ബംഗാളി സംവിധായകൻ അനീക് ചൗധരി അണിയിച്ചൊരുക്കിയ മലയാള സിനിമ ‘കത്തി നൃത്തം’ രാജ്യാന്തരതലത്തിലും ശ്രദ്ധേയമാകുന്നു. കഥകളി കലാകാരൻ ഒരു സൈക്കോ കൊലയാളിയായി മാറുന്നതാണ് ചിത്രത്തിന്റെ കഥ. ത്രില്ലർ വിഭാഗത്തിൽപ്പെടുന്നതാണ് സിനിമ.

രാഹുൽ ശ്രീനിവാസൻ, രുഗ്മിണി സിർകർ, സാബൂജ് ബർദാൻ, അനുഷ്ക ചക്രബർത്തി, അറിത്ര സെൻഗുപ്ത എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബംഗാളിൽ നിന്നുളള ഒരാൾ അണിയിച്ചൊരുക്കുന്ന ആദ്യ മലയാള സിനിമയാണ് ‘കത്തി നൃത്തം’.

Read More: ഇന്നത്തെ സിനിമാ വിശേഷങ്ങള്‍

സിനിമയ്ക്ക് ഭാഷാ അതിർവരമ്പുകളുളളതായി താൻ വിശ്വസിക്കുന്നില്ലെന്ന് കൊൽക്കത്ത സ്വദേശിയായ സംവിധായകൻ അനീക് ചൗധരി പറഞ്ഞു. സിനിമയ്ക്ക് സാർവത്രിക ഭാഷ സംസാരിക്കാനാകും. ഇന്ത്യൻ സിനിമയുടെ ഏറ്റവും മികച്ച രൂപമാണ് മലയാള സിനിമ. മുഖ്യധാരയും സമാന്തര സിനിമയും സമന്വയിപ്പിക്കാനുള്ള ഒരു മാർഗം അവർ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ-മെയിൽ അഭിമുഖത്തിൽ അനീക് പറഞ്ഞു.

2018 ൽ കേരള കലമണ്ഡലത്തിലേക്കുള്ള യാത്രയാണ് കേരള കലയിലും സംസ്കാരത്തിലുമുളള അനീക്കിന്റെ താൽപര്യം വർധിപ്പിച്ചത്. ഒരു വർഷത്തോളമെടുത്താണ് സിനിമ പൂർത്തിയാക്കിയത്. കൊൽക്കത്തയിലാണ് ഭൂരിഭാഗവും ചിത്രീകരിച്ചത്. കേരളവുമായി സാമ്യമുള്ള സ്ഥലങ്ങൾ കൊൽക്കത്തയിൽ കണ്ടെത്താൻ മാത്രമായിരുന്നു ബുദ്ധിമുട്ടിയത്. ഈ വർഷം തന്നെ ചിത്രം റിലീസ് ചെയ്തേക്കും.

ദി വൈഫ്സ് ലെറ്റർ (2016), വൈറ്റ് (2018), കാക്റ്റസ് (2018) എന്നിവയാണ് അനീക്കിന്റെ മറ്റു സിനിമകൾ. ലോക്ക്ഡൗണിൽ തന്റെ പുതിയ ഫീച്ചർ സിനിമയായ ‘ദി സിംഫണി ഓഫ് പാൻസീസി’ന്റെ പണിപ്പുരയിലാണ് അനീക്. ലെബനീസ് ആർട്ടിസ്റ്റാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്. എല്ലാം നന്നായി വന്നാൽ 2020 ൽ വലിയൊരു കാര്യം സംഭവിക്കുമെന്നും ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും ചിത്രത്തെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താതെ അനീക് പറഞ്ഞു.

Read in English: Films speak a universal language: Bengali director whose Malayalam film made it to Cannes market

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook