Beast in Tamilrockers: ബുധനാഴ്ചയാണ് വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രമായ ബീസ്റ്റ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനത്തിൽ ലോകമെമ്പാടുമായി ആറായിരത്തോളം സ്ക്രീനുകളിലാണ് ബീസ്റ്റ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകൾക്ക് അകത്തു തന്നെ ബീസ്റ്റിന്റെ വ്യാജ പതിപ്പ് ഓൺലൈനുകളിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളിലാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നത്.
പൂജ ഹെഗ്ഡെയാണ് ചിത്രത്തിൽ വിജയിന്റെ നായികയായി എത്തുന്നത്. മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ബീസ്റ്റിൽ അഭിനയിച്ചിട്ടുണ്ട്. സംവിധായകൻ നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത ബീസ്റ്റ് നിർമ്മിച്ചിരിക്കുന്നത് സൺ പിക്ച്ചേഴ്സാണ്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.