ശക്തമായ സ്ത്രീ കഥാപാത്രങ്ങളുമായി വെളളിത്തിരയിലെത്തുന്ന അഭിനേത്രിയാണ് വിദ്യാ ബാലൻ. കഹാനിയിലും ഡേർട്ടി പിക്ച്ചറിലും വിദ്യയുടെ അഭിനയ മികവ് നമ്മൾ കണ്ടതാണ്. ബീഗം ജാനിലൂടെ വീണ്ടും ശക്തമായൊരു കഥാപാത്രവുമയെത്തുകയാണ് ഈ പ്രിയ നടി.

വിദ്യ അഭിനയിക്കുന്ന ബീഗം ജാനിന്റെ പോസ്റ്റർ പുറത്തിറങ്ങി. വിദ്യ തന്നെയാണ് തന്റെ ട്വിറ്റർ പേജിലൂടെ പോസ്റ്റർ പങ്ക് വച്ചത്. ഹൂക്കയുമായി കസേരയിൽ ഇരിക്കുന്ന വിദ്യയാണ് പോസ്റ്ററിലുളളത്. പഞ്ചാബിലെ ഒരു ലൈംഗികത്തൊഴിൽ കേന്ദ്രം നടത്തിപ്പുകാരിയായാണ് വിദ്യ ചിത്രത്തിലെത്തുന്നത്.

ഇന്ത്യ- പാക്കിസ്ഥാൻ വിഭജനത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. വിഭജനത്തിന്റെ സമയത്ത് വേശ്യാലയത്തിലുളളവരെ ഈ രണ്ട് രാജ്യങ്ങളിലേക്കും മാറ്റുന്നു. വിദ്യയുടെ കഥാപാത്രം ഇതിനെതിരെ ശക്തമായി ഉറച്ച് നിൽക്കുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്. അതിജീവനത്തിന്റെയും അതി ജീവിക്കുന്നവരുടെയും കഥയാണിതെന്നാണ് വിദ്യ ഒരു എന്റടെയ്ൻമെന്റ് വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെ കുറിച്ച് പറഞ്ഞത്.

ഗൗഹർ ഖാനാണ് ചിത്രത്തിൽ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നസീറുദ്ദീൻ ഷാ, പല്ലവി ശാരദ തുടങ്ങിയവരും മുഖ്യ വേഷത്തിലുണ്ട്.

ദേശീയ പുരസ്കാര ജേതാവായ ശ്രീജിത് മുഖർജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബോളിവുഡിലെ അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ബംഗാളി ചിത്രമായ രാജ്കഹിനിയുടെ ഹിന്ദി പതിപ്പാണ് ബീഗം ജാൻ. ശ്രീജിത് മുഖർജിയാണ് രാജികിഹിനിയുടെ സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ