സിനിമയുടെ ചാകരക്കാലമാണ് ഓണം. നീണ്ട അവധിയും ഓണത്തിന് കുടുംബവുമായി സിനിമ കാണല്‍ എന്നോരാചാരവുമൊക്കെയുള്ള മലയാളി മദ്ധ്യവര്‍ഗം നിര്‍ബന്ധമായും തിയേറ്ററുകളില്‍ എത്തുന്ന കാലം. അത് കൊണ്ട് ഓണം റിലീസ് മലയാളിക്കും സിനിമയ്ക്കും പ്രധാനപെട്ടതാകുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങളായി സിനിമാ രംഗം നേരിടുന്ന പല വിധ പ്രതിസന്ധികള്‍ കാരണം തിയേറ്ററില്‍ നിന്നും അകന്നു പോയ പ്രേക്ഷകനെ അടുപ്പിക്കാനാകുമോ ഈ ഓണക്കാലത്തിന്? മാറ്റുരയ്ക്കാനെത്തുന്ന താര ചിത്രങ്ങള്‍ ഇവയൊക്കെയാണ്.

പുള്ളിക്കാരന്‍ സ്റ്റാറാ

മമ്മൂട്ടി രാജകുമാരന്‍ എന്ന അദ്ധ്യാപകനായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ശ്യാംധര്‍. കുടുംബ പ്രേക്ഷരെ ലക്ഷ്യമിട്ട് ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ രതീഷ്‌ രവി. ആശാ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാര്‍. അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ്‌, ഹരീഷ് കണാരന്‍ തുടങ്ങിവരും അഭിനയിക്കുന്നു. നിര്‍മ്മാണം ബി രാകേഷ്.

വെളിപാടിന്‍റെ പുസ്തകം 

പ്രൊഫസര്‍ ഇടികുള എന്ന കോളേജ് അദ്ധ്യാപകനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ലാല്‍ ജോസ്. കേരളം കാത്തിരുന്ന ഈ കൂട്ട് കെട്ടില്‍ ഉരുവാകുന്ന ചിത്രത്തിന്‍റെ തിരക്കഥ ബെന്നി പി നായരമ്പലം. അന്നാ രാജനാണ് നായിക. അനൂപ്‌ മേനോന്‍, സിദ്ദിക്ക്, സലിം കുമാര്‍, പ്രിയങ്കാ നായര്‍, കലാഭവന്‍ ഷാജോണ്‍ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നിര്‍മ്മാണം ആന്റണി പെരുമ്പാവൂര്‍.

ആദം ജോണ്‍ 

ആദം ജോണ്‍ എന്ന പ്ലാന്ററുടെ വേഷമാണ് പ്രിഥ്വിരാജിന് ചിത്രത്തില്‍. തിരക്കഥയും സംവിധാനവും ജിനു എബ്രഹാം. ത്രില്ലെര്‍ സ്വഭാവമുള്ള ചിത്രത്തിലെ നായികമാര്‍ മിഷ്ടി ചക്രവര്‍ത്തി, ഭാവന എന്നിവര്‍. നരേന്‍, രാഹുല്‍ മാധവ്, സിദ്ധാര്‍ത് ശിവ, മണിയന്‍പിള്ള രാജു, ലെന എന്നിവര്‍ ഉള്‍പ്പെടുന്ന താരനിരയുണ്ട് ചിത്രത്തില്‍. നിര്‍മ്മാണം ബ്രിജേഷ് ജോസ് സൈമണ്‍.

പറവ 

ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിക്കുന്ന പറവ മുനീര്‍ അലിയോടൊപ്പം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത് സൗബിന്‍ ഷാഹിര്‍. കൊച്ചിയിലെ പറവകളിയെ ആസ്പദമാക്കിയുള്ള ചിത്രത്തിലെ നായികമാര്‍ സൃന്റ, അനഘ എന്നിവരാണ്. ഷൈന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന പറവയില്‍ സിനില്‍ സൈനുദീന്‍, അര്‍ജുന്‍ അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നിര്‍മ്മാണം അന്‍വര്‍ റഷീദ്.

ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള

കുര്യന്‍ ചാക്കോ എന്ന കഥാപാത്രവുമായി നിവിന്‍ പോളി എത്തുന്ന ചിത്രം. ജോര്‍ജ് കോരയോടൊപ്പം തിരക്കഥ എഴുതി അല്‍താഫ് സലിം സംവിധാനം ചെയ്യുന്ന പ്രണയ ചിത്രം. അഹാന കൃഷ്ണകുമാര്‍, ഐശ്വര്യാ ലക്ഷ്മി എന്നിവര്‍ നായികമാര്‍. സൃന്റ, ലാല്‍, സിജു വിത്സണ്‍, കൃഷ്ണ ശങ്കര്‍, ശാന്തി കൃഷ്ണ എന്നിവരാണ് മറ്റു വേഷങ്ങളില്‍. നിര്‍മ്മാണം നിവിന്‍ പോളി.

ലവ കുശ

ബിജു മേനോന്‍ – അജു വര്‍ഗീസ് – നീരജ് മാധവ് എന്നിവരുടെ കൂട്ട് കെട്ടില്‍ ഒരുങ്ങുന്ന ഹാസ്യ പ്രധാനമായ ചിത്രം. നീരജ് മാധവിന്റെ തിരക്കഥയില്‍ ഗിരീഷ്‌ മനോ സംവിധാനം ചെയ്യുന്നു. ദീപ്തി സതിയാണ് നായിക. ബാല, മണിയന്‍പിള്ള രാജു, ഹരീഷ് കണാരന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. നിര്‍മ്മാണം ജൈസണ്‍ ഇളംകുളം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ