scorecardresearch

2018ലെ വെള്ളപ്പൊക്കവും കൊടുങ്കാറ്റും പേമാരിയും; ചിത്രീകരിച്ചതിങ്ങനെ

"ഏക്കറു കണക്കിന് സ്ഥലത്ത് വെള്ളം കെട്ടി നിർത്തി, കടൽ പോലും ഷൂട്ട് ചെയ്തത് ഇതേ ലൊക്കേഷനിൽ!ചിത്രീകരണത്തിനായി ഹെലികോപ്റ്റർ നിർമ്മിച്ചു," 2018ന്റെ കൗതുകമുണർത്തുന്ന ചിത്രീകരണ വിശേഷങ്ങൾ

"ഏക്കറു കണക്കിന് സ്ഥലത്ത് വെള്ളം കെട്ടി നിർത്തി, കടൽ പോലും ഷൂട്ട് ചെയ്തത് ഇതേ ലൊക്കേഷനിൽ!ചിത്രീകരണത്തിനായി ഹെലികോപ്റ്റർ നിർമ്മിച്ചു," 2018ന്റെ കൗതുകമുണർത്തുന്ന ചിത്രീകരണ വിശേഷങ്ങൾ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
2018, 2018 making video, 2018 making photos

2018: Everyone Is A Hero

200 കോടിയും താണ്ടി മലയാളം ബോക്സ് ഓഫീസിലെ ഏറ്റവും വിജയം കൊയ്ത ചിത്രമായിരിക്കുകയാണ് കേരളം കണ്ട മഹാപ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്റണി സംവിധാനം ചെയ്ത '2018: എവരിവൺ ഈസ് എ ഹീറോ'. ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ സ്ട്രീമിംഗ് ആരംഭിച്ചിട്ടും 2018 കാണാനായി തീയേറ്ററുകളിലേക്ക് എത്തുന്ന പ്രേക്ഷകസാന്നിധ്യം സമീപകാല മലയാളസിനിമയിലെ അസാധാരണമായ കാഴ്ചകളിലൊന്നാണ്. മിനിമം സിജിഐ, വിഎഫ്എക്സ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച ചിത്രത്തിനു പിന്നിൽ അതിന്റെ ടീം വർക്കിന്റെ മികവു തന്നെയാണ് പ്രകടമാവുന്നത്. ഭൂരിഭാഗം രംഗങ്ങളും സെറ്റുകൾ നിർമ്മിച്ചാണ് സാധ്യമാക്കിയത്. ഹെലികോപ്റ്റർ ഉൾപ്പെടെയുള്ള എല്ലാ പ്രോപ്പുകളും നിർമ്മിച്ചതാണെന്നാണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിശദീകരിക്കുമ്പോൾ അവിശ്വസനീയമായി തോന്നാം.

Advertisment

2018ൽ കേരളത്തിൽ ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ മനുഷ്യബന്ധങ്ങളെ കുറിച്ച് പറയുന്ന ചിത്രം കുറ്റമറ്റ രീതിയിൽ, സാങ്കേതിക തികവോടെ സ്‌ക്രീനിലെത്തിച്ചപ്പോൾ പ്രേക്ഷകരും ഇരുകയ്യും നീട്ടി സ്വീകരിച്ചു. പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളുടെ ചിത്രീകരണം പ്രേക്ഷകർക്കിടയിലും വലിയ സ്വീകാര്യത നേടി. പ്രളയ ഓർമകളിലേക്കുള്ള ഒരു തിരിഞ്ഞുനോട്ടം കൂടിയായി മാറുകയായിരുന്നു പലരെ സംബന്ധിച്ചും 2018.

ചിത്രം കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകരും സ്വയം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ഇത്രയും വിശ്വാസയോഗ്യമായ രീതിയിൽ എങ്ങനെയാവും പ്രളയസീനുകൾ ചിത്രീകരിച്ചത്? കമ്പ്യൂട്ടർ ജനറേറ്റഡ് ഇമേജറി (CGI) അല്ലെങ്കിൽ വിഷ്വൽ ഇഫക്‌റ്റുകൾ (VFX) ഉപയോഗിച്ചാണോ ഈ സെഗ്‌മെന്റുകൾ പൂർത്തിയാക്കിയത്? എന്നാൽ ചിത്രത്തിൽ VFXന്റെ ഉപയോഗം വളരെ കുറവായിരുന്നുവെന്നും ഭൂരിഭാഗം രംഗങ്ങളും നിർമ്മിച്ചെടുത്ത സെറ്റുകളുടെ സഹായത്തോടെ സാധ്യമാക്കിയതാണെന്നും ഹെലികോപ്റ്റർ ഉൾപ്പെടെ മിക്കവാറും എല്ലാ പ്രോപ്പുകളും നിർമ്മിച്ചതാണെന്നുമാണ് അണിയറപ്രവർത്തകർ പറയുന്നത്.

“ഗ്രാഫിക്സ് ഉപയോഗിച്ച് വെള്ളപ്പൊക്കത്തെ പുനർനിർമ്മിക്കുന്നതിനും ഉയർന്ന നിലവാരം ഉറപ്പാക്കുന്നതിനും വലിയ പണച്ചെലവു വരും. മലയാള സിനിമയ്ക്ക് ഇപ്പോൾ അത് താങ്ങാനാവുന്നതല്ല. അതിനാൽ, ഞങ്ങൾ യഥാർത്ഥ വെള്ളം ഉപയോഗിക്കാൻ തീരുമാനിച്ചു. അഭിനേതാക്കൾ വെള്ളപ്പൊക്കത്തിലൂടെ നടന്നുനീങ്ങുന്ന രംഗങ്ങൾ ഒക്കെ യഥാർത്ഥത്തിൽ ചിത്രീകരിച്ചവയാണ്. 2022 ഓഗസ്റ്റിൽ ആലുവ നദി വീണ്ടും കരകവിഞ്ഞൊഴുകിയിരുന്നു, വെള്ളപ്പൊക്കത്തെ തുടർന്ന് ആലുവ പുഴ കരകവിഞ്ഞൊഴുകിയതായി കാണിക്കുന്ന രംഗം യഥാർത്ഥത്തിൽ അപ്പോൾ ചിത്രീകരിച്ചതാണ്. ഏകദേശം 30 കോടി ബഡ്ജറ്റിൽ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. എട്ട് രാത്രികൾ കൊണ്ടാണ് എയർലിഫ്റ്റ് രംഗം ചിത്രീകരിച്ചത്, ”സംവിധായകൻ ജൂഡ് ആന്റണി ജോസഫ് മാറ്റിനി ലൈവിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Advertisment
publive-image
2018 ചിത്രീകരണത്തിനിടെ ടൊവിനോ തോമസിനൊപ്പം ജൂഡ്

എല്ലാം കൃത്രിമമായി സൃഷ്ടിച്ചതാണ്
"വീടുകളും കവലകളും മുതൽ ഡാമുകൾ വരെ എല്ലാം കൃത്രിമമായി സൃഷ്ടിച്ചതാണ്," സിനിമയുടെ നിർമ്മാണ പ്രക്രിയയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് 2018ന്റെ പ്രൊഡക്ഷൻ ഡിസൈനർ മോഹൻദാസ് പറഞ്ഞു. രണ്ടേക്കർ സ്ഥലത്ത് നിർമിച്ച ടാങ്കിൽ കൃത്രിമമായി സൃഷ്ടിച്ചതാണ് വെള്ളപ്പൊക്കമെന്ന് മോഹൻദാസ് മനോരമ ഓൺലൈനോട് പറഞ്ഞു.

“ജൂഡിനെ ആദ്യമായി കണ്ടുമുട്ടിയപ്പോൾ, അദ്ദേഹം എന്നെ സ്ക്രിപ്റ്റ് കാണിച്ചു, പ്രളയം എങ്ങനെ പുനർനിർമ്മിക്കാമെന്ന് ചോദിച്ചു. ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം എനിക്ക് മുമ്പ് നിരവധി കലാസംവിധായകരെ സമീപിച്ചിരുന്നു. ഞാൻ ജൂഡിന് ഒരു ആശയം നൽകി, അത് അയാൾക്കിഷ്ടപ്പെട്ടു. അങ്ങനെയാണ് ഈ സിനിമ സംഭവിച്ചത്."

“സിനിമ പ്ലാൻ ചെയ്യുന്നതിനിടയിൽ, ഞാൻ പ്രിയദർശൻ സാറിനെ കണ്ടു എന്റെ പ്ലാൻ പറഞ്ഞു, എന്തെങ്കിലും നിർദേശങ്ങൾ തരാനുണ്ടോ എന്ന് ചോദിച്ചു. 'ബാക് ഡ്രോപ്പിൽ വെള്ളം കിട്ടുന്ന സ്ഥലം. അതാണ് പ്രധാനമായി വേണ്ടത്' അദ്ദേഹം പറഞ്ഞു. അതിനാൽ, ജലലഭ്യത ആശങ്കപ്പെടാത്ത ഒരു സ്ഥലം കണ്ടെത്താൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ ഇവിടെ ഒരു പ്രധാന ആശങ്ക ജലം ഉപയോഗിച്ചതിന് ശേഷം നദിയിലേക്ക് തിരികെ വിടുന്നതിനെക്കുറിച്ചായിരുന്നു. പുഴയെ മലിനമാക്കാൻ പറ്റില്ല. പത്തിരുപത്തിയഞ്ച് ഏക്കർ സ്ഥലം തരിശായി കിട്ടണം. ഇത്രയും സ്ഥലം ആരും വെറുതെ ഇട്ടേക്കില്ലല്ലോ. ഞങ്ങൾ സ്ഥലം അന്വേഷിച്ചു നടന്നു."

ഷൂട്ടിനായി 14 വീടുകൾ നിർമ്മിച്ചു

“ഞങ്ങൾ വൈക്കത്ത് ഒരു പ്ലോട്ട് കണ്ടെത്തി. പിന്നെ ബഡ്ജറ്റ്, ടാങ്ക്, ടാങ്കിന്റെ വലിപ്പം, വീടു പണിയുന്നതെങ്ങനെ തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്യാൻ തുടങ്ങി. ഈ സമയം ക്യാമറാമാൻ ഇല്ലായിരുന്നു. കൊറോണയ്ക്ക് ശേഷം വേണു കുന്നപ്പിള്ളി സഹനിർമ്മാതാവായി ചുവടുവച്ചു. വേണു സാറിന് കൺസ്ട്രക്ഷൻ ബിസിനസ്സ് ഉണ്ട്. അദ്ദേഹത്തിന്റെ എഞ്ചിനീയർമാരുടെ സഹായത്തോടെയാണ് ടാങ്ക് എങ്ങനെ നിർമ്മിക്കാമെന്ന് ഞങ്ങൾ തീരുമാനിച്ചത്. വെള്ളം നിറയ്ക്കാവുന്ന ഒരു ടാങ്ക് അവർ ഉണ്ടാക്കി. ടൗൺഷിപ്പും കവലയും വീടുകളും എല്ലാം അതിനുള്ളിലാണ് നിർമ്മിച്ചത്. ഉപയോഗിച്ച വസ്തുക്കളെല്ലാം എളുപ്പത്തിൽ വേർപെടുത്താവുന്നതും പുനരുപയോഗിക്കാവുന്നതുമായിരുന്നു. ആകെ 14 വീടുകൾ നിർമ്മിച്ചു, അവ പിന്നീട് പലതരം വീടുകളാക്കി മാറ്റുകയും ആവശ്യാനുസരണം ഉപയോഗിക്കുകയും ചെയ്തു. ഇലക്‌ട്രിക് പോസ്റ്റുകൾ, ചെടികൾ, മരങ്ങൾ തുടങ്ങിയ ഇനങ്ങളെല്ലാം വെള്ളത്തില്‍ കിടന്നാല്‍ പെട്ടെന്നു നശിക്കാത്ത വസ്തുക്കളാൽ നിർമ്മിച്ചതാണ്, ”മോഹൻദാസ് പറഞ്ഞു.

publive-image

കടൽ പോലും ഷൂട്ട് ചെയ്തത് ഇതേ ലൊക്കേഷനിൽ!

“യഥാർത്ഥ കടൽ രണ്ട് തവണ മാത്രമാണ് കാണിച്ചത്, ആസിഫ് അലി വരുന്ന ഒരു സീനിലും ബോട്ട് കരയിലേക്ക് അടുക്കുന്ന മറ്റൊരു സീനും. CGI വഴി ആകെ നിർമ്മിച്ചത് കപ്പൽ മാത്രമാണ്. ബാക്കിയുള്ളവ സെറ്റിൽ തന്നെ കൃത്രിമ വിളക്കുകൾ ഉപയോഗിച്ചാണ് ചിത്രീകരിച്ചത്,” മോഹൻദാസ് വ്യക്തമാക്കി.

“ഞങ്ങൾ ഈ ചിത്രത്തിനായി മൂന്ന് ടാങ്കുകൾ നിർമ്മിച്ചു. പ്രധാന ടാങ്ക് വളരെ ശക്തമായിരുന്നു. അത് പൊട്ടുകയോ അനങ്ങുകയോ ചെയ്തില്ല. അത് പതിയെ പൊളിച്ചുകളയുകയായിരുന്നു. ഒരു ജെസിബി കൊണ്ടുവന്ന് പ്ലോട്ട് നിരപ്പാക്കി. ഒരു റോഡ് റോളർ കൊണ്ടുവന്ന് ബലപ്പെടുത്തുകയും അടിഭാഗം മുഴുവൻ കോൺക്രീറ്റ് ചെയ്യുകയും ചെയ്തു… അതിന് മുകളിൽ ടാങ്ക് പണിതു. ഈ ടാങ്ക് നിറയാൻ 12 മുതൽ 15 മണിക്കൂർ വരെ എടുത്തു. മരങ്ങളും ഇലക്‌ട്രിക് പോസ്റ്റുകളും മരങ്ങളും എല്ലാം ഞങ്ങൾ നട്ടുപിടിപ്പിച്ചതാണ്. കടലും തിരമാലകളുമെല്ലാം സെറ്റിനുള്ളിൽ തന്നെ ചെയ്തു. ഞങ്ങളെ സംബന്ധിച്ചിടത്തോളം ആ സെറ്റ് റാമോജി ഫിലിം സിറ്റി പോലെയായിരുന്നു. ഷൂട്ടിംഗ് കഴിഞ്ഞ്, മുഴുവൻ സ്ഥലവും പഴയതുപോലെ പുനഃസ്ഥാപിച്ചു."

എയർ ലിഫ്റ്റ് സീൻ

“എയർലിഫ്റ്റ് രംഗത്തിനായി ഞങ്ങൾ സ്വയം ഹെലികോപ്റ്റർ നിർമ്മിച്ചു. ഏകദേശം 14 ലക്ഷം രൂപ ചെലവായി. ഇന്റർനെറ്റിൽ നിന്ന് റഫറൻസ് എടുത്ത് ഞങ്ങൾ ഒരു ഹെലികോപ്റ്റർ ഉണ്ടാക്കി ക്രെയിനിൽ തൂക്കി പ്രൊപ്പല്ലറും ചങ്ങാടവും മറ്റൊരു ക്രെയിനിൽ കയറ്റി. അങ്ങനെയാണ് ആ സീൻ ചെയ്തിരിക്കുന്നത്. ഹെലികോപ്റ്റർ ഷോട്ടാണ് ഏറ്റവും ബുദ്ധിമുട്ടേറിയത്. അതു കഴിഞ്ഞപ്പോൾ എല്ലാവർക്കും സന്തോഷമായി. പശ്ചാത്തലത്തിൽ മഴയുടെയും കാറ്റിന്റെയും അന്തരീക്ഷം വേണമെന്നതിനാൽ ജൂൺ-ജൂലൈ മാസങ്ങളിലാണ് ഷൂട്ട് തീരുമാനിച്ചത്," എയർലിഫ്റ്റ് സീനിനു പിന്നിലെ ചിത്രീകരണ രഹസ്യങ്ങൾ മോഹൻദാസ് പങ്കുവച്ചു. ഇടുക്കി അണക്കെട്ട് കാണിക്കുന്ന ഷോട്ട് പോലും ഒരു സെറ്റ് ഉപയോഗിച്ചാണ് സൃഷ്ടിച്ചതെന്നും മോഹൻദാസ് കൂട്ടിച്ചേർത്തു.

Jude Antony

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: