അകാലത്തില്‍ പൊലിഞ്ഞുപോയ ജമൈക്കന്‍ സംഗീതഞ്ജനായ ബോബ് മാര്‍ലി കൂടുതല്‍ പ്രശസ്തനായത് മരണശേഷമാണെന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയില്ല. സംഗീതവും ഒരു മാധ്യമമാണെന്നു വിശ്വസിക്കുന്നവര്‍ക്ക് ഒരിക്കലും, ഒരിക്കലും മറക്കാന്‍ കഴിയാത്ത ബോബ് മാര്‍ലിയുടെ അപൂര്‍വസൂന്ദരരമായ അഞ്ച് ഗാനങ്ങളാണ് പരിചയപ്പെടുത്തുന്നത്.

ബഫലോ സോള്‍ജിയര്‍
കറുപ്പിന്റെ ശക്തിയും സൗന്ദര്യവും പോരാട്ടവീര്യവും വിളിച്ചുപറയുന്ന ബഫലോ സോള്‍ജിയര്‍ എന്ന ഗാനം സമീപകാലത്ത് പോലും യൂട്യൂബ് ഹിറ്റുകളിലൊന്നാണ്. 1980ലാണ് ഗാനം റെക്കോര്‍ഡ് ചെയ്തത്. പുറത്തിറങ്ങിയത് ബോബ് മാര്‍ലിയുടെ മരണശേഷം 1983ലും.
അമേരിക്കയിലെ കറുത്തവര്‍ഗക്കാരായ പട്ടാളക്കാരെ പശ്ചാത്തലമാക്കിയാണ് ബോബ് മാര്‍ലി ബഫലോ സോള്‍ജിയേഴ്‌സിന്റെ വരികളെഴുതിയത്. ‘നീഗ്രോ സോള്‍ജിയേഴ്‌സ്’ എന്നും ഇവര്‍ അറിയപ്പെട്ടിരുന്നു. വടക്കേ അമേരിക്കയിലെ തദ്ദേശീയരും അവിടെ കോളനി സ്ഥാപിച്ച വെള്ളക്കാരുമായി 1800കളില്‍ ഉണ്ടായ പോരാട്ടമാണ് ഈ പാട്ടിന്റെ ഇതിവൃത്തം.

Read More: സമരം, സംഗീതം: ഗെറ്റ് അപ് സ്റ്റാന്റ് അപ്, ഫോര്‍ യുവര്‍ റൈറ്റ്സ്!

ഗെറ്റ് അപ് സ്റ്റാന്റ് അപ്
അടിച്ചമര്‍ത്താന്‍ ഒരു ശക്തി നിങ്ങള്‍ക്ക് മുഖാമുഖം വന്നാല്‍ ഈ ഗാനത്തിലെ വരികളോളം വരില്ല മറ്റൊരു പ്രചോദനവും. പ്രതിരോധത്തിനും സമരത്തിനും ജമൈക്കയിലെ ദരിദ്രരെ ആഹ്വാനം ചെയ്യുന്ന ഗാനം ലോകം ഇന്നും നെഞ്ചോട് ചേര്‍ക്കുന്നു.

ഐ ഷോട്ട് ദ ഷെരിഫ്
അധികാരിയായ പൊലീസുകാരനെ താന്‍ വെടിവച്ചെന്നും അത് ആത്മരക്ഷയ്ക്കുവേണ്ടിയായിരുന്നെന്നും എന്നാൽ തന്നിൽ കുറ്റമാരോപിക്കുന്നതുപോലെ ഡെപ്യൂട്ടിയെ വെടിവച്ചില്ലെന്നും വിളിച്ചുപറയുന്ന ‘ഐ ഷോട്ട് ദ ഷെരിഫി’ലെ ആഖ്യാതാവ് ജമൈക്കന്‍ തെരുവിന്റെ പ്രതിനിധിയാണ്. ആ ഷെരീഫ് വംശീയവിദ്വേഷത്തിന്റെ പ്രതിനിധിയാണെന്നു വ്യക്തം.

റിഡംപ്ഷന്‍ സോംങ്ങ്
ജമൈക്കന്‍ വംശജനും കറുത്തവരുടെ അന്തര്‍ദ്ദേശീയ നേതാവുമായിരുന്ന മാര്‍കസ് ഗാവേയുടെ ഒരു പ്രസംഗമാണ് ‘റിഡംപ്ഷന്‍ സോങ്ങി’നാധാരം. മാനസിക അടിമത്ത്വത്തില്‍ നിന്നും സ്വയം മോചിതമാകണമെന്ന് ജനങ്ങളെ ആഹ്വാനം ചെയ്യുന്നതാണ് റിഡംപ്ഷന്‍ സോംങ്ങ്.

Read More: കേരളാ പൊലീസിന്റെ പേടിസ്വപ്നത്തിന് ഇന്ന് 72 വയസ്സ് തികയുന്നു

നോ വുമണ്‍, നോ ക്രൈ
എന്റെ ശവമഞ്ചം ഏന്തി തെരുവിലൂടെ നടക്കുമ്പോള്‍ ഈ ഗാനം ഏറ്റുപാടണമെന്നാണ് ഒരു സംഗീതപ്രേമി ഈ ഗാനത്തെ കുറിച്ച് പറഞ്ഞത്. അടിച്ചമര്‍ത്തപ്പെടുമ്പോഴും ഭാര്യമാര്‍ക്കും അമ്മമാര്‍ക്കും സഹോദരിമാര്‍ക്കും വേണ്ടി അരുതേ സ്ത്രീയേ, കരയരുതേ.. എന്ന വാക്കുകളിലൂടെയാണ് ആഖ്യാതാവ് ധൈര്യം പകരുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ