വിഖ്യാത ബംഗാളി ചലച്ചിത്രകാരനും ദാദാ സാഹെബ് പുരസ്കാര ജേതാവുമായ മൃണാള്‍ സെന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയസ്തംഭനം നേരിട്ടതിനെത്തുടര്‍ന്നു, രാവിലെ പത്തു മണിയോടെ കൊല്‍കൊത്തയിലെ വസതിയിലായിരുന്നു അന്ത്യം.
Dadasaheb Phalke awardee film maker Mrinal Sen passed away at the age of 95 at his residence today.
— ANI (@ANI) December 30, 2018
‘ഭുവന്‍ ഷോം’, ‘അമര്‍ ഭുവന്‍’, ‘അന്തരീന്‍’, ‘ഏക് ദിന്‍ അചാനക്’, ‘ഖാണ്ഡഹാര്‍’, ‘ഏക് ദിന്‍ പ്രതിദിന്‍’, ‘മൃഗയ’, ‘കൊല്‍കൊത്ത’, ‘രാത് ബോരേ’, ‘ബൈഷേ ശ്രാബണ’, ‘നീലെ ആകാശേര്‍ നീച്ചേ’ എന്നിവ ഉള്‍പ്പടെ മുപ്പതോളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. പദ്മഭൂഷന്‍ കൂടാതെ അനവധി ദേശീയ അന്തര്‍ദേശീയ പുരസ്കാരങ്ങള്‍ക്ക് അര്‍ഹാനായിട്ടുണ്ട്.
Read More: ഇന്ത്യന്‍ സിനിമയെ പുനര്‍നിര്‍വ്വചിച്ച അരാജകവാദി
1923 മെയ് 14ലിന് ഇന്നത്തെ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദ്പൂരില്‍ ജനിച്ചു. ഹൈ സ്കൂള്‍ പഠനം കഴിഞ്ഞ് കൊല്‍കൊത്തയിലെ സ്കോട്ടിഷ് ചര്‍ച്ച് കോളേജില്‍ ഉപരി പഠനത്തിനായി എത്തി. വിദ്യാര്‍ഥിയായിരിക്കെ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സാംസ്‌കാരിക പ്രവര്‍ത്തങ്ങളില്‍ സജീവ പങ്കാളിയായി. ഒരിക്കല്‍ പോലും പാര്‍ട്ടി അംഗമായില്ലെങ്കിലും ഇന്ത്യന്‍ പീപിള്‍സ് തിയേറ്റര്‍ അസോസിയേഷനുമായുള്ള (ഇപ്റ്റ) സഹകരണം അദ്ദേഹത്തെ എല്ലാക്കാലത്തും സമാനമനസ്കരുടെ ഇടയില്‍ തന്നെ നിര്‍ത്തി.
1955 ലെ ‘രാത്ത് ഭോരെ’ എന്ന ആദ്യ ചിത്രം വിജയം കണ്ടില്ലെങ്കിലും 1960ല്‍ സംവിധാനം ചെയ്ത ‘ബൈഷേ ശ്രാബണ’യിലൂടെ ശ്രദ്ധേയനായി. പിന്നീടങ്ങോട്ട് ഏക് ദിന്‍ അചാനക്, മൃഗയ എന്നീ ചിത്രങ്ങളിലൂടെ സമാന്തര സിനിമാ ലോകത്ത് അദ്ദേഹം ചുവടുറപ്പിച്ചു. എഴുപതുകളുടെ അവസാനത്തോടെ, മൃണാള്‍ ദാ എന്ന് സിനിമാ ലോകം വിളിച്ചിരുന്ന അദ്ദേഹം, സമകാലിക സാമൂഹ്യ രാഷ്ട്രീയ വിമര്‍ശനാത്മക ചിത്രങ്ങളിലൂടെ സിനിമയില്‍ തന്റെ അനിഷേധ്യമായ സ്ഥാനമുറപ്പിച്ചു. ബുദ്ധിമുട്ടുള്ള ചോദ്യങ്ങള്‍ തന്റെ സിനിമകളിലൂടെ എന്നും ചോദിച്ചു കൊണ്ടിരുന്നു.
ബോളിവുഡ് താരമായ മിഥുന്‍ ചക്രവര്‍ത്തിയുടെ ആദ്യ ചിത്രം കൂടിയായ ‘മൃഗയ’യിലൂടെ ഗോത്ര വംശകാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു കാട്ടി. ആദ്യ തെലുങ്ക് ചിത്രമായ ‘ഒക്ക ഊരി കഥ’യിലൂടെ രണ്ടു ഗ്രാമീണരുടെ ലോകവും വരച്ചു കാട്ടിയ മൃണാള്‍ സെന്നിന്റെ ദേശീയ ശ്രദ്ധ നേടിയ ആദ്യ ചിത്രം ‘ഭുവന്‍ ഷോം’ആയിരുന്നു. അവിടം മുതല്‍ ബംഗാളി സിനിമയുടെ ‘ന്യൂ വേവി’നും തുടക്കമായി.
കാന്‍, ബെര്‍ലിന്‍, വെനിസ്, മോസ്കോ, കാര്‍ലോവിവി വാരി, മോണ്ട്രിയല്‍, ഷിക്കാഗോ, കൈറോ ചലച്ചിത്ര മേളകളിലേക്ക് മൃണാള്‍ സെന്നിന്റെ ചിത്രങ്ങള്‍ തെരെഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ബെര്‍ലിന്‍, മോസ്കോ തുടങ്ങിയ വിഖ്യാത ചലച്ചിത്ര മേളകളിലെ ജൂറി അംഗമായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ഭുവന്‍ ഷോം’, ‘കോറസ്’, ‘മൃഗയ’, ‘അകലെര്‍ സന്ധാനെ’ എന്നീ ചിത്രങ്ങള്‍ ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്. 2002ല്‍ സംവിധാനം ചെയ്ത ‘ആമാര്‍ ഭുവന്‍’ ആണ് അവസാന ചിത്രം.
ഭാര്യ പരേതയായ ഗീതാ സെന്‍, മകന്‍ കുനാല്‍ സെന്‍.