സിനിമാകുടുംബത്തിൽ നിന്നും അഭിനയരംഗത്തേക്ക് എത്തിയ നടിയാണ് ശോഭ മോഹൻ. അച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെ വഴിയെ സിനിമയിലെത്തിയ ശോഭയുടെ തുടക്കം 1965ൽ ‘തൊമ്മന്റെ മക്കൾ’ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ചുകൊണ്ടായിരുന്നു.
പിന്നീട് 1982ൽ ‘ബലൂൺ’ എന്ന ചിത്രത്തിലൂടെ നായികയായും ശോഭ അരങ്ങേറ്റം കുറിച്ചു. മുകേഷ് ആയിരുന്നു ചിത്രത്തിൽ ശോഭയുടെ നായകൻ. മുകേഷിന്റെ ആദ്യ നായിക എന്ന വിശേഷണവും ശോഭയ്ക്ക് സ്വന്തം. മുകേഷും ശോഭയും നായികാനായകന്മാരായി എത്തിയ ‘ബലൂണി’ൽ സെക്കന്റ് ഹീറോ മമ്മൂട്ടിയായിരുന്നു.
‘ബലൂൺ’ എന്ന സിനിമയിൽ നിന്നുള്ള ശോഭയുടെ ഒരു ചിത്രം വൈറലാവുകയാണ്. സിനിമയെ കുറിച്ചും അഭിനേതാക്കളെ കുറിച്ചുമൊക്കെ ഗൗരവകരമായ ചർച്ചകൾ നടക്കാറുള്ള മലയാളം മൂവി ആൻഡ് മ്യൂസിക് ഡാറ്റാബേസ് (m3db) എന്ന പബ്ലിക് ഗ്രൂപ്പിലാണ് ഈ ചിത്രം ശ്രദ്ധ നേടുന്നത്.
ശോഭയ്ക്ക് പിന്നാലെ സഹോദരൻ സായ് കുമാറും പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. നാടക കലാകാരനായ കെ.മോഹൻകുമാറിനെയാണ് ശോഭ വിവാഹം ചെയ്തിരിക്കുന്നത്. മുത്തച്ഛൻ കൊട്ടാരക്കര ശ്രീധരൻ നായരുടെയും അമ്മാവൻ സായ് കുമാറിന്റെയും അമ്മ ശോഭയുടെയും വഴി പിന്തുടർന്ന് മക്കളായ വിനു മോഹനും അനു മോഹനും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു. വിനു മോഹന്റെ ഭാര്യ വിദ്യയും അഭിനേത്രിയാണ്.
ലോഹിതദാസ് സംവിധാനം ചെയ്ത് 2007-ൽ പുറത്തിറങ്ങിയ നിവേദ്യം എന്ന ചലച്ചിത്രത്തിലൂടെയാണ് വിനു മോഹൻ അരങ്ങേറ്റം കുറിച്ചത്. ‘നിവേദ്യ’ത്തിന് ശേഷം വിനു മോഹൻ, ജോണി ആന്റണി സംവിധാനം ചെയ്ത ‘സൈക്കിൾ’ എന്ന ചിത്രത്തിൽ വിനീത് ശ്രീനിവാസനോടൊപ്പം നായകനായി വേഷമിട്ടു. 2009-ൽ മമ്മൂട്ടിയോടൊപ്പം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ഈ ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു. മോഹൻലാലിനൊപ്പം അടുത്തിടെയിറങ്ങിയ ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’ എന്ന ചിത്രത്തിലെ വേഷവും ശ്രദ്ധേയമായിരുന്നു.
ആൽബേർട്ട് ആന്റണിയുടെ സംവിധാനത്തിൽ 2005ൽ പുറത്തിറങ്ങിയ ‘കണ്ണേ മടങ്ങുക’ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു അനു മോഹന്റെ സിനിമ അരങ്ങേറ്റം. ചേട്ടൻ വിനു മോഹനൊപ്പം ‘ചട്ടമ്പിനാട്’ എന്ന ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയ അനു മോഹൻ, 2011ൽ പുറത്തിറങ്ങിയ ‘ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട്’ എന്ന ചിത്രത്തിലൂടെയാണ് നായക നടനായി രംഗപ്രവേശം ചെയ്തത്.