ദളപതി വിജയുടെ 65ാം സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ദളപതി 65 എന്ന പേരിൽ അറിയപ്പെട്ടിരുന്ന സിനിമയുടെ പേരും നിർമാതാക്കളായ സൺ പിക്ചേഴ്സ് വെളിപ്പെടുത്തി.
നെൽസൺ ദിലീപ്കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ബീസ്റ്റ് എന്നാണ് പേര്. ഒരു ടെലിസ്കോപ്പിക് ഷോട്ട്ഗൺ പിടിച്ചു നിൽക്കുന്ന വിജയന്റെ കഥാപാത്രത്തെയാണ് പോസ്റ്ററിൽ കാണിക്കുന്നത്.
വിജയുടെ ജന്മദിനത്തിന്റെ തലേദിവസമാണ് ബീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത്. ജൂൺ 22 നാണ് താരത്തിന്റെ 47ാം ജന്മദിനം.
കൊറോണ വൈറസിന്റെ രണ്ടാം തരംഗം രാജ്യത്തെ വീണ്ടും സ്തംഭിപ്പിക്കുന്നതിനുമുമ്പ് ഈ വർഷം മാർച്ചിലാണ് വിജയ്‌യുടെ കരിയറിലെ 65-ാമത്തെ ചിത്രത്തിന് തുടക്കം കുറിച്ചത്. ചിത്രീകരണത്തിന്റെ ഭാഗമായി ഏപ്രിലിൽ വിജയും നെൽസണും ജോർജിയയിലേക്ക് തിരിച്ചിരുന്നു. ജോർജിയയിൽ ഷൂട്ടിംഗ് ആരംഭിക്കുകയും ചെയ്തു. ആദ്യ ഷൂട്ടിംഗ് ഷെഡ്യൂളിൽ വിജയ്‌യുടെ ഇൻട്രോ രംഗവും ഒരു ആക്ഷൻ രംഗവും സംവിധായകൻ ചിത്രീകരിച്ചതായാണ് റിപ്പോർട്ട്.
Read More: ഏട്ടനാണ്, അച്ഛനും; മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിയുടെ ‘ബ്രോ-ഡാഡി’
ജോർജിയയിൽ നടന്ന ഷൂട്ടിംഗ് 20 ദിവസത്തോളം നീണ്ടുനിന്നു. തുടർന്ന് അഭിനേതാക്കളും അണിയറപ്രവർത്തകരും ഇന്ത്യയിലേക്ക് മടങ്ങി.
വർദ്ധിച്ചുവരുന്ന കോവിഡ് -19 കേസുകളെ നേരിടാൻ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കാരണം പിന്നീട് ചിത്രീകരണം തുടരാനായില്ല. പൊങ്കൽ ഉത്സവകാലത്ത് ചിത്രം തിയേറ്ററുകളിലെത്തിക്കാനായിരുന്നു നിർമാതാക്കൾ ലക്ഷ്യമിട്ടത്. എന്നാൽ കോവിഡ് നിയന്ത്രണങ്ങളെത്തുടർന്ന് ചിത്രീകരണം വൈകുന്നത് സിനിമ പുറത്തിറങ്ങുന്നതിനെ ബാധിക്കും.
പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിൽ നായികയായി അഭിനയിക്കുന്നത്. ഒൻപത് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പൂജ ഹെഗ്ഡെ തമിഴ് സിനിമയിലേക്ക് തിരിച്ചെത്തുന്നത്. 2012 ൽ പുറത്തിറങ്ങിയ മിഷ്കിൻ ചിത്പം മുഗമ്മൂടിയാണ് പൂജയുടെ ആദ്യ ചിത്രം. അതിനുശേഷം തമിഴ് സിനിമകളിൽ പൂജ സജീവമായിരുന്നില്ല.
സൺ പിക്ചേഴ്സിനൊപ്പമുള്ള വിജയുടെ നാലാമത്തെ ചിത്രമാണ് ബീസ്റ്റ്. വേട്ടൈക്കാരൻ, സുറ, സർക്കാർ എന്നിവയാണ് സൺ പിക്ചേഴ്സ് നിർമിച്ച മറ്റ് വിജയ് ചിത്രങ്ങൾ.