/indian-express-malayalam/media/media_files/uploads/2021/03/bhadran-spadikam.jpg)
മോഹന്‍ലാല്‍ ആടുതോമയായും തിലകന്‍ ചാക്കോമാഷായും അഭ്രപാളികളിൽ ജീവിച്ച ‘സ്ഫടികം’ മലയാള സിനിമയിലെ കള്‍ട്ട് ചിത്രങ്ങളില്‍ ഒന്നായിരുന്നു. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നായ ആടുതോമയെ മലയാളികൾക്ക് സമ്മാനിച്ചത് സംവിധായകൻ ഭദ്രനായിരുന്നു. വർഷങ്ങൾക്കിപ്പുറവും ആടുതോമയും സ്ഫടികവും ആഘോഷിക്കപ്പെടുമ്പോൾ ഒരു സംവിധായകനെന്ന നിലയിൽ സന്തുഷ്ടനാണ് ഭദ്രൻ.
ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനം...
Posted by Bhadran Mattel on Sunday, 28 February 2021
ഇപ്പോഴിതാ ആടുതോമയുടെ ഒരു ആരാധകൻ തന്റെ പുതിയ വീടിന് സ്ഫടികം എന്ന് പേര് നൽകിയിരിക്കുന്നു. കാസർഗോഡ് പെരിയ സ്വദേശിയായ മനുവാണ് തന്റെ സ്വപ്നമായ വീടിന് സ്ഫടികം എന്ന് പേരിട്ടിരിക്കുന്നത്.
Read More: പഴയ മോഹൻലാലിനു എന്തു സംഭവിച്ചു എന്നറിയില്ല, വിഷമമുണ്ട്: ഭദ്രൻ
ഇതിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ഭദ്രൻ കുറിച്ച വാക്കുകൾ ഹൃദയ സ്പർശിയാണ്. ആരാധകരുടെ ഈ സ്നേഹമാണ് തന്റെയുള്ളിലെ അഗ്നിക്ക് ഇന്ധനമാകുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
"ഇത്തരം അനവധി പോസ്റ്റുകളും മെസ്സേജുകളുമാണ് അണയാതെ കത്തി നിൽക്കുന്ന എന്നിലെ അഗ്നിക്ക് ഇന്ധനം ആകുന്നത്. ഇവർ തരുന്ന പ്രചോദനമാണ് കെട്ടുമുറുകി കിടക്കുന്ന കൂച്ചുവിലങ്ങ് പൊട്ടിച്ച് വെളിയിൽ വരാൻ എന്നെ ആവേശം ആക്കുന്നത്..."'ഞാൻ വരും” ജീവിക്കുന്ന സിനിമകളുമായി ...." ഭദ്രൻ കുറിച്ചു.
‘സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷെയുമെല്ലാം 25 വർഷങ്ങൾക്കുശേഷവും മലയാളി ഓർത്തുകൊണ്ടേയിരിക്കുന്നു. തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടിക’മൊക്കെ കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്‍ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ എണീറ്റുനിന്നു കയ്യടപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.
'ജൂതൻ' എന്ന സിനിമയുടെ പണിപ്പുരയിലാണ് ഭദ്രനിപ്പോൾ. കൂടാതെ മോഹൻലാലിനെ നായകനാക്കി 'യന്ത്രം' എന്ന ചിത്രം ഒരുക്കുന്ന കാര്യവും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഭദ്രൻ-മോഹൻലാൽ കൂട്ടുകെട്ട് ഒരിക്കൽ കൂടി ഒന്നിക്കുമ്പോൾ സ്ക്രീനിൽ വിസ്മയം തീർക്കാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us