്രങ്ങൾ
2007ൽ ലോഹിതദാസ് സംവിധാനം ചെയ്ത ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് ഭാമ അഭിനയരംഗത്തേക്ക് എത്തുന്നത്. രണ്ടാമത്തെ ചിത്രം വിനയൻ സംവിധാനം ചെയ്ത ‘ഹരീന്ദ്രൻ ഒരു നിഷ്കളങ്കൻ’ ആയിരുന്നു.
പിന്നീട് സൈക്കിള്‍, ഇവര്‍ വിവാഹിതരായാല്‍, ജനപ്രിയന്‍, സെവന്‍സ് തുടങ്ങി നിരവധി സിനിമകളില്‍ ഭാമ നായികയായിട്ടുണ്ട്. 2016ല്‍ റിലീസ് ചെയ്ത ‘മറുപടി’യാണ് അവസാനം റിലീസ് ചെയ്ത മലയാളചിത്രം. തമിഴ്, തെലുങ്ക്, കന്നഡ, എന്നിങ്ങനെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷ ചിത്രങ്ങളിലും ഭാമ അഭിനയിച്ചിട്ടുണ്ട്.
Read more: അരുണിനെ എനിക്കിഷ്ടപ്പെടാൻ കാരണം…; വിവാഹത്തെ കുറിച്ച് ഭാമ