ഒാരോ ഡിസംബറും വിടപറയലിന്റെയും തിരിഞ്ഞുനോട്ടത്തിന്റെയുമൊക്കെ മാസമാണ്. 2018 എന്ന വർഷം കടന്നു പോവുമ്പോൾ സിനിമാലോകത്തിനും നഷ്ടങ്ങളുടെയും നേട്ടങ്ങളുടെയും വിജയങ്ങളുടെയും പരാജയങ്ങളുടെയുമെല്ലാം ഏറെ കഥകൾ പറയാനുണ്ടാവും. 2018 ബോളിവുഡിന് താരതമ്യേന ഹിറ്റുകൾ കുറഞ്ഞ വർഷമായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തിയ ആമിർ ഖാൻ ചിത്രം ‘തംഗ്സ് ഓഫ് ഹിന്ദോസ്ഥാൻ’ പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങൾ പോലും ബോക്സ് ഓഫീസിൽ വലിയ വിജയങ്ങൾ നേടാതെ പോയപ്പോൾ, താരതമ്യേന ചെറിയ ബജറ്റിലൊരുക്കിയ അഞ്ചു ചിത്രങ്ങളാണ് ബോളിവുഡിന്റെ ഹൃദയം കവർന്നതെന്നു പറയേണ്ടി വരും. ഈ വർഷം പ്രമേയം കൊണ്ടും പുതുമകൊണ്ടും ബോളിവുഡ് ചിത്രങ്ങളിൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത് ‘റാസി’, ‘സ്ത്രീ’, ‘ബധായി ഹോ’, ‘അന്ധാദൂൻ’, ‘തുംബാദ്’ എന്നീ ചിത്രങ്ങളാണ്.

റാസി

ബോളിവുഡ് യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയയായ ആലിയ ഭട്ട് ആയിരുന്നു ‘റാസി’യെന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം. മേഘ്ന ഗുൽസാർ സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയയ്ക്ക് ഒപ്പം വിക്കി കൗശൽ, രജിത് കപൂർ, ശിശിർ ശർമ്മ, ജയ്‌ദീപ് അൽഹാവത് തുടങ്ങിയവരും ശ്രദ്ധേയവേഷങ്ങളെ അവതരിപ്പിച്ചു. 2018 മേയ് മാസമായിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്.

യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയൊരുക്കിയ ചിത്രത്തിൽ, തന്റെ അച്ഛന്റെ ആവശ്യപ്രകാരം പാകിസ്ഥാനി മിലിട്ടറി ഓഫീസറെ വിവാഹം കഴിക്കുന്ന ഇന്ത്യൻ ഏജന്റായ സെഹ്മത് ഖാൻ എന്ന ഇരുപത് വയസ്സുകാരി പെൺകുട്ടിയായാണ് ആലിയ അഭിനയിച്ചത്. 1971 ലെ ഇന്ത്യാ-പാകിസ്ഥാൻ യുദ്ധത്തിന്റെ കാലഘട്ടമാണ് ചിത്രം പറഞ്ഞത്. വിവാഹത്തിന് ശേഷം പാകിസ്ഥാനിലെത്തി ഭർത്താവിന്റെയും അവരുടെ മിലിട്ടറിയുടെയും നീക്കങ്ങൾ ഇന്ത്യൻ ഏജൻസിയെ അറിയിക്കുക എന്ന ദൗത്യം തന്റെ പരിമിതികളിൽ നിന്നുകൊണ്ട് സെഹ്മത് എങ്ങനെ പൂർത്തിയാക്കുന്നു തുടങ്ങിയ കാര്യങ്ങളാണ് ചിത്രം പരാമർശിക്കുന്നത്. ആലിയയുടെ മികവാർന്ന അഭിനയം തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം.

സ്ത്രീ

അമർ കൗഷിക് ഒരുക്കിയ ഹൊറർ കോമഡി ചിത്രമായിരുന്നു ആഗസ്ത് മാസം അവസാനത്തിൽ പുറത്തിറങ്ങിയ ‘സ്ത്രീ’. രാജ്‌കുമാർ റാവുവും ശ്രദ്ധാ കപൂറും മുഖ്യവേഷത്തിലെത്തിയ ചിത്രം ബോളിവുഡിൽ തരംഗം സൃഷ്ടിച്ച ചിത്രങ്ങളിലൊന്നാണ്. ചന്ദേരി എന്ന ഉത്തരേന്ത്യൻ ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുക്കിയ കഥയായിരുന്നു ‘സ്ത്രീ’. ചന്ദേരി ഗ്രാമത്തിലെ പുതു തലമുറയിൽപ്പെട്ട മൂന്നു കൂട്ടുകാരുടെെയും അതിലൊരാളുടെ പ്രണയിനിയുടെയും കഥയാണ് ചിത്രം പറഞ്ഞത്. നിഗൂഢമായ നാലു രാത്രികളുടെ ഭയവും ചിരിയുമൊക്കെയായിരുന്നു സിനിമയുടെ പ്രമേയം. ശ്രദ്ധ കപൂറിന്റെ സസ്പെൻസ് നിറഞ്ഞ കഥാപാത്രവും പ്രേക്ഷകപ്രീതി പിടിച്ചു പറ്റിയിരുന്നു.

ബധായി ഹോ

ആയുഷ്മാന്‍ ഖുറാന നായകനായെത്തി അമിത് ശര്‍മ്മ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ബധായി ഹോ’. സാന്യ മല്‍ഹോത്രയായിരുന്നു ചിത്രത്തിലെ നായിക. ഒക്ടോബറിൽ റിലീസിനെത്തിയ ‘ബധായി ഹോ’ ആയുഷ്മാൻ ഖുറാനയ്ക്ക് ഏറെ ജനപ്രീതി നേടി കൊടുത്ത ചിത്രങ്ങളിൽ ഒന്നു കൂടിയായിരുന്നു. ഡൽഹിയിലെ ഒരു മിഡിൽ ക്ലാസ്സ് ഫാമിലിയിൽ മധ്യവയസ്കയായ ഒരു സ്ത്രീ ഗർഭിണിയാവുന്നതും അതിനെ തുടർന്ന് കുടുംബത്തിലുണ്ടാവുന്ന രസകരമായ സംഭവങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

അന്ധാദൂൻ

ഈ വര്‍ഷത്തെ ഏറ്റവും മികച്ച ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക ആഗോള ചലച്ചിത്ര വെബ്‌സൈറ്റ് വിഭാഗമായ ഐഎംഡിബി പുറത്തു വിട്ട പട്ടികയിൽ ഒന്നാമതെത്തിയ ചിത്രം കൂടിയാണ് ആയുഷ്മാന്‍ ഖുരാന നായകനായ ‘അന്ധാദൂന്‍’. അന്ധനായ ഒരു പിയാനിസ്റ്റിന്റെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിച്ച ചില സംഭവവികാസങ്ങളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു അന്ധാദൂൻ.

തുംബാദ്

രാഹി അനിൽ ബാർവെയും അദേഷ് പ്രസാദും ചേർന്നു സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ ചിത്രമായിരുന്നു ‘തുംബാദ്’. 1918 മുതൽ 1947 വരെയുള്ള കാലഘട്ടത്തിലെ കഥയാണ് സിനിമ പറഞ്ഞത്. ഒരിക്കൽ ഉപേക്ഷിച്ചുപോയ ഒരു ഗ്രാമത്തിൽ 15 വർഷങ്ങൾക്കു ശേഷം നായകനെത്തുന്നതും നിധിരഹസ്യങ്ങൾ തേടുന്നതുമാണ് കഥയുടെ ഇതിവൃത്തം. സോഹം ഷാ ആണ് ചിത്രത്തിലെ നായകൻ. ഹിന്ദിയ്ക്കു പുറമെ മറാഠിയിലും ചിത്രം ഏറെ ജനപ്രീതി നേടിയിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ