സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സ് 2022ല്‍ മികച്ച സംവിധായകനായി ബേസിൽ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ‘മിന്നൽ മുരളി’ എന്ന ചിത്രത്തിനാണ് പുരസ്കാരം. 16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും പുരസ്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ടത്. സിംഗപ്പൂരിലായിരുന്നു പുരസ്കാരചടങ്ങ് നടന്നത്.
“സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ് 2022-ൽ 16 രാജ്യങ്ങളിൽ നിന്നുള്ള മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ അതിയായ സന്തോഷവും അഭിമാനവും. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ എന്നത്തേക്കാളും അഭിമാനം തോന്നുന്നു. ഈ അംഗീകാരം ആഗോളതലത്തിലേക്ക് നമ്മെ ഒരു പടി കൂടി അടുപ്പിച്ചുവെന്ന് എനിക്ക് ബോധ്യമുണ്ട്. ഞങ്ങളുടെ നിർമ്മാതാക്കൾ, നെറ്റ്ഫ്ലിക്സ്, അഭിനേതാക്കൾ, എഴുത്തുകാർ, ഛായാഗ്രാഹകർ, കൂടാതെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും ഹൃദയംഗമമായ ഒരു ആലിംഗനം ഇതാ- എന്നിൽ വിശ്വസിച്ചതിന് നന്ദി. നിങ്ങളില്ലാതെ ഈ സൂപ്പർഹീറോ ഉയർന്നുവരുമായിരുന്നില്ല!,” ബേസിൽ കുറിച്ചു.
ടൊവിനോ തോമസ്, ദർശന രാജേന്ദ്രൻ, സിജു വിത്സൺ, ഗണപതി, സിദ്ധാർത്ഥ് ഭരതൻ, സൗബിൻ, ഐമ റോസ്മി, അന്ന ബെൻ, ദീപക് പറമ്പോൽ, എസ്തർ അനിൽ തുടങ്ങി നിരവധി പേരാണ് ബേസിലിനെ അഭിനന്ദിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
ഒരേ സമയം അഭിനയത്തിലും സംവിധാനത്തിലും തിളങ്ങുന്ന ബേസിലിനെ അനുമോദിച്ചുകൊണ്ട് ആരാധകരും രംഗത്തുണ്ട്. സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോൾ തന്നെ അഭിനയിച്ച ചിത്രങ്ങളിലൂടെ നായകനെന്ന നിലയിലും ബേസിൽ ശ്രദ്ധ കവരുകയാണ്. ബേസിൽ നായകനായ ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.