സോഷ്യൽ മീഡിയയിൽ വളരെയധികം സജീവമാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ്. തന്റെ ഒരു ഫാൻ ബോയ് മൊമന്റ് ആരാധകരുമായി പങ്കുവയ്ക്കുകയാണ് താരം. സംഗീജ്ഞൻ എ ആർ റഹ്മാനും സംവിധായകൻ മണിരത്നത്തിനുമൊപ്പമുള്ള ചിത്രമാണ് ബേസിൽ ഷെയർ ചെയ്തത്.
“എന്നെ ഒരുപാട് പ്രചോദിപ്പിച്ച പ്രതിഭകളാണിവർ. അങ്ങനെ ഇന്നെനിക്കൊരു ഫാൻ ബോയ് മൊമന്റുണ്ടായി” ചിത്രം പങ്കുവച്ച് ബേസിൽ കുറിച്ചു. രത്നത്തിന്റെയും സ്വർണത്തിന്റെയും ഇടയിൽ ഒരു മിന്നൽ തിളക്കം, എ മില്യൺ ഡോളർ ക്ലിക്ക്, മൂന്ന് പ്രതിഭകൾ തുടങ്ങിയ കമന്റുകളാണ് പോസ്റ്റിനു താഴെ നിറയുന്നത്.
‘മിന്നൽ മുരളി’ എന്ന ബേസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മികച്ച പ്രതികരണങ്ങളാണ് നേടിയത്. ആ ചിത്രത്തിനു ശേഷം ബേസിൽ എന്ന സംവിധായകൻ അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുരസ്കാരവും ബേസിൽ സ്വന്തമാക്കി.
മുഹഷിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘കഠിന കഠോരമീ അണ്ഡകടാഹ’മാണ് ബേസിലിന്റെ ഏറ്റവും പുതിയ ചിത്രം. ഈദ് ദിവസം ചിത്രം തിയേറ്ററുകളിലെത്തും.