സംവിധായകൻ ഭദ്രൻ പതിനഞ്ചിൽ താഴെ ചിത്രങ്ങൾ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂ.  എന്നാൽ തനിമയും തന്മയത്വവുമുള്ള ക്രാഫ്റ്റ് കൊണ്ട് മലയാളസിനിമാലോകത്ത് തന്റേതായ ഒരു കയ്യൊപ്പ് പതിപ്പിക്കാൻ സാധിച്ച പ്രഗത്ഭനായ സംവിധായനാണ് ഭദ്രൻ. വിരലിലെണ്ണാവുന്ന ചിത്രങ്ങൾ കൊണ്ട് തന്നെ സംവിധാനത്തിലെയും ക്രാഫ്റ്റിലെയും തന്റെ മികവ് സുവർണ ലിപികളാൽ രേഖപ്പെടുത്താൻ ഭദ്രനെന്ന സംവിധായകന് കഴിഞ്ഞിട്ടുണ്ട്.

‘സ്ഫടിക’ത്തിലെ ആടുതോമയേയും ചാക്കോ മാഷെയും രാവുണ്ണി മാഷെയുമെല്ലാം 24 വർഷങ്ങൾക്കുശേഷവും മലയാളി ഓർത്തുകൊണ്ടേയിരിക്കുന്നു. തിയേറ്ററിൽ ആവേശമുണർത്തുന്ന വെറുമൊരു മാസ് പടത്തിനപ്പുറം ജീവിതത്തിന്റെ ആഴവും പരപ്പും കൂടി ഉണ്ടായിരുന്നതുകൊണ്ടാവാം ‘സ്ഫടിക’മൊക്കെ കാലാതിവർത്തിയായി ആഘോഷിക്കപ്പെടുന്നത്. മികച്ച പ്ലോട്ട്, കഥാപാത്രങ്ങളുടെ ബിൽഡ് അപ്, ഇമോഷൻസ് എന്നിവയ്‍‌ക്കൊക്കെ ഏറെ പ്രാധാന്യം നൽകിയായിരുന്നു സ്ഫടികം ഒരുക്കപ്പെട്ടത്. പ്രേക്ഷകരെ കൊണ്ട് എണീറ്റുനിന്നു കയ്യടപ്പിക്കുന്ന ആടുതോമയെന്ന വില്ലാളിവീരനായ നായകൻ തന്നെയാണ് അയാളുടെ ഫ്ളാഷ്ബാക്ക് സ്റ്റോറികളാൽ പ്രേക്ഷകരുടെ കണ്ണുകളെ ഈറനണിയിക്കുന്നതും. വർഷങ്ങൾക്കിപ്പുറവും പ്രേക്ഷകരെ ത്രസിപ്പിക്കുന്ന ആക്ഷൻ ഹീറോയാണ് ആടുതോമ.

Read more: ഇതെന്റെ റെയ്ബാന്‍ ഗ്ലാസ്, ഇതിലെങ്ങാനും നീ തൊട്ടാല്‍…

സ്ഫടികം’, ‘അയ്യർ ദ ഗ്രേറ്റ്’, ‘വെള്ളിത്തിര’, ‘ഉടയോൻ’, ‘ഒളിമ്പ്യൻ അന്തോണി ആദം’, ‘യുവതുർക്കി’, ‘അങ്കിൾ ബൺ’ എന്നിങ്ങനെ നിരവധി നല്ല ചിത്രങ്ങൾ സമ്മാനിച്ച ഭദ്രൻ 14 വർഷങ്ങൾക്കു ശേഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനത്തിലേക്ക് തിരിച്ചെത്തുകയാണ് ‘ജൂതൻ’ എന്ന ചിത്രത്തിലൂടെ. എൺപതുകളിലും തൊണ്ണൂറുകളിലും ശ്രദ്ധേയമായ ചിത്രങ്ങൾ മലയാളത്തിനു സമ്മാനിച്ച ഭദ്രന്റെ ‘ജൂതനെ’ ആവേശത്തോടെ വരവേൽക്കുകയാണ് സിനിമാലോകവും പ്രേക്ഷകരും. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രം ‘ഉടയോൻ’ ആണ് അവസാനമായി തിയേറ്ററുകളിലെത്തിയ ഭദ്രൻ ചിത്രം.

സൗബിൻ സാഹിറാണ് ‘ജൂതനി’ൽ കേന്ദ്രകഥാപാത്രമായി എത്തുന്നത്. ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്‌കളങ്കനും അതേസമയം ബുദ്ധിവൈഭവവും ഉള്ള ജൂത കഥാപാത്രത്തെയാണ് സൗബിന്‍ ജൂതനിൽ അവതരിപ്പിക്കുന്നത്. നിഗൂഢതകൾ ഏറെയുള്ള ഒരു ഫാമിലി ത്രില്ലർ ഹിസ്റ്റോറിക്കൽ ചിത്രമാണ് ജൂതൻ എന്നാണ് റിപ്പോർട്ട്. സൗബിനൊപ്പം ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. ഇന്ദ്രൻസ്, ജോയിമാത്യു എന്നിവരും ചിത്രത്തിലുണ്ട്.

ലോകനാഥന്‍ ശ്രീനിവാസനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍. സുഷിന്‍ ശ്യാം സംഗീതസംവിധാനവും ബംഗ്ലൻ കലാസംവിധാനവും നിർവ്വഹിക്കും. റൂബി ഫിലിംസിന്റെ ബാനറിൽ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമൻ എന്നിവർ ചേർന്നു നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സുരേഷ് ബാബു ആണ്. ഡോ. മധു വാസുദേവൻ ആണ് ഗാനങ്ങൾ എഴുതിയിരിക്കുന്നത്.

ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ നടന്‍ മോഹന്‍ലാല്‍ ഇന്നലെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തിരുന്നു. കാളയുടെ കൊമ്പിലിരുന്ന് ആടുന്ന കുട്ടി, നീന്തികളിക്കുന്ന മത്സ്യങ്ങൾ, കത്തിജ്വലിക്കുന്ന ഏഴ് മെഴുകുതിരികൾ എന്നീ കാഴ്ചകളാണ് മോഷന്‍ പോസ്റ്ററില്‍ നിറയുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook