ഒരു കാലത്ത് ബോളിവുഡ് താരറാണിമാരിൽ ഒരാളായിരുന്നു ട്വിങ്കിൾ ഖന്ന. അക്ഷയ് കുമാറുമായുളള വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനിൽക്കുകയാണ് ട്വിങ്കിൾ ഖന്ന. എഴുത്തിലാണ് താരം ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. കോളം എഴുത്തിലൂടെയും പുസ്തക രചനയിലൂടെയും ട്വിങ്കിൾ പ്രശസ്തയാണ്.

2001 ൽ ‘ലവ് കേലിയേ കുച് ബി കരേഗ’ എന്ന ചിത്രത്തിലാണ് ട്വിങ്കിൾ അവസാനമായി അഭിനയിച്ചത്. അഭിനയത്തിൽനിന്നും വിട്ടുനിൽക്കുകയാണെങ്കിലും ചില ബോളിവുഡ് സിനിമകളിൽ ട്വിങ്കിൾ സഹനിർമ്മാതാവായിട്ടുണ്ട്. ഇന്റീരിയർ ഡിസൈനിങ് രംഗത്തും ഇപ്പോൾ സജീവയാണ് ട്വിങ്കിൾ.

ബോളിവുഡ് സ്റ്റാറിന്റെ ഭാര്യയാണെങ്കിലും കരുണ വറ്റാത്തൊരു മനസ്സും കൂടിയുണ്ട് ട്വിങ്കിളിന്. തന്നെ കാത്തുനിന്ന യാചകനോട് ട്വിങ്കിൾ കാട്ടിയ കാരുണ്യത്തിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. യാചകരെ കണ്ടാൽ മുഖംതിരിച്ചു നടക്കുന്ന ബോളിവുഡ് താരങ്ങളിൽനിന്നും വ്യത്യസ്തയാവുകയാണ് ട്വിങ്കിൾ.

ട്വിങ്കിൾ ഖന്ന കാറിൽ കയറാൻ എത്തുമ്പോഴാണ് ‘ട്വിങ്കിൾ ജി ട്വിങ്കിൾ ജി’ എന്നു വിളിച്ചുകൊണ്ട് യാചകൻ കാറിന് അടുത്തേക്ക് എത്തിയത്. താങ്കളെ കാത്ത് നിൽക്കുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാൻ എന്തെങ്കിലും തരണമെന്നും യാചകൻ ആവശ്യപ്പെട്ടു. യാചകൻ പറയുന്നതു കേട്ടെങ്കിലും കേട്ടില്ലെന്ന മട്ടിൽ ട്വിങ്കിൾ കാറിൽ കയറി വാതിൽ അടച്ചു. അപ്പോഴും യാചകൻ ട്വിങ്കിൾ ജി എന്നു വിളിക്കുന്നുണ്ടായിരുന്നു.

ഇത് ട്വിങ്കിൾ കാറിന് അകത്തിരുന്ന് കാണുന്നുണ്ടായിരുന്നു. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞപ്പോൾ മുൻവശത്തെ ഡോറിന്റെ ഗ്ലാസ് താഴ്ന്നു. ട്വിങ്കിൾ നൽകിയ പണം ഡ്രൈവർ യാചകന് നൽകി. യാചകന്റെ മനസ്സും നിറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook