കൊച്ചി: ഒരു സിനിമ കാണാന്‍ പുറപ്പെടുമ്പോള്‍ നമ്മള് ആദ്യം നോക്കുക തിയറ്ററിന്റെ ഗുണനിലവാരമാണ്. ദൃശ്യത്തിലും ശബ്ദത്തിലും നിലവാരം പുലര്‍ത്തുന്ന തിയറ്റുകളാണ് നാം എപ്പോഴും തിരഞ്ഞെടുക്കുക. ടിക്കറ്റ് നിരക്ക് കൂടിയാലും ഗുണനിലവാരമുള്ള തിയറ്ററില്‍ ഇരുന്ന് തന്നെ സിനിമ കാണാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നവരാണ് ഇപ്പോഴത്തെ പുതിയ തലമുറ. എങ്കില്‍ കേരളത്തിലെ ഏറ്റവും മികച്ച മൂന്ന് തിയറ്ററുകള്‍ ഏതൊക്കെയായിരിക്കും? അതിനു മറുപടി നല്‍കുകയാണ് ഇവിടെ.
തൃശൂരിലെ ചേതന സ്ഥാപനങ്ങളുടെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി തൃശൂര്‍ റീജണല്‍ തീയേറ്ററില്‍ നടന്ന സെമിനാറിലാണ് മികച്ച മൂന്ന് തിയറ്ററുകളെ തിരഞ്ഞെടുത്തത് തിരഞ്ഞെടുത്തത്. തിരുവനന്തപുരത്തെ ‘ഏരീസ്പ്ലക്സ് എസ്എല്‍ സിനിമാസ്’, തൃശൂരിലെ ‘ജോര്‍ജേട്ടന്‍സ് രാഗം’, കോഴിക്കോട് മുക്കത്തെ ‘റോസ് സിനിമാസ്’ എന്നിവയെയാണ് കേരളത്തിലെ ഏറ്റവും മികച്ച തിയറ്ററുകളായി തിരഞ്ഞെടുത്തിരിക്കുന്നത്. ദൃശ്യ-ശ്രാവ്യ മികവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
ശബ്ദ സംവിധാന രംഗത്തെ വിദഗ്ധരും സിനിമാ രംഗത്തെ സംഘടനാ നേതാക്കന്മാരുമായി തിയറ്ററുകളിൽ ശബ്ദ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യുകയും അതോടൊപ്പം കേരളത്തിലെ ഏറ്റവും മികച്ച ശബ്ദ ദൃശ്യ മികവുള്ള മൂന്നു തീയേറ്ററുകളെ തിരഞ്ഞെടുക്കുകയുമായിരുന്നു.
Read Also: മഹാരാജാസിലെ മമ്മൂട്ടി ഇങ്ങനെയായിരുന്നു; മഹാനടന്റെ അത്യപൂർവ ചിത്രം
‘മിക്സ് റൂം ടു എക്സിബിഷന് ഹാള്‍’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സെമിനാര്‍ നടന്നത്. ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന് ഭാരവാഹികളായ ബി.ആര്.ജേക്കബ്, ഷൈജു അഗസ്റ്റിന്, സൗണ്ട് മിക്സിംഗ് എന്‍ജിനീയര്‍മാരായ അജിത്ത് എബ്രഹാം ജോര്‍ജ്, വിനു വി.ശിവറാം, ഹരികുമാര്‍ നായര്‍, എം.ആര്. രാജകൃഷ്ണന്, ഡോള്‍ബി ഇന്ത്യ പ്രതിനിധി ഹരീന്ദ്രനാഥ് ദ്വാരക തുടങ്ങിയവര്‍ സെമിനാറിൽ പങ്കെടുത്തു.