നടി ഷക്കീലയുടെ ജീവിതം വെള്ളിത്തിരയിലെത്തുമ്പോള്‍, ചിത്രത്തില്‍ ഷക്കീലയായി അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് റിച്ച ഛദ്ദ. ഇതിന്റെ ഭാഗമായി റിച്ച കഴിഞ്ഞദിവസം ഷക്കീലയുമായി കൂടിക്കാഴ്ച നടത്തി. ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് ഇതുവരെ പേരിട്ടിട്ടില്ല.
തെലുങ്ക് ചിത്രത്തിലൂടെയാണ് ഷക്കീല സിനിമാ രംഗത്തെത്തിയത്. പിന്നീട് കിന്നാരത്തുമ്പികള്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ പ്രശസ്തയായി. ഷക്കീലയായി വേഷമിടുന്നതിന്റെ ഭാഗമായി റിച്ച മലയാളം പഠിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു.
ചെന്നൈയില്‍ ജനിച്ചു വളര്‍ന്ന ഷക്കീല വിജയ്, വിക്രം, ഉദയനിധി സ്റ്റാലിന്‍ എന്നിവരുടെ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ പല പ്രധാന സംഭവങ്ങളും ഷക്കീല റിച്ചയുമായി പങ്കുവച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കര്‍ണാടകയിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. 2019ല്‍ സിനിമ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിരവധി ബോളിവുഡ് ചിത്രങ്ങളിൽ സഹതാരമായി അഭിനയിച്ച റിച്ച ഛദ്ദയുടെ ജീവിതത്തിലെ വഴിത്തിരിവായത് 2012ൽ അനുരാഗ് കശ്യപ് ഒരുക്കിയ ‘ഗ്യാഗ്സ് ഓഫ് വാസെയ്പുർ’ എന്ന ചിത്രവും 2015ൽ പുറത്തിറങ്ങിയ ‘ഡ്രാമാ മസാൻ’ എന്ന ചിത്രവുമായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ‘ഡ്രാമാ മസാൻ’ എന്ന ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അടുത്തിടെ സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന ലൈംഗിക പീഡനങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളെക്കുറിച്ച് തുറന്നു പറച്ചിൽ നടത്തിയും റിച്ച വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. ഷക്കീലയുടെ ജീവിതം ആസ്പദമാക്കിയുള്ള ചിത്രം റിച്ചയുടെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവാകും എന്നു പ്രതീക്ഷിക്കാം.
നേരത്തേ സില്‍ക് സ്മിതയുടെ ജീവിതത്തെ ആസ്പദമാക്കിയും സിനിമ ഒരുങ്ങിയിരുന്നു. ‘ഡേര്‍ട്ടി പിക്ചര്‍’ എന്ന ചിത്രത്തില്‍ സില്‍ക് സ്മിതയായി അഭിനയിച്ചത് നടി വിദ്യാ ബാലനായിരുന്നു. ചിത്രം മൂന്ന് ദേശീയ അവാര്‍ഡുകള്‍ നേടിയിരുന്നു.