ലോകത്തെ തന്നെ മികച്ച ചലച്ചിത്ര മേളകളില്‍ ഒന്നായ ജര്‍മ്മനിയിലെ ബെര്‍ലിന്‍ ചലച്ചിത്രമേളയിലെ ‘ടാലെന്റ്റ്‌’ വിഭാഗത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവരില്‍ മലയാളി ഛായാഗ്രാഹകന്‍ ഷെഹ്നാദ് ജലാലും. അടുത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ‘വിമാനം’ ഉള്‍പ്പെടെ പത്തോളം ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് തിരുവനന്തപുരം സ്വദേശിയായ ഷെഹ്നാദ്.

ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിതോത്സവത്തിനോടനുബന്ധിച്ച് നടക്കുന്ന വാര്‍ഷിക സമ്മേളനമാണ്‌ ‘ബെര്‍ലിനേല്‍ ടാലെന്റ്സ്’. ലോക സിനിമയില്‍ നിന്നും മികവിന്‍റെ അടിസ്ഥാനത്തില്‍ തെരെഞ്ഞെടുക്കപ്പെടുന്ന 250 ചലച്ചിത്ര പ്രവര്‍ത്തകരാണ് പത്തു ദിവസം നീണ്ട ചലച്ചിതോത്സവത്തിന്‍റെ ഭാഗമായി ഇതില്‍ പങ്കെടുക്കുന്നത്. ഫെബ്രുവരി 17 മുതല്‍ 22 വരെയാണ് ‘ടാലെന്റ്റ്‌ സമ്മിറ്റ്’ നടക്കുക. ഷെഹ്നാദിനെക്കൂടാതെ ഇന്ത്യയില്‍ നിന്നും  സംവിധായകന്‍ ഹോബം പബന്‍ കുമാര്‍, നിര്‍മ്മാതാവ് പിതോബാഷ്, നിരൂപകന്‍ കെന്നിത് റൊസാരിയോ എന്നിവരാണ് ‘ബെര്‍ലിനേല്‍ ടാലെന്റ്സി’ലേക്ക് തെരെഞ്ഞെടുക്കപ്പെട്ടവര്‍.

സത്യജിത് റേ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും ഛായാഗ്രാഹകണത്തില്‍ ബിരുദം നേടിയ ഷെഹ്നാദ്, സംവിധായകനും ഛായാഗ്രാഹകനും വേണുവിന്‍റെ സഹായിയായി      പ്രവര്‍ത്തിച്ചിട്ടുണ്ട്. വിപിന്‍ വിജയ്‌ സംവിധാനം ചെയ്ത ‘ചിത്രസൂത്രം’ എന്ന തന്‍റെ ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച ഛായാഗ്രാഹകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും കരസ്ഥമാക്കിയിട്ടുണ്ട്. കെ ആര്‍ മനോജ്‌ സംവിധാനം ചെയ്ത ഡോകുമെന്ററി ‘ദി പെസ്റെറിംഗ് ജേര്‍ണി’യ്ക്ക് കേരള രാജ്യാന്തര ഹ്രസ്വചിത്രമേളയിലെ മികച്ച ഛായാഗ്രാഹകനുള്ള ‘നവ്‌റോസ് കോണ്ട്രാക്ടര്‍’ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. ഓസ്ട്രേലിയ യിലെ ബ്രിസ്ബണില്‍ വച്ച് നടന്ന 2017ലെ ഏഷ്യ പസിഫിക് സ്ക്രീന്‍ പുരസ്കാരങ്ങളില്‍ പ്രത്യേക ജൂറി പരമാര്‍ശവും കരസ്ഥമാക്കിയ ഷെഹ്നാദ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ചിത്രം സുരേഷ് നാരായണ്‍ സംവിധാനം ചെയ്ത ‘ഇരട്ടജീവിത’മാണ്.


‘ബെര്‍ലിനേല്‍ ടാലെന്റ്സി’ല്‍ ഇതിനു മുന്‍പും മലയാളി ഛായാഗ്രാഹകരുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്, 2008 ല്‍ മനേഷ് മാധവന്‍ പങ്കെടുത്തതുള്‍പ്പെടെ. സഞ്ജു സുരേന്ദ്രന്‍ സംവിധാനം ചെയ്ത ‘ഏദന്‍’, കെ ഗോപിനാഥന്‍ സംവിധാനം ചെയ്ത ‘സമര്‍പ്പണം’, സുഷ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന ‘പത്മിനി’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് എറണാകുളം സ്വദേശിയായ മനേഷ് മാധവന്‍. ഫിലിം ആന്‍ഡ്‌ ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, പുണെയില്‍ നിന്നും ഛായാഗ്രാഹണത്തില്‍ ബിരുദം നേടിയിട്ടുള്ള മനേഷ് വിഖ്യാത പോളിഷ് സംവിധായകന്‍ ആന്ദ്രെ വായ്ദ, എല്ലെന്‍ കുരാസ്, സന്തോഷ്‌ ശിവന്‍ എന്നിവരുടെ ശിഷ്യനാണ്.

ചിത്രം. Poffactio/ഫേസ്ബുക്ക്‌

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ