ബാഹുബലി ചിത്രം കണ്ടിറങ്ങുന്നവരുടെ മനസ്സിൽനിന്നും ശിവഗാമിയുടെ മുഖം അത്ര പെട്ടെന്നൊന്നും മായില്ല. മഹിഷ്മതിയെ കാത്തുസൂക്ഷിക്കുന്ന രാജമാതാവിന്റെ മുഖത്തെ ഗാംഭീര്യവും തീക്ഷ്ണത നിറഞ്ഞ കണ്ണുകളും അത്രയധികം മനോഹരമായിട്ടാണ് രമ്യ കൃഷ്ണൻ അവതരിപ്പിച്ചത്. ശിവഗാമിയാകാൻ രമ്യയെ എസ്.എസ്.രാജമൗലി തിരഞ്ഞെടുത്തത് തെറ്റായില്ലെന്ന് പ്രേക്ഷകർ ഇരുകൈയ്യും നീട്ടി കഥാപാത്രത്തെ സ്വീകരിച്ചതിന്റെ തെളിവ് കൂടിയാണ്.

എന്നാൽ ശിവഗാമിയാകാൻ രാജമൗലി ആദ്യം സമീപിച്ചത് രമ്യ കൃഷ്ണനെയല്ലെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വാർത്തകൾ. മറ്റാരെയുമല്ല ഒരു കാലത്ത് ബോളിവുഡിന്റെ താരറാണിയായ ശ്രീദേവിയെയാണ് രാജമൗലി ആദ്യം സമീപിച്ചത്. ശ്രീദേവിക്ക് കഥ ഇഷ്ടമായി. പക്ഷേ ശ്രീദേവി ബജറ്റിനെക്കാൾ വൻ തുകയാണ് പ്രതിഫലമായി ചോദിച്ചത്. ഇതു നൽകാൻ കഴിയാത്തതിനെത്തുടർന്ന് രമ്യ കൃഷ്ണനെ രാജമൗലി സമീപിച്ചു. കഥ കേട്ട് ഇഷ്ടമായ രമ്യ മറ്റൊന്നും ചിന്തിക്കാതെ സമ്മതം മൂളി.

ബാഹുബലി വേണ്ടെന്നു വച്ച് ശ്രീദേവി അഭിനയിച്ചത് വിജയ് നായകനായെത്തിയ ‘പുലി’ ചിത്രത്തിലാണ്. എന്നാൽ ഈ ചിത്രം ബോക്സ് ഓഫിസിൽ വൻ പരാജയമായിരുന്നു. പുറത്തുവന്ന ഈ വാർത്ത സത്യമാണെങ്കിൽ ശ്രീദേവിയുടെ കരിയറിലെ വൻ നഷ്ടമായിരിക്കും ഈ ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ