ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാർത്ത അറിയിച്ചത്. ‘ഹോപ് എലിസബത്ത് ജോസഫ്’ എന്നാണ് മകളുടെ പേര്.
“ഞങ്ങളുടെ കുഞ്ഞു മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു. അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല”ബേസിൽ കുറിച്ചതിങ്ങനെ. കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവച്ചിരുന്നു.
കുഞ്ഞ് പിറക്കുന്നതിനു മുൻപ് എലിസബത്തിനൊപ്പം പകർത്തിയ ചിത്രങ്ങളാണ് ബേസിലിപ്പോൾ ഷെയർ ചെയ്‌തിരിക്കുന്നത്. വളരെ ക്രിയേറ്റീവായ ചിത്രങ്ങളെന്നാണ് ആരാധകരുടെ കമന്റ്. ‘ഹോപ്പ് വരുന്നതിനു ഒരാഴ്ച മുൻപ്’ എന്നാണ് ബേസിൽ നൽകിയ അടികുറിപ്പ്.
ദുൽഖർ സൽമാൻ, നസ്രിയ ഫദഹ്, കല്യാണി പ്രിയദർശൻ, ടൊവിനോ തോമസ്, ഐശ്വര്യലക്ഷ്മി, വിനീത് ശ്രീനിവാസൻ, ആന്റണി വർഗീസ്, സിതാര കൃഷ്ണകുമാർ, രജിഷ വിജയൻ, അർജുൻ അശോകൻ, അന്ന ബെൻ, ഐമ റോസ്മി, നീരജ് മാധവ് എന്നിവർ ബേസിലിനു ആശംസകൾ അറിയിച്ചിരുന്നു.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.