മകളുടെ മാമോദീസ ചടങ്ങിന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടനും സംവിധായകനുമായ ബേസിൽ ജോസഫ്. ബേസിലിനെയും ഭാര്യ എലിസബത്തിനെയും കുഞ്ഞിനെയും ചിത്രത്തിൽ കാണാം. ഇളം നീല നിറത്തിലുള്ള തീമിലാണ് ആഘോഷങ്ങൾ ഒരുക്കിയത്. താരങ്ങളായ പേളി മാണി, ടൊവിനോ തോമസ്, അജു വർഗ്ഗീസ്, സൈജു കുറുപ്പ് എന്നിവർ ചിത്രത്തിനു താഴെ ആശംസ അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും പെൺകുഞ്ഞ് പിറന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ആരാധകരെ സന്തോഷ വാർത്ത അറിയിച്ചത്. ‘ഹോപ് എലിസബത്ത് ബേസിൽ’ എന്നാണ് മകളുടെ പേര്.

“ഞങ്ങളുടെ കുഞ്ഞു മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു. അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല”ബേസിൽ കുറിച്ചതിങ്ങനെ. കുഞ്ഞിനും ഭാര്യ എലിസബത്തിനുമൊപ്പമുള്ള ചിത്രവും ബേസിൽ പങ്കുവച്ചിരുന്നു.

മകൾക്കു ഹോപ്പ് എന്നു പേര് നൽകാനുള്ള കാരണവും ബേസിൽ വ്യക്തമാക്കിയിരുന്നു. താരത്തിന്റെ ഭാര്യ എലിസബത്ത് ആണ് പേര് നൽകിയതെന്ന് ബേസിൽ പറയുന്നു. “ഒരു സീരീസ് കാണുന്നതിനിടയിലാണ് എലിസബത്തിന് ഹോപ്പ് എന്ന പേര് സ്ട്രൈക്ക് ചെയ്യുന്നത്. ആ സീരീസിൽ ഒരു പട്ടിക്കുട്ടി ജനിക്കുന്നുണ്ട്, അതിനു നൽകുന്ന പേരാണ് ഹോപ്പ് എന്നത്. വളരെ പ്രശ്നങ്ങൾക്കിടയിൽ അവർക്ക് പ്രതീക്ഷകൾ നൽകി ജനിക്കുന്ന കുഞ്ഞിനെ അവർ ഹോപ്പ് എന്ന് വിളിച്ചു” ബേസിലിന്റെ വാക്കുകളിങ്ങനെ.
2017 ലായിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. തിരുവനന്തപുരം എൻജിനീയറിങ് കോളേജില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മുഹഷിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘കഠിന കഠോരമീ അണ്ഡകടാഹം’ ആണ് ബേസിലിന്റെ അവസാനം റിലീസിനെത്തിയ ചിത്രം.