scorecardresearch
Latest News

ടീച്ചര്‍ ഞാനാണെങ്കിലും ബേസിലാണ് യഥാര്‍ത്ഥ സാര്‍: പാര്‍വ്വതി

സ്റ്റേജ് ഷോകളിലോ ആരുടെയെങ്കിലും മുന്നിലോ എന്തെങ്കിലും ചെയ്യാന്‍ പേടിച്ചിരുന്ന ഞാന്‍ നാടകത്തിലൂടെയാണ് സദസ്സിനെ അഭിമുഖീകരിക്കാനും അഭിനയിക്കാനും പഠിച്ചത്. എന്നെ മറന്ന് കഥാപാത്രങ്ങളാകുവാനുളള പരിശീലനം ലഭിച്ചത് അങ്ങനെയാണ്

parvathy, godha, malayalam film,

ഒരു കൂട്ടം ഗുസ്തിക്കാരുമായി ശക്തി തെളിയിക്കാന്‍ ഗോദ തിയേറ്ററുകളില്‍ എത്തിയിരിക്കുകയാണ്. കുഞ്ഞിരാമായണത്തിനു ശേഷം സംവിധായകന്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോദ. കാപ്റ്റനായെത്തുന്ന രഞ്ജി പണിക്കരും കൂട്ടരും ഗോദയിലേക്കിറങ്ങുമ്പോള്‍ നടിയും ആക്ടിവിസ്റ്റുമായ പാര്‍വ്വതിക്കും ഇത് മറക്കാനാവാത്ത അനുഭവമാണ്. ഇതിനോടകം അന്‍പതിലധികം ചിത്രങ്ങളില്‍ വേഷമിട്ട പാര്‍വ്വതി ആദ്യമായാണ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകനായ ടൊവിനോയ്ക്കും രഞ്ജി പണിക്കര്‍ക്കുമൊപ്പം നല്ല ഒരു ചിത്രത്തിന്‍റെ   ഭാഗമായതിന്‍റെ സന്തോഷത്തിലാണ് പാര്‍വ്വതി. ഗോദയുടെ അനുഭവങ്ങള്‍ ഐഇ മലയാളവുമായി പങ്കുവയ്ക്കുകയാണ് പാര്‍വ്വതി.

മറക്കാനാവാത്ത അനുഭവം

ഗോദയിലേത് ഒരിക്കലും മറക്കാനാവാത്ത അനുഭവമാണ്. വളരെ ആസ്വദിച്ച് ഒരു നല്ല ചിത്രം ചെയ്തതിന്‍റെ സന്തോഷത്തിലാണ് ഞങ്ങളെല്ലാവരും. അതിന് കൈയ്യടി കൊടുക്കേണ്ടത് സംവിധായകന്‍ ബേസില്‍ ജോസഫിനാണ്. ഓരോ സീന്‍ എടുക്കുമ്പോഴും അതിന്‍റെ മൂഡിനനുസരിച്ചുളള പാട്ട് ഇട്ടു തരും. അത് നമ്മളെ ശരിക്കും ആ രംഗത്തിലേക്ക് കൊണ്ടുപോകും. മിക്കവാറും നല്ല ബീറ്റുളള പാട്ടുകളായിരിക്കും. അതു കേള്‍ക്കുമ്പോള്‍ നമുക്ക് എവിടെ നിന്നെങ്കിലും എനര്‍ജിയും സന്തോഷവും വരും. എല്ലാം കൂടി നല്ല ഓളമായിരുന്നു സെറ്റില്‍.

ഷൂട്ടിങ്ങ് സെറ്റില്‍ ശരിക്കും ഒരു വീട് പോലെ തന്നെയായിരുന്നു. അച്ഛനും മകനും അമ്മയും തന്നെയായിരുന്നു ഞങ്ങള്‍. അത്രയും ദിവസം കഥാപാത്രങ്ങളായി തന്നെ ജീവിക്കുകയായിരുന്നു എന്നു വേണമെങ്കില്‍ പറയാം. നൂറു ശതമാനം ആത്മാര്‍ഥതയോടെയാണ് എല്ലാവരും ചിത്രത്തില്‍ തങ്ങളുടെ ജോലി ചെയ്തിരിക്കുന്നത്. ഈ സിനിമ നന്നായി ചെയ്യണം, വിജയിക്കണം എന്ന ആഗ്രഹത്തോടെയാണ് സിനിമ ഉണ്ടായത്. അതിന്‍റെ പ്രതിഫലനം ചിത്രത്തിലുമുണ്ടാകും.

സ്‌നേഹത്തിന്‍റെ ഗോദ
സ്‌നേഹത്തിന്‍റെ സെറ്റാണ് ഗോദയെന്നാണ് എനിക്ക് തോന്നിയത്. എല്ലാവരും തമ്മില്‍ അത്ര പിന്തുണയും സ്‌നേഹവും ബഹുമാനവും ആത്മാര്‍ഥതയും കൊണ്ട് നിറഞ്ഞതായിരുന്നു അവിടം. എല്ലാവരും ഒരുപോലെ. വലിയവരും ചെറിയവരുമായി ആരുമില്ല അവിടെ. അഭിനേതാക്കള്‍ക്കു മാത്രമല്ല, അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ടെക്‌നീഷ്യന്‍സിന്‍റെയും ആത്മാര്‍ഥതയാണ് ഈ ചിത്രത്തെ മികച്ചതാക്കുന്നത്. മണ്ണിലും പൊടിയിലും ഗുസ്തി സീനൊക്കെ ഒരു കട്ട് പോലും ഇല്ലാതെ മനോഹരമായി ചിത്രീകരിച്ച ക്യാമറാമാന്‍ വിഷ്ണു ശര്‍മയെ അഭിനന്ദിക്കാതിരിക്കാനാവില്ല.

കഴിഞ്ഞ വര്‍ഷമാണ് ഗോദ ചിത്രീകരിച്ചത്. അമല്‍ നീരദിന്‍റെ സിഐഎയും കഴിഞ്ഞ വര്‍ഷം ചിത്രീകരിച്ച് റിലീസ് ചെയ്തത് ഈ വര്‍ഷമായിരുന്നു. ഈ മേയ് മാസം സിഐഎയും ഗോദയും വലിയ പ്രതീക്ഷ നല്‍കി. എന്‍റെ ജന്മദിനവും ഈ മാസമായിരുന്നു. ഇത്തവണത്തെ ജന്മദിനം അതുകൊണ്ട് ഇരട്ടി മധുരമാണ്.

സ്‌നേഹവും ബഹുമാനവും തന്ന് മനസ്സു നിറച്ച സംവിധായകരാണ് അമലും ബേസിലുമെല്ലാം. അതേ സ്‌നേഹം അവരുടെ സിനിമകളിലും ജനങ്ങള്‍ നല്‍കി.

കര്‍ക്കശക്കാരി ടീച്ചറമ്മ

രഞ്ജി പണിക്കരുടെ ഭാര്യയുടെ വേഷമാണ് എനിക്ക്. ഗുസ്തി പഠിപ്പിക്കുന്ന അദ്ദേഹത്തിന്‍റെ കഥാപാത്രവും ടൊവിനോ തോമസ് അവതരിപ്പിക്കുന്ന മകന്‍റെ കഥാപാത്രവും പലപ്പോഴും തമ്മില്‍ ഉണ്ടാകുന്ന ചില സംഭാഷണങ്ങളില്‍ ഇടയില്‍ നിന്നു ഇടപെടുന്നത് അമ്മയാണ്. ഗോദയില്‍ പൊടി പാറിച്ച് എതിരാളികളെ മലര്‍ത്തിയടിക്കുന്ന അച്ഛനും മകനും വീട്ടിലെ അമ്മയ്ക്കു മുന്നില്‍ ഒരല്പം ഭയത്തോടെയാണ് നില്‍ക്കുക. അത്രയ്ക്ക് കര്‍ക്കശക്കാരിയാണ് അമ്മ.

അധ്യാപിക കൂടിയായ ഇവര്‍ ഒരു സാധാരണ കുടുംബത്തിലെ അമ്മമാരുടെ പോലെതന്നെയാണ്. ഇവരുടെ വീട്ടിലേക്ക് ഒരു ദിവസം ഉത്തരേന്ത്യക്കാരിയായ ഒരു പെണ്‍കുട്ടി കടന്നുവരുന്നതും അതേത്തുടര്‍ന്നുണ്ടാകുന്ന ചില രസകരമായ കഥാമുഹൂര്‍ത്തങ്ങളുമാണ് ചിത്രത്തില്‍.

കൂടെ നിന്ന സഹപ്രവര്‍ത്തകന്‍

ഇത്രയധികം സിനിമകള്‍ ചെയ്ത ആളാണെന്നോ അനുഭവമുളള ആളാണെന്നോ ഉളള ഒരു ഭാവവും രണ്‍ജി പണിക്കര്‍ക്കില്ല. ഒരുപാട് പിന്തുണ അദ്ദേഹം നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്‍റെ  ഭാര്യയായി അഭിനയിക്കുന്നതിനാല്‍ കുറേ കോമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. ഓരോന്നും ചെയ്തു കഴിയുമ്പോള്‍ ചെയ്തത് ശരിയായില്ലെന്ന് തോന്നുന്നുണ്ടെങ്കില്‍ ഒന്നുകൂടി ചെയ്യാം എന്ന് പറയുമായിരുന്നു. വളരെ തുറന്ന് സംസാരിക്കുന്ന അദ്ദേഹം തന്ന പിന്തുണയാണ് കഥാപാത്രത്തെ നന്നാക്കാന്‍ സഹായിച്ചത്.

ടൊവിനൊ മകനെപോലെ

വളരെ വിനയമുളള വ്യക്തിത്വമാണ് ടൊവിനൊയുടേത്. എന്‍റെ മകനല്ലെന്ന് ഒരിക്കല്‍പോലും തോന്നിയില്ല. അത്രയും നന്നായി ഇടപെടുകയും പെരുമാറുകയും ചെയ്യുന്നയാളാണ് ടൊവിനോ. ഒരു സ്റ്റാര്‍ ആണെന്ന ഭാവമൊന്നും ടൊവിനോയുടെ സ്വഭാവത്തിലില്ല. കാരവനില്‍ പോലും ഇരുന്ന് കണ്ടിട്ടില്ല. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിങ്ങനെ ഓടി നടക്കുന്ന സ്വഭാവമാണ്.

ഒരു സീനില്‍ മൂന്ന് മിനുട്ട് നിര്‍ത്താതെ ഗുസ്തി എടുക്കുമ്പോഴും ടൊവിനോ ഒരു മടുപ്പും കൂടാതെ എത്ര റീടേക്ക് വരെയും പോകാന്‍ തയാറാണ്. അത്രയും കമ്മിറ്റഡ് ആണ് അവരെല്ലാം. ഇത്രയും കഠിനാധ്വാനമുളള ജോലി ചെയ്തിട്ടും ഒരിക്കലും തളര്‍ന്നുവെന്നോ മടുത്തെന്നോ പറഞ്ഞിട്ടില്ല. ഈ സിനിമ ടൊവിനോയെ മലയാള സിനിമയില്‍ വേറെ ഒരു നിലയിലെത്തിക്കും.

ബേസില്‍ ആണ് യഥാര്‍ഥ സാര്‍

ഷൂട്ടിങ് ഇത്രയും നല്ല അനുഭവമാക്കിയതും ഈ ചിത്രത്തിന്‍റെ മുഴുവന്‍ ക്രെഡിറ്റും ബേസിലിനുളളതാണ്. ഒരു കോളജില്‍ നടത്തുന്ന പരിപാടി പോലെയായിരുന്നു എല്ലാം. ചെറിയ പയ്യനാണെങ്കിലും നമ്മുടെ പ്രതീക്ഷകള്‍ക്ക് അപ്പുറത്താണ് ബേസില്‍. എന്ത് എവിടെ എപ്പോള്‍ വേണമെന്ന കൃത്യമായ ധാരണ ബേസിലിനുണ്ടായിരുന്നു. വിചാരിച്ച അത്ര പെര്‍ഫക്ഷന്‍ വന്നാലേ ഷോട്ട് ഓകെയാക്കൂ. അതിപ്പോ ആരാണെന്നു പറഞ്ഞാലും, നമ്മളേയും കൊണ്ടേ ബേസില്‍ പോകൂ… , (ചിരിക്കുന്നു). ചിത്രത്തില്‍ ടീച്ചര്‍ ഞാനാണെങ്കിലും യഥാര്‍ഥ ടീച്ചര്‍ ബേസിലാണ്!

മക്കളെ വേര്‍തിരിക്കാനാവില്ല

അടുത്തിടെ ഇറങ്ങിയ ടേക്ക് ഓഫ്, സിഐഎ, ഗോദ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളിലും ഞാന്‍ നായകന്മാരുടെ അമ്മയായിരുന്നു. എല്ലാ ചിത്രത്തിലും നല്ലതും വ്യത്യസ്തവുമായ കഥാപാത്രങ്ങളുമായിരുന്നു. കുഞ്ചാക്കോ ബോബന്‍, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്; ഇതില്‍ ഏത് മകനോടാണ് ഇഷ്ടം കൂടുതല്‍ എന്ന് ചോദിച്ചാല്‍ പറയാനാകില്ല. കാരണം, എനിക്ക് എന്‍റെ മക്കളെ വേര്‍തിരിച്ചു കാണാനാവില്ലല്ലോ..

എല്ലാ ചിത്രത്തിലെ അമ്മമാരും വ്യത്യസ്തരാണ്. ഗോദയിലെ അമ്മ വ്യത്യസ്തയാകുന്നത് തന്‍റെ സ്വഭാവം കൊണ്ടു തന്നെയാണ്. വിദ്യാര്‍ഥികളുടെ ഉത്തര കടലാസ് നോക്കുന്ന, ഭര്‍ത്താവിന്‍റെയും മക്കളുടെയും കാര്യം നോക്കുന്ന, വീട്ടുജോലിയും വീട്ടുകാര്യങ്ങളും ഭംഗിയായി ചെയ്യുന്ന അമ്മയാണ്. നല്ല കാര്യ വിവരവും ബുദ്ധിയുമുളള അമ്മയാണ്.

ഗോദ തന്ന സന്തോഷം

സിനിമയില്‍ വന്നിട്ട് ഇത്രയും കാലമായെങ്കിലും ദൈര്‍ഘ്യമേറിയ, പ്രാമുഖ്യമുളള ഒരു കഥാപാത്രം ഗോദയിലേതാണ്. വലിയ  നടിയാകണം എന്നൊന്നും ചിന്തിച്ചിട്ടില്ല. പക്ഷേ ഇത്രയും നല്ല ഒരു കഥാപാത്രത്തിലേക്ക് എന്നെ കാസ്റ്റ് ചെയ്തതില്‍ എനിക്ക് തന്നെ അത്ഭുതം തോന്നിയിട്ടുണ്ട്. ആദ്യമായാണ് എന്‍റെ ചിത്രം ഒരു പോസ്റ്ററില്‍ ഇങ്ങനെ വരുന്നത്. എന്‍റെതായ ലിമിറ്റേഷന്‍സ് വച്ച് അഭിനയിക്കുന്ന ആളാണ് ഞാന്‍. പക്ഷേ ഈ ചിത്രത്തില്‍ എനിക്ക് ചെയ്യാന്‍ നല്ലൊരു സ്‌പേസ് കിട്ടിയതുകൊണ്ട് കുറച്ചുകൂടി നന്നാക്കാന്‍ കഴിഞ്ഞുവെന്നാണ് തോന്നുന്നത്.

അഭിനയിക്കാന്‍ പഠിപ്പിച്ച അരങ്ങ്

സ്റ്റേജ് ഷോകളിലോ ആരുടെയെങ്കിലും മുന്നിലോ എന്തെങ്കിലും ചെയ്യാന്‍ പേടിച്ചിരുന്ന ഞാന്‍ നാടകത്തിലൂടെയാണ് സദസ്സിനെ അഭിമുഖീകരിക്കാനും അഭിനയിക്കാനും പഠിച്ചത്. ജ്യോതിഷ് എം.ജി. ചെയ്തിരുന്ന നാടകങ്ങളില്‍ വേഷമിട്ടു. എന്നെ മറന്ന് കഥാപാത്രങ്ങളാകുവാനുളള പരിശീലനം ലഭിച്ചത് അങ്ങനെയാണ്. നല്ല ട്രെയിനിങ് ലഭിച്ച ഒരു കൂട്ടം യുവതീ യുവാക്കളായിരിക്കും ഇനി മലയാള സിനമയില്‍.

കെ.ആര്‍.നാരായണന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫിലിം സ്റ്റഡീസില്‍ ഞാന്‍ പഠിപ്പിക്കുന്നുണ്ട്. അവിടുത്തെ കുട്ടികളെയും കൊണ്ടാണ് ഞാന്‍ ഗോദയുടെ ആദ്യ ഷോയ്ക്ക് പാലായില്‍ പോയത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Basi joseph godha movie actress parvathy interview