Latest News

#ExpressRewind: പ്രതീക്ഷയുടെ ആദ്യ ഫ്രെയിമുകള്‍

#ExpressRewind: ആദ്യ സിനിമ കൊണ്ടു തന്നെ തങ്ങളുടെ പ്രതിഭയെ അടയാളപ്പെടുത്തിയ അഞ്ച് പുതുമുഖസംവിധായകരും അവരുടെ ചിത്രങ്ങളും

malayalam full movie 2018, 2018 movies, malayalam cinema 2018, best debut malayalam films, malayalam films in 2018, ഈട, ക്യാപ്റ്റൻ, സുഡാനി ഫ്രം നൈജീരിയ, തീവണ്ടി, ഒടിയൻ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

വലുതും ചെറുതുമായ 150 ലേറെ സിനിമകളാണ് മലയാളത്തിൽ ഈ വർഷം റിലീസിനെത്തിയത്. സമകാലിക മലയാള സിനിമകളുടെ മാസ്റ്റേഴ്സിനൊപ്പം തന്നെ ഏറെ പുതുമുഖ സംവിധായകരും തങ്ങളുടെ വരവറിയിച്ച വർഷമായിരുന്നു 2018. കലാമൂല്യമുള്ള ചിത്രങ്ങളും മാസ്സ് പടങ്ങളുമൊക്കെയായി നവാഗതരിൽ പലരും ബോക്സ് ഓഫീസിൽ വിജയം കൊയ്തപ്പോൾ ചിലരൊക്കെ പരാജയം ഏറ്റുവാങ്ങേണ്ടിയും വന്നു.

പുത്തൻ പ്രതീക്ഷകൾ നൽകി 2018 ൽ മലയാള സിനിമയിലേക്ക് കടന്നു വന്ന, ആദ്യസിനിമ കൊണ്ടു തന്നെ തങ്ങളുടെ പ്രതിഭയെ അടയാളപ്പെടുത്തിയ, ശ്രദ്ധേയരായ പുതുമുഖ സംവിധായകരെയും, ബോക്സ് ഓഫീസിലും നിരൂപകർക്ക് ഇടയിലും ശ്രദ്ധേയമായ അവരുടെ ആദ്യ ചിത്രങ്ങളെയും ഒന്നുകൂടി ഓർക്കാം.

കണ്ണൂർ രാഷ്ട്രീയത്തിന്റെ കഥ പറഞ്ഞ ‘ഈട’

ഒരു സംവിധായകനെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ ഉദ്യമമായിരുന്നു ആദ്യ ചിത്രമായ ‘ഈട’യിലൂടെ ബി. അജിത് കുമാർ ഏറ്റെടുത്തത്. അതു കൊണ്ടുതന്നെ, മികച്ച എഡിറ്റർക്കുള്ള ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ അജിത്കുമാറിന്റെ ആദ്യ സംവിധാന സംരംഭമായ ‘ഈട’ 2018 ന്റെ ആദ്യത്തിൽ ഏറെ ശ്രദ്ധ നേടിയ ചിത്രങ്ങളിലൊന്നാണ്. നിരവധിയേറെ രക്തസാക്ഷിത്വത്തിന്റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കഥകൾ പറയാനുള്ള കണ്ണൂരിനെ പശ്ചാത്തലമാക്കി ഒരു രാഷ്ട്രീയ സിനിമയെടുക്കാൻ അജിത് കുമാർ കാണിച്ച ധൈര്യത്തെ ധീരമായൊരു ചുവടുവെപ്പായും സാഹസമായുമൊക്കെയായാണ് നിരൂപകർ അടയാളപ്പെടുത്തിയത്.

രാഷ്ട്രീയത്തിന്‍റെ പേരിലുളള അരാഷ്ട്രീയതയുടെ സൂക്ഷ്മമായ അടയാളപ്പെടുത്തലുകളാണ് ‘ഈട’ എന്ന ചിത്രത്തിൽ മലയാളി കണ്ടത്. പ്രണയവും രാഷ്ട്രീയവും മനുഷ്യരുടെ അതിജീവനവും പറഞ്ഞ് കണ്ണൂർ എന്ന രാഷ്ട്രീയ ഭൂമികയുടെ ഉള്ളറകളിലെ പൊള്ളുന്ന യാഥാർഥ്യങ്ങളെ ചിത്രം അടയാളപ്പെടുത്തി.

Read more: ഈട: ഓരോ മലയാളിയും തിയേറ്ററിൽ ഇരുന്ന് പൊളളിനീറി അനുഭവിക്കേണ്ട ചിത്രം

‘സുഡാനി ഫ്രം നൈജീരിയ’ എന്ന സ്നേഹഗാഥ

അതിർത്തികൾക്ക് അപ്പുറത്തേക്ക് വളരുന്ന, ദേശത്തിനും ഭാഷയ്ക്കും അതീതമായ സ്നേഹത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു നവാഗത സംവിധായകനായ സക്കരിയ സംവിധാനം ചെയ്ത ‘സുഡാനി ഫ്രം നൈജീരിയ’. തെളിനീരുറവ പോലുള്ള സ്നേഹവും ദയയും മനുഷ്യത്വവും കരുണയുമൊക്കെ കൊണ്ട് മലയാളികളുടെ മനസ്സാക്ഷിയെ തൊട്ടുണർത്തിയ ഈ കൊച്ചുചിത്രം ബോക്സ് ഓഫീസിലും ഏറെ വിജയം കൊയ്ത ചിത്രമായിരുന്നു.

മലബാറിന്റെ ഏറ്റവും വലിയ ആവേശമായ ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ ഒരു നാടിന്റെ സ്‌നേഹവും സംസ്‌കാരവുമൊക്കെ കാട്ടി തന്ന ‘സുഡാനി ഫ്രം നൈജീരിയ’, നൈജീരിയയില്‍ നിന്നുള്ള കളിക്കാരനും മലപ്പുറത്തുകാരനായ ഫുട്‌ബോള്‍ ടീം മാനേജരും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറഞ്ഞത്. സൗബിൻ സാഹിർ എന്ന നടന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച വെച്ച ചിത്രം, സാവിത്രി ശ്രീധരൻ, സരസ ബാലുശ്ശേരി എന്നീ മികച്ച രണ്ടു​ അഭിനേത്രികളെ കൂടി മലയാളസിനിമയ്ക്കു പരിചയപ്പെടുത്തുകയായിരുന്നു.

Read more: സുഡാനി ഫ്രം നൈജീരിയ; ഹൃദയത്തിലേയ്ക്ക് ഒരു ഗോൾ

ഫുട്ബോളിനെ പ്രണയിച്ച സത്യന്റെ കഥ പറഞ്ഞ്’ക്യാപ്റ്റൻ’

കേരളം കണ്ട ഏറ്റവും മികച്ച ഫുട്‌ബോള്‍ താരം വി.പി.സത്യന്‍റെ ജീവിതം ആസ്പദമാക്കി നവാഗതനായ ജി.പ്രജേഷ് സെന്‍ ഒരുക്കിയ ചിത്രമായിരുന്നു ‘ക്യാപ്റ്റന്‍’. ജയസൂര്യയാണ് ചിത്രത്തില്‍ വി.പി.സത്യനായി എത്തിയത്. ഓരോ ശ്വാസത്തിലും കാല്‍പ്പന്തിനെ സ്നേഹിച്ച, അവഗണനകളുടേയും, അപമാനങ്ങളുടേയും നടുവിലും വിജയിയുടെ പുഞ്ചിരിയണിയാന്‍ പരിശ്രമിക്കുന്ന സത്യൻ സിനിമ കണ്ടിറങ്ങുന്നവരുടെ ഉള്ളില്‍ വിങ്ങലായി മാറുന്ന രീതിയിൽ അതിമനോഹരമായി തന്നെ പ്രജേഷ് സെൻ ചിത്രം ഒരുക്കി.

കളിക്കളത്തിലെ സത്യനെ മാത്രമല്ല, ജീവിതത്തിലെ സത്യനെക്കുറിച്ചും സംസാരിച്ച ചിത്രമായിരുന്നു ‘ക്യാപ്റ്റൻ’. പ്രാണനോളം സ്‌നേഹിച്ച കാല്‍പ്പന്തിന്‍റെ ലോകത്തു നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നതോടെ വിഷാദത്തിലേക്കു നീങ്ങുകയും ഒടുവില്‍ 2006 ജൂലൈ 18ന് ഈ ലോകത്തോടു തന്നെ യാത്ര പറയുകയും ചെയ്ത സത്യന്‍റെ മരണത്തിനും ജീവിതത്തിനുമുള്ള ഉത്തരം കൂടിയാണ് ‘ക്യാപ്റ്റന്‍’ മലയാളിക്ക് തന്നത്.

Read more: മറവിയുടെ കയങ്ങളിലെ ഫുട്ബാള്‍ ആരവങ്ങള്‍: സത്യനായി ഉദിച്ച് ജയസൂര്യ

ഫെല്ലിനിയുടെ ‘തീവണ്ടി’, ടൊവിനോയുടെയും

വളരെ ലളിതമായൊരു കഥയെ തമാശകളുടെ അകമ്പടിയോടെ, അതിവൈകാരികതയില്ലാതെ നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിച്ച ചിത്രമായിരുന്നു ‘തീവണ്ടി’. പുകവലി നിർത്താൻ നിർബന്ധിതനായ ഒരു ചെയിൻ സ്മോക്കറുടെ കഥ പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ ഫെല്ലിനി ടിപി ആയിരുന്നു. തനിക്ക് ഹാസ്യവും നന്നായി വഴങ്ങുമെന്ന് ടൊവിനോ തെളിയിച്ച ചിത്രം കൂടിയായിരുന്നു ‘തീവണ്ടി’. ഒരു കൊച്ചുചിത്രത്തിന്റെ പരിമിതികൾക്കിടയിലും അഭിനേതാക്കളുടെ മികച്ച പ്രകടനം കൊണ്ടും മനോഹരമായ പാട്ടുകൾ കൊണ്ടും ബോക്സ് ഓഫീസിൽ വിജയം നേടാൻ തീവണ്ടിയ്ക്ക് കഴിഞ്ഞു.

 

Read more: Theevandi Review: ജീവിത ലഹരിയിൽ ഒരു ‘തീവണ്ടി’ യാത്ര

ബോക്സ് ഓഫീസിനെ ഉണർത്തി ‘ഒടിയൻ’

പ്രളയാനന്തര കേരളത്തിലെ സിനിമാ ഇൻഡസ്ട്രിയ്ക്കും ബോക്സ് ഓഫീസിനും ഉണർവ്വു നൽകികൊണ്ടാണ് ‘ഒടിയൻ’ എന്ന സിനിമ തിയേറ്ററുകളിലെത്തിയത്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിഎ ശ്രീകുമാരൻ മേനോന്റെ ആദ്യ സംവിധാന സംരഭമായ ‘ഒടിയൻ’ ചിത്രീകരണം തുടങ്ങിയതു മുതൽ തന്നെ പ്രേക്ഷകരിൽ ഏകെ ആകാംക്ഷയുണർത്തിയ ചിത്രമായിരുന്നു. ചിത്രത്തിനു വേണ്ടി മോഹൻലാൽ എന്ന നടൻ നടത്തിയ തയ്യാറെടുപ്പുകളും റിലീസിനു മുൻപായി ലഭിച്ച ഹൈപ്പുമെല്ലാം ‘ഒടിയനെ’ വാർത്തകളിൽ സജീവമാക്കി.

ചിത്രം റിലീസിനെത്തിയതോടെ ‘ഒടിയൻ’ വീണ്ടും വാർത്തകളിൽ നിറഞ്ഞത് ചിത്രത്തിനെതിരെ ലഭിച്ചു കൊണ്ടിരിക്കുന്ന നെഗറ്റീവായ അഭിപ്രായ പ്രകടനങ്ങളിലൂടെയായിരുന്നു. ആദ്യ ഷോ കഴിയുന്നതിനു മുൻപു തന്നെ ചിത്രത്തെ കുറിച്ച് മോശമായ അഭിപ്രായപ്രകടനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും സംഘടിതമായ ആക്രമണം കനത്തതോടെ സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫെയ്സ്ബുക്ക് പേജ് നെഗറ്റീവ് കമന്റുകൾകൊണ്ടും അസഭ്യ വര്‍ഷം കൊണ്ടും നിറയുകയും ചെയ്തു.

ആദ്യഷോകൾക്ക് ലഭിച്ച നെഗറ്റീവ് കമന്റുകളെയും സംഘടിത ആക്രമണങ്ങളെയും അതിജീവിച്ച് ‘ഒടിയൻ’ പിടിച്ചു കയറുന്ന കാഴ്ചയാണ് പിന്നീട് മലയാളി കണ്ടത്. കുടുംബപ്രേക്ഷകർ സിനിമ ഏറ്റെടുത്തതോടെ സൈബർ ആക്രമണങ്ങൾക്ക് വിരാമമാവുകയും ‘ഒടിയൻ’ തുടക്കത്തിലെ പ്രതിസന്ധികളെ തരണം ചെയ്യുകയും ചെയ്തു. ഈ വർഷം ഏറെ വാർത്തകളിൽ നിറഞ്ഞ, വലിയൊരു ക്യാൻവാസിലൊരുക്കപ്പെട്ട ചിത്രമെന്ന രീതിയിലും ശ്രീകുമാർ മേനോൻ എന്ന നവാഗത സംവിധായകന്റെ അരങ്ങേറ്റ ചിത്രമെന്ന രീതിയിലും 2018 ലെ ശ്രദ്ധേയ ‘ഡെബ്യൂ സിനിമ’കളുടെ പട്ടികയിൽ ‘ഒടിയനും’ ഒരു പ്രത്യേക സ്ഥാനം കയ്യാളുന്നുണ്ട്.

Read More: Odiyan Review: പ്രതീക്ഷാ ഭാരം ചുമക്കുന്ന ചിത്രത്തെ തോളിലേറ്റി നടത്തുന്ന നായകന്‍: ‘ഒടിയന്‍’ റിവ്യൂ

റോഷ്നി ദിനകര്‍, സൗമ്യ സദാനന്ദന്‍

സംവിധാനത്തിലെ വനിതാ സാന്നിധ്യം

വിരലിലെണ്ണാവുന്ന വനിതാ സംവിധായകർ മാത്രമുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിൽ രണ്ടു നവാഗത സംവിധായികമാർ കൂടി അരങ്ങേറ്റം കുറിച്ച വർഷമായിരുന്നു 2018. ‘മാഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലൂടെ സൗമ്യ സദാനന്ദനും ‘മൈ സ്റ്റോറി’യിലൂടെ രോഷ്നി ദിനകരും തങ്ങളുടെ സാന്നിധ്യം അറിയിച്ചു. രണ്ടു ചിത്രങ്ങൾക്കും ബോക്സ് ഓഫീസിൽ വലിയ വിജയം കൈവരിക്കാനായില്ലെങ്കിലും ഇരുവരുടെയും സിനിമാ പ്രാതിനിധ്യത്തെ നിസ്സാരമായി കാണാനാവില്ല. പുരുഷകേന്ദ്രീകൃതമായ സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള ശ്രദ്ധേയമായ കടന്നുവരവാണ് സൗമ്യ സദാനന്ദനും റോഷ്നി ദിനകറും നടത്തിയിരിക്കുന്നത്.

 

‘ഫെസ്റ്റിവൽ സർക്യൂട്ടി’ലെത്തിയ ആദ്യ ചിത്രങ്ങള്‍

തിയേറ്ററിൽ റിലീസിനെത്തിയ ചിത്രങ്ങളെ കുറിച്ചാണ് മുകളിൽ പരാമർശിച്ചതെങ്കിൽ, തിയേറ്ററിൽ എത്തിയിട്ടില്ലെങ്കിൽ പോലും, ഫെസ്റ്റിവൽ സർക്യൂട്ടിലും നിരൂപകർക്കിടയിലും ഏറെ ശ്രദ്ധിക്കപ്പെട്ട ചില ‘ഡെബ്യൂ’ ചിത്രങ്ങളും എടുത്തുപറയേണ്ടതുണ്ട്. 23-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ മലയാളം സിനിമ ഇന്ന് കാറ്റഗറിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട പികെ ബിജുക്കുട്ടന്റെ ‘ഓത്ത്’, ഉണ്ണികൃഷ്ണൻ ആവളയുടെ ‘ഉടലാഴം’, ഛായാഗ്രഹകനായ ബിനുഭാസ്കർ ആദ്യമായി സംവിധാനം ചെയ്ത ‘കോട്ടയം’, 2018 ലെ ഐഎഫ്എഫ്കെയിൽ ജൂറിയുടെ പ്രത്യേക പരാമർശം ലഭിച്ച വിനു എകെയുടെ ‘ബിലാത്തിക്കുഴൽ’, സുമേഷ് ലാലിന്റെ ‘ഹുമൻസ് ഓഫ് സംവൺ’, വിപിൻ രാധാകൃഷ്ണന്റെ ‘ആവേ മരിയ’, ഗൗതം സൂര്യയുടെ ‘സ്ലീപ്‌ലെസ്‌ലി യുവേഴ്സ്’ എന്നിവയും 2018 ലെ ശ്രദ്ധിക്കപ്പെട്ട അരങ്ങേറ്റചിത്രങ്ങളാണ്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Best debut malayalam films

Next Story
രാജമൗലിയുടെ മകന്റെ വിവാഹം; കെങ്കേമമാക്കാൻ ‘ബാഹുബലി’ താരങ്ങൾ ജയ്‌പൂരിൽSS Rajamouli, SS Rajamouli son, Karthikeya, Karthikeya wedding, Pooja Prasad, SS Rajamouli son wedding, Karthikeya Pooja Prasad wedding, Sushmita Sen, Prabhas, Anushka Shetty, Jr NTR, Ram Charan, Nani, Rana Daggubati, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express