വിസ്മയമാണ് കമല്‍ഹാസന്‍ എന്ന നടന്‍. കളത്തൂര്‍ കണ്ണമ്മ എന്ന ചിത്രത്തില്‍ ബാലതാരമായി ആരംരഭിച്ച അഭിനയ ജീവിതം, ആരാധകരുടെ ഉലകനായകനാക്കി ആ പ്രതിഭയെ. അഞ്ചുപതിറ്റാണ്ടുകളില്‍ അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ ഏറെയാണ്. ‘സിഗപ്പു റോജാക്കള്‍, രാജ പാര്‍വൈ, ഏക് ദുജെ കെലിയെ ,മൂണ്ട്രാം പിറൈ, സാഗര സംഗമം, നായകന്‍, ഇന്ത്യന്‍, ഹേ റാം, തേവര്‍ മകന്‍, അവ്വൈ ഷണ്മുഖി, ഗുണ, മഹാനദി. മൈക്കിള്‍ മദന കാമരാജനില്‍ നാലു വേഷങ്ങളും ദശാവതാരത്തില്‍ പത്തു വേഷങ്ങളിലും ഇതിഹാസം നമുക്കു മുന്നിലെത്തി.

തമിഴ് മഹാകവിയും സാമൂഹ്യപ്രവര്‍ത്തകനുമായ സുബ്രഹ്മണ്യ ഭാരതിയായി കമല്‍ വെള്ളിത്തിരയില്‍ എത്തുമോ എന്ന ആകാംക്ഷയിലാണ് സിനിമാ ലോകം. ഭാരതിയാറോട് സാദൃശ്യം തോന്നുന്ന രൂപത്തില്‍ തന്റെ ചിത്രം കമല്‍തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

എന്തുകൊണ്ടാണ് കമല്‍ ഇപ്പോള്‍ ഇത്തരത്തിലൊരു ചിത്രം പുറത്തുവിട്ടിരിക്കുന്നതെന്ന് വ്യക്തമല്ല. താന്‍ ഭാരതിയാറിന്റെ ആരാധകനാണെന്ന് നേരത്തേയും കമല്‍ പറഞ്ഞിട്ടുണ്ട്. അടുത്തിടെ ലക്ഷ്മി എന്ന തമിഴ് ഹ്രസ്വചിത്രത്തില്‍ ഭാരതിയാറിന്റെ വരികള്‍ ഉപയോഗിച്ചതും ചില വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ