സ്വവർഗാനുരാഗത്തെക്കുറിച്ചുളള ആത്മീയ ഗുരു ശ്രീ ശ്രീ രവിശങ്കറിന്‍റെ പ്രസ്താവനയെ വിമർശിച്ച് നടി സോനം കപൂർ. ”സ്വർഗാനുരാഗം ഒരു പ്രവണതയല്ല. അത് ജന്മനാ ഉണ്ടാകുന്നതാണ്. അത് മാറ്റാൻ കഴിയുന്നതാണ് എന്നു ആരെങ്കിലും പറയുന്നത് ശുദ്ധ മണ്ടത്തരമാണെന്നും” സോനം തന്‍റെ ട്വിറ്ററിലൂടെ വ്യക്തമാക്കി.

ജെഎൻയുവിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളുമായി സംവദിക്കവേയാണ് സ്വവർഗാനുരാഗത്തെക്കുറിച്ച് ശ്രീ ശ്രീ രവിശങ്കർ പറഞ്ഞത്. തന്റെ ലൈംഗിക കാഴ്ചപ്പാടിനെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുളളതെന്ന് ഒരു വിദ്യാർഥി ശ്രീ ശ്രീ രവിശങ്കറിനോട് ചോദിച്ചു. ”എനിക്ക് യാതൊരു കുഴപ്പവുമില്ലെന്നു സ്വയം തോന്നിയാൽ മതി. നിങ്ങളെക്കുറിച്ച് മറ്റുളളവർ ചിന്തിക്കുന്നതിനെക്കുറിച്ച് ബോധവാനാകേണ്ട. എനിക്ക് ഒരു രോഗവുമില്ലെന്നും യാതൊരു കുഴപ്പവുമില്ലെന്നും സ്വയം ഉറപ്പുണ്ടായാൽ മതി. മറ്റുളളവർക്ക് മുന്നിൽ തലയുയർത്തി നിന്നാൽ ആരും നിങ്ങളെ അധിക്ഷേപിക്കില്ല. പക്ഷേ സ്വയം മോശമാണെന്ന് തോന്നിയാൽ പിന്നെ നിങ്ങളെ ശരിയാക്കാൻ മറ്റാർക്കുമാവില്ലെന്നും” ശ്രീ ശ്രീ പറഞ്ഞു.

”സ്വവർഗാനുരാഗം ശാരീരിക പ്രവണത മാത്രമാണ്. അത് സ്വയം ഉൾക്കൊള്ളുക. പതിയെ അത് മാറും. സ്വവർഗാനുരാഗിയായ നിരവധി യുവാക്കളെ എനിക്ക് അറിയാം. അവരിൽ പലരും പിന്നീട് സാധാരണ യുവാക്കളെപ്പോലെയായി മാറിയെന്നും” ശ്രീ ശ്രീ രവിശങ്കർ പറഞ്ഞു.

ചില വിദ്യാർഥികളുടെ പ്രവൃത്തി മൂലം ജെഎൻയുവിന് ‘ദേശീയ വിരുദ്ധത’ എന്ന പേര് ചാർത്തിക്കിട്ടിയതിനെക്കുറിച്ച് മറ്റൊരു വിദ്യാർഥി ചോദിച്ചു. ‘വിപ്ലവം യുവത്വത്തിന്റെ ഭാഗമാണ്. വിപ്ലവകാരിയാകാനുളള പ്രവണത ചില യുവാക്കൾക്കുണ്ട്. കാരണം അവർ ചിന്തിക്കുന്നതും സംസാരിക്കുന്നതും വ്യത്യസ്തമായിട്ടാണ്. എന്നു പറഞ്ഞ് അവരെ ദേശവിരുദ്ധരെന്ന് ചിന്തിക്കരുത്. ആ പേരിൽ അവരെ മുദ്ര കുത്തുകയുമരുത്. ഇവിടെ ജീവിക്കുന്ന ഒരാളും രാജ്യദ്രോഹത്തിന് തയ്യാറാവില്ല. അങ്ങനെ ചിന്തിക്കുന്നുവെങ്കിൽ അവർക്ക് കൗൺസിലിങ് അത്യാവശ്യമാണ്” ശ്രീ ശ്രീ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ