ആദ്യ ചിത്രമിറങ്ങി പതിമൂന്ന് വർഷങ്ങൾക്ക് ശേഷം ‘അവതാർ’ ഫ്രാഞ്ചൈസിയിലെ രണ്ടാം ചിത്രമായ ‘ദി വേ ഓഫ് വാട്ടർ’ നാളെ, ഡിസംബറിൽ 16 വെള്ളിയാഴ്ച തിയേറ്ററുകളിൽ എത്തും. 1832 കോടി രൂപയാണ് നിർമാണ ചെലവ്. ‘ഇന്ത്യയില്‍ ആറ് ഭാഷകളിലാണ് റിലീസ്. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക.
Avatar: The Way of Water: അവതാർ 2; ദി വേ ഓഫ് വാട്ടര്‍
The Way of Water connects all things. Before your birth, and after your death.
‘എല്ലാറ്റിനെയും തമ്മില്‍ ഘടിപ്പിക്കുന്നത് ജലമാണ്. ജനനത്തിനു മുന്‍പും മരണത്തിനു ശേഷവും ഉള്ളത് അത് മാത്രമാണ്… ജലം’
‘അവതാര്‍’ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലറില്‍ കേള്‍ക്കാവുന്ന ഒരു സംഭാഷണം ആണിത്. അത് സൂചിപ്പിക്കുന്നത് പോലെ തന്നെ വെള്ളത്തിനെ കേന്ദ്രീകരിച്ചായിരിക്കും ചിത്രത്തിന്‍റെ പ്രമേയം എന്ന് കരുതപ്പെടുന്നു.
ആദ്യ ‘അവതാർ’ സിനിമ പണ്ടോറ എന്ന ചന്ദ്രനിലെ നീല നാവി ജനതയും മനുഷ്യരും തമ്മിലുള്ള പ്രകൃതി വിഭവങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെ കുറിച്ചുള്ള കഥയാണ് പറഞ്ഞത്. കുടുംബത്തെ സംരക്ഷിക്കുക എന്ന വിഷയത്തിലാണ് രണ്ടാം ഭാഗം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും പണ്ടോറയുടെ ലോകം വിപുലീകരിക്കുമെന്നുമാണ് റിപ്പോർട്ടുകൾ.
‘അവതാർ 2’ന്‍റെ കഥ പൂർണമായും ജേക്കിനെയും നെയ്തിരിയും കേന്ദ്രീകരിച്ചായിരിക്കുമെന്നാണ് ട്രെയിലറിലൂടെ മനസ്സിലാക്കാന്‍ സാധിക്കുന്നത്. നെയ്തിരിയെ വിവാഹം കഴിക്കുന്ന ജേക്ക് ഗോത്രത്തലവനാകുന്നതും പൻഡോറയിലെ ജലാശയങ്ങൾക്കുള്ളിലൂടെയുള്ള അവരുടെ സാഹസികയാത്രകളും വരച്ചു കാട്ടി ‘അവതാർ 2’ കാഴ്ചയുടെ വിസ്‍മയലോകം സൃഷ്‍ടിക്കുമെന്നാണ് പ്രതീക്ഷ.
രണ്ടാം ഭാഗത്തിൽ തന്‍റെ കഥാപാത്രമായ ജേക്ക് സള്ളിയും സോ സൽദാനയുടെ കഥാപാത്രമായ നെയ്തിരിയും അവരുടെ കുടുംബത്തെ അപകടത്തിൽ നിന്നു രക്ഷിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളായി പ്രത്യക്ഷപ്പെടുന്നുവെന്ന് നടൻ സാം വർത്തിംഗ്ടൺ റോയിട്ടേഴ്സിനോട് പറഞ്ഞു.
‘പ്രണയകഥ വികസിച്ചു, ഞങ്ങൾക്ക് ഇപ്പോൾ ഒരു കുടുംബമുണ്ട്, ഈ കുടുംബത്തെ സംരക്ഷിക്കുന്നതിനെക്കുറിച്ചാണ് കഥ നീങ്ങുന്നത്,’ വർത്തിംഗ്ടൺ പറഞ്ഞു. ഒരു തുടർ ചിത്രമെടുക്കാൻ ജെയിംസ് കാമറൂണ്‍ ഇത്രയും സമയമെടുത്തത് അദ്ദേഹം ഒരു ക്രാഫ്റ്റ്സ്മാന്‍ ആയത് കൊണ്ടാണ്. റിസെർച്ചിനും മറ്റുമായി സമയമെടുത്ത് പൂർണതയോടെയാണ് അദ്ദേഹം കാര്യങ്ങൾ ചെയ്യുന്നത് എന്നും വർത്തിംഗ്ടൺ പറഞ്ഞു.
‘രണ്ടാമത്തെ ‘അവതാറി’ൽ എന്താണ് പറയാൻ ആഗ്രഹിക്കുന്നതെന്ന് അറിയാനായി അദ്ദേഹം ‘അവതാർ’ 1.5 എന്നൊരു സ്ക്രിപ്റ്റും തയ്യാറാക്കിയിരുന്നു. പറയുന്ന കഥയെക്കുറിച്ച് അദ്ദേഹം വളരെ ശ്രദ്ധാലുവാണ്,’ വകാമറൂണ്‍ നീക്കിവച്ചത് എന്നും ‘ദി വേ ഓഫ് വാട്ടർ’ ആരാധകർക്ക് പരിചിതമാണെന്ന് തോന്നുമെങ്കിലും ഇത് പഴയ കഥയുടെ പുനരാവിഷ്കരണമല്ല എന്നും വർത്തിംഗ്ടൺ കൂട്ടിച്ചേർത്തു.
റെക്കോര്‍ഡുകളുടെ അവതാരപ്പിറവി
2009ൽ ‘അവതാർ’ എന്ന ഹോളിവുഡ് ചിത്രം പിറന്നു വീണത് തന്നെ റെക്കോർഡുകളിലേയ്ക്കായിരുന്നു. 237 മില്യൺ യുഎസ് ഡോളർ ചെലവിൽ നിര്‍മ്മിക്കപ്പെട്ട ചിത്രം റിലീസ് ദിവസം മാത്രം 77 മില്യൺ ഡോളറും, ആകെ 2.8 ബില്യൺ യുഎസ് ഡോളറുമാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്‍റെ സംവിധായകന്‍ ജയിംസ് കാമറൂണിന്‍റെ തന്നെ മുന്‍കാല ചിത്രമായ ‘ടൈറ്റാനിക്കി’ന്‍റെ 2.2 ബില്യൺ എന്ന റെക്കോർഡാണ് ‘അവതാർ’ തിരുത്തിയത്.
ആ റെക്കോർഡ് തിരുത്തപ്പെട്ടത് 13 വർഷങ്ങൾക്ക് ശേഷമാണ്, ‘അവഞ്ചേഴ്സ് എൺഡ് ഗെയിമിലൂടെ.’ എന്നാൽ ‘അവതാർ’ പിന്മാറാൻ ഒരുക്കാമായിരുന്നില്ല. 2022 സെപ്റ്റംബറിൽ അവതാറിന്‍റെ റീ- റിലീസിലൂടെ അവർ റെക്കോർഡ് നിലനിർത്തി.
ലോകത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം എന്ന നേട്ടത്തിലേയ്ക്കാണ് ‘അവതാർ’ അന്ന് എത്തിയത്. 2.910 ബില്യൺ ഡോളാണ് ലഭിച്ചത്. ഒരു പുതിയ ചിത്രമല്ല മറിച്ച് അതിന്‍റെ റീ-റിലീസാണ് 30 മില്ല്യൻ നേടിയതെന്നത് മറ്റൊരു പ്രത്യേകത. ഇതോടെ ഇപ്പോള്‍ റിലീസിനെത്തുന്ന ‘അവതാർ 2; ദി വേ ഓഫ് വാട്ടറി’ലുള്ള പ്രതീക്ഷകൾ വാനോളം ഉയരുന്നു.
ആഗോള ടിക്കറ്റ് വിൽപനയിൽ 2.8 ബില്യൺ ഡോളറിലധികം നേടിയ ഒറിജിനൽ ‘അവതാർ’ എക്കാലത്തെയും മികച്ച ഗ്രോസ് നേടിയ ചിത്രമാണ്. 2028 വരെ നാല് ‘അവതാർ’ സിനിമകളാണ് പ്ലാൻ ചെയ്തിരിക്കുന്നത്.അതിനു മുന്നോടിയായിയാണ് വാൾട്ട് ഡിസ്നി കോ, 2009-ലെ യഥാർത്ഥ ചിത്രത്തിന്‍റെ റീമാസ്റ്റർ ചെയ്ത പതിപ്പ് റിലീസ് ചെയ്തത്.
‘അവതാറും’ ‘എൻഡ്ഗെയിമും‘
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ് ചിത്രമായ ‘അവതാറി’നെ ‘എൻഡ് ഗെയിം’ മറികടക്കുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നു മാർവൽ ആരാധകർ. നീലനിറത്തിലാണെന്നതൊഴിച്ചാൽ, ‘അവതാറി’നെ കുറിച്ച് അധികമൊന്നും ആർക്കും ഓർക്കാൻ കഴിയില്ലെന്നായിരുന്നു മാർവൽ ആരാധകരുടെ അവകാശവാദം.
‘അവതാർ’ ഒറ്റ സിനിമയായിരുന്നിട്ടും ഒരു ദശാബ്ദക്കാലത്തെ സൂപ്പർഹീറോ കഥകളുടെ പരിസമാപ്തിയായ ‘എൻഡ്‌ഗെയിമിന്’ ആദ്യ റൗണ്ടിൽ അതിനെ പരാജയപ്പെടുത്താനായില്ല. ‘അവതാർ’ 2009ലാണ് പുറത്തിറങ്ങിയത്. അതേ സമയം, മാർവൽ എല്ലാ വർഷവും അര ഡസൻ സിനിമകൾ പുറത്തിറക്കിയിരുന്നു. ‘അവഞ്ചേഴ്‌സ് എൻഡ്‌ഗെയിം’ ഒടുവിൽ ‘അവതാറി’നെ പരാജയപ്പെടുത്തി, എന്നാൽ ‘അവതാർ’ അത് റീ-റീലിസിലൂടെ തിരിച്ചു പിടിച്ചു.
‘അവതാർ’ പോപ്പ് സംസ്കാരത്തിൽ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് അതിന്‍റെ വിമർശകർ അവകാശപ്പെടുന്നു. ഹോളിവുഡിൽ ശക്തി തെളിയിക്കാൻ ‘അവതാറി’ന് ലെഗോ സെറ്റുകളും കളിപ്പാട്ടങ്ങളും ആവശ്യമില്ല. സാങ്കേതിക പുരോഗതിയും മറ്റു ചലച്ചിത്ര നിർമ്മാതാക്കൾക്ക് അതേ പാതയിലൂടെ സഞ്ചരിക്കാനുള്ള വഴിയുമൊരുക്കിയുമാണ് ‘അവതാർ’ തന്‍റെ പ്രധാന്യം അറിയിച്ചത്.
രണ്ടാമത്തെ ചിത്രമായ ‘അവതാർ: വേ ഓഫ് വാട്ടർ’ ബിഗ് സ്ക്രീനിൽ എത്താൻ ഇനി മണിക്കൂറുകള്‍ മാത്രം ഉള്ളപ്പോൾ ജയിംസ് കാമറൂണിന്‍റെ ചിത്രം ചർച്ചകളുടെയും സംവാദങ്ങളുടെയും കേന്ദ്രസ്ഥാനത്തേക്ക് തിരിച്ചെത്തുകയാണ്. ട്രെയിലറുകളും പോസ്റ്ററുകളും പ്രവചിച്ചതു പോലെ രണ്ടാം ഭാഗം ഒരിക്കൽ കൂടി ബോക്സ് ഓഫീസ് പിടിച്ചെടുക്കുമോ?
ലൈവ്-മോഷൻ ക്യാപ്‌ചർ ആക്ടിങ്
സിനിമയെ എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് പ്രധാനം. ‘അവതാറി’ന് മുൻപ് അങ്ങനെയൊരു ലൈവ്-മോഷൻ ക്യാപ്‌ചർ ആക്ടിങ് ആക്ടിങ് ഉണ്ടായിരുന്നത് ആൻഡി സെർക്കിസിന്‍റെ ‘ലോർഡ് ഓഫ് ദ് റിങ്‌സിൽ’ നിന്നുള്ള ‘ഗൊല്ലം’ എന്ന കഥാപാത്രത്തിനായിരുന്നു.
എന്നാൽ മോഷൻ ക്യാപ്ചറിൽ പുതിയൊരു രൂപമാണ് കാമറൂൺ സൃഷ്ടിച്ചത്. ചലനങ്ങൾ ചിത്രീകരിച്ചതിന് ശേഷം അവ അനിമേഷനിലേക്ക് മാറ്റുന്നു. അവയെല്ലാം കമ്പ്യൂട്ടർ-നിർമ്മിതമായതാണെങ്കിലും സോ സൽദാനയുടെ നെയ്‌തിരിയിലും സാം വർത്തിംഗ്ടണിന്‍റെ ജേക്ക് സള്ളിയിലും അഭിനയം സാങ്കേതിക വിദ്യയെ മറികടന്നു.
അങ്ങനെ ‘അവതാർ’ ഒരു മോഷൻ ക്യാപ്ചർ വിപ്ലവം സൃഷ്ടിച്ചു. ‘അവതാറി’നു ശേഷം വന്ന സിനിമകളിൽ മോഷൻ-ക്യാപ്ചർ കൂടുതൽ ഉപയോഗിക്കപ്പെടുകയും ചെയ്കു. ‘പ്ലാനറ്റ് ഓഫ് ദ ഏപ്സ് ട്രൈലോജി’ ഉൾപ്പെടെയുള്ള ജനപ്രിയ സിനിമകളുടെ അടിത്തറ തന്നെ ഇതായിരുന്നു.
ജോൺ ഫാവ്‌റോയുടെ ‘ജംഗിൾ ബുക്കും’ ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചു, തുടർന്ന് വിആർ ഹെഡ്‌സെറ്റുകളുമായി ‘ലയൺ കിങും’. ‘അവതാർ’ 3ഡി സിനിമകളുടെ വിജയം തിരികെ കൊണ്ടു വരികയും ഒരു പുതിയ ഫാഷൻ സൃഷ്ടിച്ച് 3ഡിയിൽ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർക്കുകയും ചെയ്തു.
‘അവതാറി’ന്‍റെ തീമുകൾ
സാധാരണ ഒരു കഥ വ്യത്യസ്തമായി പറയുന്നതിലുള്ള കാമറൂണിന്‍റെ കഴിവ് ‘ടൈറ്റാനിക്കി’ലൂടെ തെളിഞ്ഞതാണ്. ‘അവതാര്‍ പ്രധാനമായും രണ്ടു വിഷയങ്ങള്‍ ആണ് പറയുന്നത്. ഒന്ന് മനുഷ്യർക്ക് മുന്നിലെ ഭയാനകമായ ഭാവി, രണ്ട് പ്രകൃതിയുമായി ചേർന്ന് അത്ഭുതകരമായ എന്തെങ്കിലും സൃഷ്ടിക്കാനുള്ള അവസരം.
അന്യഗ്രഹമായ പണ്ടോറയുടെ മനുഷ്യ കോളനിവൽക്കരണമാണ് ‘അവതാറി’ന്‍റെ ഇതിവൃത്തം. അവരുടെ നാടിന്‍റെ നാശത്തിനെതിരായ തദ്ദേശവാസികളുടെ ചെറുത്തുനിൽപ്പിന്‍റെ കഥയാണ് ‘അവതാർ’ പറയുന്നത്. പതിറ്റാണ്ടുകളായി പറഞ്ഞു പോയ കഥ തന്നെയാണിത്.
‘അവതാർ’ തിളക്കമാർന്ന വിജയം നേടിയിട്ടും അതിനൊപ്പം നിശിതമായ വിമർശനങ്ങളും നേരിടേണ്ടി വന്നു. ‘വെള്ളക്കാരനായ’ ഒരു നായകൻ വന്ന് നാട്ടുകാരെ രക്ഷിക്കുന്നത് വംശീയ വിരോധമായി കണ്ടു കാമറൂണിനെ കുറ്റപ്പെടുത്തിയവരുണ്ട്.
‘വില്ലും അമ്പും ഉപയോഗിക്കുന്ന തലത്തിൽ നിൽക്കുന്ന തദ്ദേശീയ ജനത സാങ്കേതികമായ മെച്ചപ്പെട്ട ശക്തികളുമായി നേരിടുമ്പോൾ, ആരെങ്കിലും അവരെ സഹായിച്ചില്ലെങ്കിൽ, അവർ തോൽക്കും. നിലവിലുള്ള ഒരു ജനസംഖ്യയ്ക്കുള്ളിൽ അവരുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു വർഗ്ഗത്തെക്കുറിച്ചല്ല ‘അവതാർ’ പറയുന്നത്,’ കാമറൂൺ പറഞ്ഞു.
ചിത്രം വംശീയത നിറഞ്ഞതാണെന്ന അവകാശവാദങ്ങളും കാമറൂൺ തള്ളിക്കളഞ്ഞു, ‘അവതാർ’ വ്യത്യസ്തതകളെ മാനിക്കുന്നതാണെന്നും വാദിച്ചു. റിലീസിന് ശേഷം നിരവധി സംവാദങ്ങളും വിമർശനങ്ങളും ഉണ്ടായിട്ടും ഉയർന്ന കളക്ഷൻ നേടിയ ചിത്രമായിതന്നെ ‘അവതാർ’ തുടർന്നു.
അവതാര ശിൽപി
1984ലെ ‘ടെർമിനേറ്റർ’ എന്ന ചിത്രത്തിൽ നിന്നാണ് ജയിംസ് കാമറൂൺ എന്ന പേര് സിനിമാചരിത്രത്തിൽ എഴുതി ചേർക്കപ്പെട്ടത്. തുടര്‍ന്ന് ‘ഏലിയൻസ്’, ‘ടെർമിനേറ്റർ 2’, ‘ദി ആബിസ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ കാമറൂൺ ഒരു വേൾഡ് ബ്രാൻഡായി മാറുകയായിരുന്നു.
ഭാവനയുടെ മറ്റൊരു തലത്തിൽ പ്രേഷകരെ എത്തിക്കാൻ തുടക്കം മുതലേ കാമറൂണിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ ചിത്രത്തിന് കയറുമ്പോൾ തന്നെ പ്രേഷകർ അസാധാരണ കാഴ്ചകളെ കാണാൻ തയാറെടുത്തു.
1997ൽ ഇറങ്ങിയ എല്ലാക്കാലത്തെയും ക്ലാസിക് പ്രണയകഥയായ ‘ടൈറ്റാനിക്ക്’ ഓസ്കാർ വേദിയിൽ താരമായി മാറിയിരുന്നു. 11 ഓസ്കാർ ആണ് ഈ കാമറൂണ്‍ ചിത്രം സ്വന്തമാക്കിയത്. അതു വരെയുണ്ടായിരുന്ന എല്ലാ കളക്ഷൻ റെക്കോർഡുകളും ടൈറ്റാനിക്കിനു മുന്നിൽ കീഴടങ്ങി. 12 വർഷത്തിനു ശേഷം ‘അവതാർ’ തന്നെ വേണ്ടി വന്നു ആ റെക്കോർഡ് മറികടക്കാൻ.