ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ടിലെ “മിന്നൽ മുരളി” എന്ന സിനിമ ഡിസംബറിൽ പുറത്തിറങ്ങാനിരിക്കുകയാണ്. സിനിമയ്ക്ക് പുറത്ത് ജീവിതത്തിലും അടിപൊളിയാണ് ടൊവിനോ തോമസ്-ബേസിൽ ജോസഫ് കൂട്ടുകെട്ട്.
സോഷ്യൽ മീഡിയിയിലും ഇവർ തമ്മിലുള്ള സൗഹൃദം പ്രകടമാണ്. ഇപ്പോൾ ബേസിലിന്റെ ഒരു രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. മിന്നൽ മുരളിയിലെ “തീമിന്നൽ” പാട്ട് ബേസിൽ പാടുന്നതിന്റെ വീഡിയോ ആണ് ഇത്.
ബേസിൽ കുറേ ആക്ഷനുകളോട് കൂടി ഈ പാട്ടു പാടുകയും വീട്ടിൽ നിന്ന് കോണിപ്പടികളിറങ്ങി ഓടിപ്പോകുന്നതുമെല്ലാമാണ് വീഡിയോയിൽ ഉള്ളത്. രസകരമായ ഒരു കാപ്ഷനും ഈ വീഡിയോക്ക് ടൊവിനോ നൽകിയിരിക്കുന്നു.
“ആക്ഷൻ സോങ്, ചെസ്റ്റ് നമ്പർ -16, ബേസിൽ ജോസഫ് ക്ലാസ് 7ബി” എന്നാണ് ടൊവിനോ കാപ്ഷൻ നൽകിയിരിക്കുന്നത്. “നിങ്ങളുടെ പ്രതികരണം അനുസരിച്ച് ഈ സീരീസിൽ പുതിയ വീഡിയോ റിലീസ് ചെയ്യാം,” എന്നും കാപ്ഷനിൽ ടൊവിനോ കുറിച്ചു.
ഗോദ’ക്ക് ശേഷം ബേസിൽ ജോസഫും ടൊവിനോ തോമസും കൈകോർക്കുന്ന ചിത്രമാണ് ‘മിന്നൽ മുരളി’. ടൊവിനോ തോമസ് സൂപ്പർഹീറോ ആകുന്ന ചിത്രത്തിന്റെ നിർമാണം ‘ബാംഗ്ലൂർ ഡേയ്സ്’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’, ‘പടയോട്ടം’ എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലാണ് ചിത്രം ഒരുങ്ങുന്നത്. ഡിസംബർ 24നാണ് ‘മിന്നൽ മുരളി’ റിലീസിനെത്തുന്നത്.നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ റിലീസ്.
മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ മൂവി എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രത്തിന്റെ ക്യാമറ സമീർ താഹിറും സംഗീത സംവിധാനം ഷാൻ റഹ്മാനും നിർവഹിക്കുന്നു. ജസ്റ്റിൻ മാത്യു, അരുൺ അരവിന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ചിത്രത്തിലെ രണ്ടു സംഘട്ടന രംഗങ്ങൾ സംവിധാനം ചെയ്യുന്നത് ‘ബാറ്റ്മാൻ’, ‘ബാഹുബലി’, ‘സുൽത്താൻ’ തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ച വ്ലാഡ് റിംബർഗാണ്. വി എഫ് എക്സിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ വി എഫ് എക്സ് സൂപ്പർവൈസ് ചെയ്യുന്നത് ആൻഡ്രൂ ഡിക്രൂസാണ്.
‘ജിഗർത്തണ്ട’, ‘ജോക്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരവും ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Also Read: നിനക്കെന്നെ വച്ചൊരു പാട്ടെഴുതി കൂടേ?; ബേസിലിനോട് ടൊവിനോ