പ്രമുഖർ ഒന്നിച്ചുള്ള ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു ഫൊട്ടൊയാണിപ്പോൾ ആരാധകരുടെ ശ്രദ്ധ നേടുന്നത്.
സംവിധായകനും നടനുമായ ബേസിൽ ജോസഫ്, നടി മഞ്ജു വാര്യർ, ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്, സംവിധായകൻ വിപിൻ ദാസ് എന്നിവർ ഒന്നിച്ചുള്ള ചിത്രമാണ് വൈറലാകുന്നത്. ബേസിൽ ജോസഫ് തന്റെ പ്രൊഫൈലിലൂടെ പങ്കുവച്ച ചിത്രം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. വലുതെന്തോ വരാനിരിക്കുന്നു എന്നാണ് ചിത്രത്തിനു താഴെ നിറയുന്ന കമന്റുകൾ.
മഞ്ജു വാര്യർ ബോളിവുഡിലേക്ക് ചുവടുവയ്ക്കുന്നു എന്ന വാർത്ത കുറച്ചു നാളുകൾക്ക് മുൻപാണ് പുറത്തു വന്നത്. ആർ മാധവനൊപ്പം ‘അമേരിക്കി പണ്ഡിത്’ എന്ന ചിത്രത്തിലാകും മഞ്ജു അഭിനയിക്കുക. വിപിൻ ദാസിന്റെ സംവിധാനത്തിലൊരുങ്ങിയ ‘ജയജയജയജയഹേ’ ഹിറ്റ് ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ചർച്ചകളും നടന്നിരുന്നു. എന്തായാലും ഇവരെല്ലാം ഒന്നിച്ചുള്ള ചിത്രം അണിയറയിൽ ഒരുങ്ങുന്നുവോ എന്ന സംശയത്തിലാണ് സിനിമാസ്വാദകർ.
ചെന്നൈയിൽ നടക്കുന്ന മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ് സമ്മിറ്റിൽ പങ്കെടുക്കാനെത്തിയതാണ് താരങ്ങളെന്നാണ് വ്യക്തമാകുന്നത്. മലയാളി താരങ്ങളായ മഞ്ജു വാര്യർ, ബേസിൽ ജോസഫ്, അഹാന കൃഷ്ണ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് സമ്മിറ്റിൽ പങ്കെടുത്തത്.