ഒരേ സമയം അഭിനയത്തിലും സംവിധാനത്തിലും തിളങ്ങി നിൽക്കുന്ന താരമാണ് ബേസിൽ ജോസഫ്. സംവിധാനം ചെയ്ത ‘മിന്നൽ മുരളി’ ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോൾ തന്നെ അഭിനയിച്ച ചിത്രങ്ങളിലൂടെ നായകനെന്ന നിലയിലും ബേസിൽ ശ്രദ്ധ കവരുകയാണ്. ബേസിൽ നായകനായ ജാൻ എ മൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ തുടങ്ങിയ ചിത്രങ്ങളും തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു.
ക്രിസ്മസ് ദിനത്തിൽ കുടുംബവുമൊന്നിച്ച് നടത്തിയ ബോട്ട്യാത്രയുടെ ചിത്രങ്ങൾ ബേസിൽ ഇൻസ്റ്റഗ്രാം പ്രൊഫൈലിൽ പങ്കുവച്ചിട്ടുണ്ട്.
ഈ ചിത്രങ്ങൾക്കു താഴെ വന്ന ഒരു കമന്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. “3000 രൂപ തരാം ഈ അക്കൗണ്ട് വിൽക്കുന്നുണ്ടോ” എന്നായിരുന്നു കമന്റ്. ഇൻവെസ്റ്റ്മെന്റ് ബൈ ലിസ എന്ന അക്കൗണ്ടിൽ നിന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. “നിങ്ങളുടെ ഓഫറിനു നന്ദി പക്ഷെ ഞാൻ ഇതു വിൽക്കുന്നില്ല” എന്ന് ബേസിൽ ഇതിനു മറുപടിയും നൽകി.

ഇതിനു പിന്നാലെ കമന്റുമായി ആരാധകരും ചിത്രത്തിനു താഴെ നിറഞ്ഞു. “3000 നല്ല ഓഫറായിരുന്നു”, “നിങ്ങൾക്കു വേണമെങ്കിൽ എന്റെ അക്കൗണ്ട് എടുത്തോളൂ 1500 തന്നാൽ മതി” അങ്ങനെ നീളുന്നു രസകരമായ കമന്റുകൾ.1.4 മില്യൺ ഫോളോവേഴ്സാണ് ബേസിലിനു ഇൻസ്റ്റഗ്രാമിലുള്ളത്.
ബേസിലിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘മിന്നൽ മുരളി’ പുറത്തിറങ്ങിയിട്ട് ഡിസംബർ 24 ാം തീയതി ഒരു വർഷമായി. സംവിധാനത്തിനു ഇടവേള കൊടുത്ത് അഭിനയത്തിലാണ് താരം ശ്രദ്ധ കേന്ദ്രകരിച്ചിരിക്കുന്നത്. ‘കഠിന കഠോരമീ അണ്ഡകടാഹം’, ‘എങ്കിലും ചന്ദ്രികേ’ എന്നിവയാണ് ബേസിലിന്റെ പുതിയ ചിത്രം.